
മംബൈ: ഓപ്പണര് ശിഖര് ധവാന് കാല്മുട്ടിനേറ്റ പരിക്ക്മൂലം വെസ്റ്റ്ഇന്ഡീസിന് എതിരായ ഏകദിന പരമ്പരയും നഷ്ടമായേക്കും. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്ണമെന്റിനിടെ കാല്മുട്ടിനേറ്റ പരുക്കില് നിന്നും ധവാന് പൂര്ണമായും മുക്തനായിട്ടില്ലെന്നാണ് വിവരം. ധവാന്റെ അഭാവത്തില് മലയാളി താരം സഞ്ജു സാംസണ് ഏകദിനത്തിലും അവസരം ലഭിക്കുമെന്ന് പല ഊഹാപോഹങ്ങളും എത്തിയിരുന്നു. എന്നാല് സഞ്ജുവല്ല ധവാന് പകരം എത്തുക എന്നാണ് ഇപ്പോള് വിവരം.
ധവാന്റെ അഭാവത്തില് ടെസ്റ്റില് ഓപ്പണറായ മായങ്ക് അഗര്വാള് ഏകദിന ടീമിലും ഓപ്പണറായി എത്തുമെന്നാണ് ഇപ്പോള് പുറത്തെത്തുന്ന വിവരം. നേരത്തെ വിന്ഡീസിനെതിരെ ടി20 പരമ്പരക്കുള്ള ടീമിലുണ്ടായിരുന്ന ധവാന് പരിക്കിനെത്തുടര്ന്ന് പകരക്കാരനായി സഞ്ജു സാംസണാണ് ടീമില് ഇടം പിടിച്ചത്.
ടീം മാനേജ്മെന്റുമായി ആലോചിച്ചശേഷം സെലക്ഷന് കമ്മിറ്റി മായങ്കിന്റെ പേരാണ് ധവാന്റെ പകരക്കാരനായി നിര്ദേശിച്ചതെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്ട്ട് ചെയ്യുന്നു. ഈ മാസം 15 ന് ചെന്നൈയിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. 18ന് വിശാഖപട്ടണത്ത് രണ്ടാം മത്സരവും 22ന് കട്ടക്കില് മൂന്നാം മത്സരവും നടക്കും.







Comments