ചുമരില്‍ ഒട്ടിച്ചുവച്ച വാഴപ്പഴത്തിന് 85 ലക്ഷം രൂപ; വിറ്റത് മണിക്കൂറിനുള്ളില്‍, സംഭവം സത്യമാണ്!
ചുമരില്‍ ഒട്ടിച്ചുവച്ച വാഴപ്പഴത്തിന് 85 ലക്ഷം രൂപ; വിറ്റത് മണിക്കൂറിനുള്ളില്‍, സംഭവം സത്യമാണ്!
Authored by Web Desk | Last updated: 08 Dec 2019, 6:12 PM | 1 min read
വാഷിങ്ടണ്‍: ചുമരില്‍ ഒട്ടിച്ചിരിക്കുന്ന ഒരു വാഴപ്പഴത്തിന്റെ വില 1,20,000 ഡോളര്‍. മിയാമി ബീച്ചിലെ ആര്‍ട്ട് ബേസില്‍ നടന്ന പ്രദര്‍ശനത്തിലാണ് ടേപ്പ് കൊണ്ട് ചുമരില്‍ ഒട്ടിച്ചിരിക്കുന്ന പഴം ഏകദേശം 85 ലക്ഷം രൂപയ്ക്ക് വിറ്റുപോയത്. നിരവധി ആര്‍ട്ട് വര്‍ക്കുകള്‍ പ്രദര്‍ശിപ്പിച്ച ആര്‍ട്ട് ബേസലില്‍ ചുമരില്‍ ഒട്ടിച്ച വാഴപ്പഴം വേറിട്ടുനില്‍ക്കുന്നതായിരുന്നുവെന്ന് ആസ്വാദകര്‍ പറഞ്ഞു.
മിലന്, ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ മൗരീസിയോ കാറ്റെലന്‍ ആണ് വാഴപ്പഴത്തിന്റെ ഇന്സ്റ്റലേഷന് തയ്യാറാക്കിയിരിക്കുന്നത്. 'കൊമേഡിയന്‍' എന്ന പേരില്‍ മൂന്ന് എഡിഷനുകളിലായാണ് മൗരീസിയോ കാറ്റെലന്‍ തന്റെ ആര്‍ട്ട് വര്‍ക്കുകള്‍ പ്രദര്‍ശിപ്പിച്ചത്. യഥാര്‍ത്ഥ വാഴപ്പഴം ഉപയോഗിച്ചാണ് ആര്‍ട്ട് വര്‍ക്ക് തയ്യാറാക്കിയിരിക്കുന്നത്. പെറോട്ടിന് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ച കൊമേഡിയന്റെ ഇന്‍സ്റ്റലേഷന്റെ മൂന്ന് എഡിഷനുകളില്‍ രണ്ടെണ്ണമാണ് ഇതുവരെ വിറ്റുപോയത്.
സമ്പത്തിന്റെ അസമത്വത്താല്‍ കലാ ലോകം എന്തായിത്തീര്‍ന്നുവെന്നതിന്റെ ചിത്രീകരണമാണിതെന്ന് പെറോട്ടിന് ഗ്യാലറി ഉടമ ഇമ്മാനുവല്‍ പെറോട്ടിന് പ്രതികരിച്ചു. ഒരുവര്‍ഷം മുമ്പാണ് മൗരീസിയോ കാറ്റെലന്റെ മനസ്സില്‍ ഇത്തരമൊരു ആശയം ഉദിച്ചത്. പിന്നീട് പഴം ഉപയോഗിച്ച് തന്റെ ശില്പകല അദ്ദേഹം യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു.
യാത്ര ചെയ്യുമ്പോള്‍ അദ്ദേഹം പഴം വാങ്ങിക്കുകയും ഹോട്ടലിലെ മുറിയില്‍ തൂക്കിയിടുകയും ചെയ്യു. മരപ്പലകയിലും ഓടിലുമായി ഇതുപോലെ മൂന്ന് മോഡലുകളാണ് മൗരീസിയോ തയ്യാറാക്കിയത്. ഒടുവിലാണ് പഴം ഉപയോഗിച്ച് ചുമരില്‍ ഇന്സ്റ്റലേഷന് തയ്യാറാക്കാമെന്ന തീരുമാനത്തില്‍ അദ്ദേഹം എത്തിയതെന്നും ഇമ്മാനുവല്‍ പെറോട്ടിന് പറഞ്ഞു.
ഇത്തരത്തില്‍ വളരെ ആകര്‍ഷകമായ പല ഇന്‍സ്റ്റലേഷനുകളും മൗരിസിയോ മുന്‍പും ഒരുക്കിയിട്ടുണ്ട്. ബ്രിട്ടണിലെ ബ്ലെന്‍ഹേം കൊട്ടാരത്തില്‍ സ്ഥാപിച്ചിരുന്ന അദ്ദേഹത്തിന്റെ സ്വര്‍ണ കക്കൂസ് എന്ന ഇന്സ്റ്റലേഷന് വളരെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഈ വര്‍ഷമാദ്യം സ്വര്ണകക്കൂസ് മോഷണം പോയതും വലിയ വാര്‍ത്തയായിരുന്നു.