
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും കരുത്തുറ്റ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനും. ഏഴു തലമുറകളെ സ്വാധീനിക്കപ്പെട്ട വനിതകള്‍ ഉള്‍പ്പെട്ട പട്ടികയില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയായി ശ്രദ്ധ നേടിയ 16 കാരി ഗ്രേറ്റാ തുണ്ബെര്ഗാണ് ഏറ്റവും പ്രായം കുറഞ്ഞയാള്‍. നാലു ഇന്ത്യന്‍ സ്ത്രീകള്‍ ഇടം പിടിച്ച പട്ടികയില്‍ പുതിയതായി വന്ന 23 സ്ത്രീകളില്‍ ഇന്ത്യന്‍ ധനമന്ത്രിയാണ് ഏറ്റവും ശ്രദ്ധേയമായ വ്യക്തിത്വം. ഇതാദ്യമായിട്ടാണ് നിര്‍മ്മലാ സീതാരാമന് പട്ടികയില്‍ ഇടം പിടിക്കുന്നത്.
ബിസിനസ്, സാങ്കേതിക വിദ്യ, സാമ്പത്തീക രംഗം, മാധ്യമങ്ങളും വിനോദമേഖലയും, രാഷ്ട്രീയവും നയങ്ങളും, മനുഷ്യ സ്നേഹം എന്നിങ്ങനെ ആറു വിഭാഗങ്ങളില്‍ നിന്നുമായിരുന്നു കരുത്തുറ്റ വനിതയെ കണ്ടെത്തിയത്. നാലു ഇന്ത്യന്‍ സ്ത്രീകള്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ബിയാകോണ് ചീഫ് കിരണ്‍ മസുംദാര്‍ ഷാ, എച്ച് സി എല്‍ എന്റര്‍പ്രൈസസ് സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ റോഷ്ണി നാടാര്‍ മല്‍ഹോത്ര, ലാന്റ്മാര്‍ക്ക് ഗ്രൂപ്പ് സിഇഒ രേണുകാ ജഗ്തിയാനി എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ വനിതകള്‍.
പട്ടികയില്‍ പുതിയതായി എത്തിയ 23 പേരില്‍ ഏറ്റവും ശ്രദ്ധേയ ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ്. 34 ാം റാങ്കിലാണ് നിര്‍മ്മലാ സീതാരാമന് നില്‍ക്കുന്നത്. കിരണ്‍ മസൂംദാര്‍ 65 ലും. 1978 ല്‍ സ്ഥാപിച്ച ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്ഥാപനമാക്കി ഉയര്‍ത്താനായ ഇന്ത്യയിലെ ഏറ്റവും ധനികയായ യുവതിയാണ് മസൂംദാര്‍ ഷാ. എച്ച് സിഎല്‍ കോര്പ്പറേഷന് സിഇഒ റോഷ്ണി നാടാര്‍ മല്‍ഹോത്ര പട്ടികയില്‍ 54 ാം പടിയലാണ്. ലാന്റ് മാര്‍ക്ക് ഗ്രൂപ്പിന്റെ സിഇഒ യായ രേണുകാ ജാഗ്തിയാനിയാണ് പട്ടികയിലെ മറ്റൊരാള്‍.
പട്ടികയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഉള്‍പ്പെട്ടത് വടക്കേ അമേരിക്കയില്‍ നിന്നുമാണ്. 50 പേര് ഈ മേഖലയില്‍ നിന്നും പട്ടികയിലെത്തി. തൊട്ടു പിന്നില്‍ 21 പേരുമായി ഏഷ്യാ പസഫിക്കാണ് എത്തിയത്. 18 പേരുമായി യൂറോപ്പ് മൂന്നാമതും എത്തി. അഞ്ചു പേര് പട്ടികയിലുള്ള യുകെ യാണ് നാലാമത്, മദ്ധ്യേഷ്യയില്‍ നിന്നും മൂന്ന് പേര്, ലാറ്റിനമേരിക്കയില്‍ നിന്നും രണ്ടു പേര്, ആഫ്രിക്കയില്‍ നിന്നും ഒരാള്‍ എന്നിങ്ങനെയാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു വനിതകളുടെ കണക്ക്. പട്ടികയില്‍ ഒന്നാമത് ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജലാ മെര്‍ക്കലാണ്. 14 തവണ പട്ടികയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ആഞ്ജലാ മെര്‍ക്കലിന് പിന്നില്‍ രണ്ടാമത് അന്താരാഷ്ട്ര നാണയ നിധിയുടെ പ്രഥമ വനിതാ മേധാവി ക്രിസ്റ്റിയന്‍ ലഗാര്ഡേയാണ്.
അമേരിക്കന്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ വനിതാനേതാവ് നാന്‍സി പെലോസി, യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റായ ബെല്‍ജിയംകാരി ഊര്‍സുല വോണ്‍ഡെര്‍ ലെയന്, അമേരിക്കന്‍ കമ്പനിയായ ജനറല്‍ മോട്ടോഴ്സിന്റെ തലൈവി മേരി ബാരാ, അമേരിക്കന്‍ ബിസിനസുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ മെലിന്ദാ ഗേറ്റ്സ്, അമേരിക്കന്‍ വ്യവസായി അബിഗെയ്ല്‍ ജോണ്സണ്, സ്പാനിഷ് ബാങ്കര്‍ അനാ പാട്രീഷ്യ ബോടിന്, അമേരിക്കന്‍ ബിസിനസുകാരി ഗിനി റോമെറ്റി, അമേരിക്കന്‍ വ്യവസായി മാരിലിന് ഹ്യൂസെണ് എന്നിവരാണ് മൂന്ന് മുതല്‍ പത്തു വരെ സ്ഥാനത്ത്. ഈ സ്ത്രീകളെല്ലാം ചേര്‍ന്ന് 2.3 ട്രില്യണ്‍ ഡോളറും 6.5 ദശലക്ഷം ജീവനക്കാരെയും നിയന്ത്രിക്കുന്നതായി ഫോര്‍ബ്സ് പറയുന്നു.






