
ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ഇടുങ്ങിയ അനജ് മന്ദിയില്‍ 43 പേരുടെ മരണത്തിനിടയാക്കിയ അതേ കെട്ടിടത്തില്‍ വീണ്ടും തീ. ഞായറാഴ്ച പുലര്‍ച്ചെയാണ് രാജ്യ തലസ്ഥാനനഗരിയില്‍ വന്‍ തീപിടുത്തം ഉണ്ടായത്. ദുരന്തത്തില്‍ 43 പേര് മരിക്കുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 30 ഓളം ഫയര്‍ എഞ്ചിനുകള്‍ എത്തി നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഞായറാഴ്ച തീ അണച്ചത്. പിന്നാലെ തിങ്കളാഴ്ച വീണ്ടും തീ പടര്‍ന്നത് ആശങ്കകള്‍ക്കിടയാക്കിയെങ്കിലും തീ നിയന്ത്രണവിധേയമായെന്നാണ് വിവരം.
തിങ്കളാഴ്ച രാവിലെ പുക പടര്‍ന്നതോടെ ഫയര്‍ സര്‍വീസിനെ വിളിക്കുകയായിരുന്നു. എന്നാല്‍ അതൊരു ചെറിയ തീ മാത്രമായിരുന്നുവെന്നും തീ നിയന്ത്രണവിധേയമാമെന്നും ഡല്‍ഹി ഫയര്‍ സര്‍വീസ് ചീഫ് അതുല്‍ ഗാര്‍ഗ് വ്യക്തമാക്കി. വീണ്ടും തീ പടര്‍ന്നതോടെ നാലു ഫയര്‍ എഞ്ചിനുകളാണ് തീ അണയ്ക്കാനായി എത്തിയത്.
നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു വന്ന ഫാക്റിയിലാണ് തീപിടുത്തം ഉണ്ടായത്. 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തീപിടുത്തമാണ് ഞായറാഴ്ച ഉണ്ടായത്. നാലു നില കെട്ടിടത്തിലുണ്ടായ തീ പിടുത്തത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. നാലു നില കെട്ടിടത്തിനുള്ളില്‍ ലൈസന്‍സില്ലാതെ അനധികൃതമായി നാലു നിര്മ്മാണ് യൂണിറ്റുകളാണ് പ്രവര്‍ത്തിച്ചു വന്നിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാഗുകള്‍, പ്ലാസ്റ്റിക് ടോയ്സ്, ജാക്കറ്റ്സ് എന്നിങ്ങനെയുള്ളവയുടെ നിര്‍മ്മാണ യൂണിറ്റുകളാണ് ഇവിടെ പ്രവര്‍ത്തിച്ചു വന്നിരുന്നത്. തീപിടുത്തം ഉണ്ടായ സമയത്ത് 70 ഓളം തൊഴിലാളികള്‍ നിലത്ത് കിടന്നുറങ്ങുകയായിരുന്നു. ഇതാണ് മരണസംഖ്യ ഉയര്‍ത്തിയത്. സംഭവ സ്ഥലം സന്ദര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക 10 ലക്ഷം രൂപ ധനസഹായവും ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.






