ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനെതിരായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സാഹിത്യകാരന് ചേതന്‍ ഭഗത്. യുവാക്കളുടെ ക്ഷമ സര്‍ക്കാര്‍ പരീക്ഷിക്കരുതെന്ന് ചേതന്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകര്‍ത്തിരിക്കുന്നു. യുണിവേഴ്സിറ്റി ലൈബ്രറികളിലേക്ക് പോലീസിനെ അയയ്ക്കുന്നു. യുവാക്കള്‍ ചിലപ്പോള്‍ ക്ഷമ കാണിച്ചെന്നിരിക്കും. എന്നാല്‍ അവരുടെ ക്ഷമ പരീക്ഷിക്കരുതെന്നും ചേതന്‍ ഭഗത് ട്വീറ്റ് ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. വിഷയത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കടുത്ത പോലീസ് അതിക്രമമാണ് കഴിഞ്ഞ ദിവസം നടന്നത്. സര്‍വകലാശാലയുടെ ലൈബ്രറിയിലും ബാത്ത് റൂമിലുമടക്കം കയറിയ പോലീസ് പെണ്‍കുട്ടികളെ അടക്കം ആക്രമിച്ചു. പോലീസ് അതിക്രമത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിരുന്നു.
അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹി പോലീസ് ആസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. ജെ.എന്‍.യു, ജാമിയ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിച്ചത്. ജാമിയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ബനാറസ് യൂണിവേഴ്സിറ്റിയിലെയും അലിഗഡ് വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.






