
കേരള മുഖ്യമന്ത്രി കടയ്ക്കല്‍ രാമചന്ദ്രന് എന്ന കഥാപാത്രമായി നടന് മമ്മൂട്ടി എത്തുന്ന വണ്‍ സിനിമയുടെ ഷൂട്ടിങ്ങിനായി പഴയ കേരള നിയമസഭ തുറന്നു കൊടുത്തു. സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ പഴയ നിയമസഭ ഷൂട്ടിങ്ങ് ആവശ്യത്തിനായി തുറന്നുകൊടുത്തത്.
കേരള രാഷ്ട്രീയ ചരിത്രത്തിലെ അതികായന്മാര് അരങ്ങുവാണ കേരള നിയമസഭയില്‍ ഇതോടെ മറ്റൊരു സിനിമാ ചരിത്രം കൂടി കുറിച്ചിരിക്കുകയാണ് മമ്മൂട്ടി. വെളുത്ത ഖദറില്‍ കറുത്ത കണ്ണടയും അണിഞ്ഞുകൊണ്ട് ഗാംഭീര്യം നിറഞ്ഞ മുഖവും തീക്ഷ്ണമായ നോട്ടവുമായി വന്ന വണ്ണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ ഏറെ തരംഗമായിരുന്നു.
നിരവധി ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ആണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. ആദ്യമായാണ് മമ്മൂട്ടി ചിത്രത്തിനായി ഇവര്‍ തിരക്കഥയൊരുക്കിയിരിക്കുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അഭിനയിക്കുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.






