
ഇഷ്ടതാരത്തിന്റെ സിനിമ പുറത്ത് ഇറങ്ങുന്നതിനായി കാത്തിരിക്കുന്ന ആരാധകര്‍ ചിത്രത്തെ കുറിച്ചുള്ള ഓരോ വാര്‍ത്തയും എന്തിന് പുറത്ത് വരുന്ന ഫോട്ടോ പോലും ആഘോഷമാക്കുന്നത് പതിവാണ്. എന്നാല്‍ ഇത്തരത്തില്‍ ചിത്രങ്ങള്‍ പ്രചരിക്കുമ്പോള്‍ അത് സിനിമയെ ബാധിക്കുന്നതിനെ കുറിച്ച് അധികമാരും ചിന്തിക്കാറില്ല. ഏറ്റവും ഒടുവിലായി ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്മാന്. തന്റെ പുതിയ ചിത്രമായ കുറുപ്പിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ദുല്‍ഖര്‍ ആരാധകരോട് അപേക്ഷയുമായെത്തിയത്.
കുറിപ്പിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് താരം ആരാധകരോട് അപേക്ഷയുമായെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ തന്നെയായിരുന്നു ദുല്‍ഖറിന്റെ അപേക്ഷയും.
'കുറുപ്പിലൂടെ ഒരു കഥ പുനരവതരിപ്പിക്കുകയാണ്. പതിറ്റാണ്ടുകളായി മലയാളികളെ മോഹിപ്പിച്ച കഥ. ഈ കഥയ്ക്ക് ജീവന് നല്കാന് ഒരു ടീമായി തങ്ങള്‍ കഠിനാധ്വാനം ചെയ്യുകയാണ്. ചിത്രങ്ങള്‍ ലീക്ക് ചെയ്യുന്നത് തങ്ങളുടെ ആ ശ്രമത്തെ നശിപ്പിക്കുമെന്നും ദുല്‍ഖര്‍ പറഞ്ഞു. അതിനാല്‍ ഷൂട്ടിങ്ങിനിടെ ചിത്രങ്ങള്‍ എടുക്കുന്നതില്‍ നിന്നും ആരാധകര്‍ പിന്മാറണമെന്നും ഫാന്‍ പേജുകള്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്നും' ദുല്‍ഖര്‍ ആവശ്യപ്പെട്ടു.
പരസ്പരം ബഹുമാനിക്കാമെന്നും പുതുമയോടെ തന്നെ ചിത്രത്തെ പ്രേക്ഷകരിലെത്തിക്കാമെന്നും താരം കൂട്ടിച്ചേര്‍ത്തു. അതേസമയം ചിത്രീകരണത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുമെന്നും പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളാ പോലീസിന്റെ പിടികിട്ടാപുള്ളികളുടെ ലിസ്റ്റില്‍ ഇപ്പോഴുമുള്ള സുകുമാരക്കുറിപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറുപ്പ്.






