
സമീപമാലത്ത് പുറത്തിറങ്ങിയ മറ്റൊരുപാട്ടിനും സാധിക്കാത്ത തരത്തില്‍ വലിയ ഓളം സൃഷ്ടിച്ച പാട്ടാണ് 'റൗഡി ബേബി'. ധനുഷും സായി പല്ലവിയും അഭിനയിച്ച മാരി ടുവിലെ ഗാനം പുറത്തിറങ്ങിയ നിമിഷം തന്നെ വൈറലായിരുന്നു. ഹിറ്റ് ചാര്‍ട്ടില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് പാട്ട് വന്‍ വിജയമായി മാറിയിരുന്നു. ഇപ്പോഴിതാ റൗഡി ബേബിയെ തേടി മറ്റൊരു നേട്ടം കൂടി എത്തുകയാണ്.
2019ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മ്യൂസിക്കല്‍ വിഡിയോ എന്ന നേട്ടമാണ് റൗഡി ബേബി പാട്ടിന് സ്വന്തമായത്. യൂട്യൂബ് റിവൈന്‍ഡ് 2019 ന്റെ ഭാഗമായാണ് പട്ടിക പുറത്ത് വിട്ടത്. 71 കോടതിയിലധികം പേരാണ് വിഡിയോ യുട്യൂബില്‍ മാത്രമായി കണ്ടത്. ഇതുവരെ വിഡിയോ കണ്ടത് 716,524,015 പേരാണ്.
വിഡിയോയുടെ നേട്ടത്തെ കുറിച്ച് ധനുഷ് തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. 2015ല്‍ പുറത്തിറങ്ങിയ ധനുഷ് ചിത്രം മാരിയുടെ രണ്ടാം പതിപ്പാണ് മാരി 2. ചിത്രത്തില്‍ യുവന് ശങ്കര്‍ രാജ സംഗീതം ചെയ്ത ഗാനമാണ് റൗഡി ബേബി. പാടിയതാകട്ടെ ധനുഷും ദീയും ചേര്‍ന്ന്. ആദ്യ തവണ കാണുമ്പോള്‍ തന്നെ മനസിലേക്ക് കയറുന്ന ഈണവും ഇരുവരുടേയും തകര്‍പ്പന്‍ ഡാന്‍സുമാണ് പാട്ടിനെ ഹിറ്റാക്കി മാറ്റിയത്. പ്രഭുദേവയുടേതായിരുന്നു കൊറിയോഗ്രഫി.






