
തിരുവനന്തപുരം: പൗരത്വഭേദഗതി ബില്ലിനെതിരേ രാജ്യത്തുടനീളം വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം നടക്കുന്നതിനിടയില്‍ മന്ത്രിമാരായ ബിജെപി നേതാക്കള്‍ക്ക് നേരെ വിദ്യാര്‍ത്ഥികളുടെ കരിങ്കൊടി. കേന്ദ്ര സഹമന്ത്രി വി. മുരളീധരനെതിരേയും കര്‍ണാടകാ മുഖ്യമന്ത്രി യെദ്യുരപ്പയ്ക്കു നേരെയുമാണ് സംസ്ഥാനത്ത് കരിങ്കൊടി പ്രതിഷേധം നടന്നത്. യെദ്യൂരപ്പയ്ക്ക് തിരുവനന്തപുരത്തും വി മുരളീധരനെതിരേ കോഴിക്കോടുമാണ് പ്രതിഷേധം ഉണ്ടായത്.
ടൗണ്‍ഹാളില്‍ ഒരു പരിപാടിക്കായി എത്തിയപ്പോഴായിരുന്നു കേന്ദ്ര സഹമന്ത്രി വി മുരളീധരനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. തുടര്‍ന്ന് പോലീസ് എത്തി വിദ്യാര്‍ത്ഥികളെ നീക്കി. രാജ്യത്ത് വലിയ പ്രതിഷേധം നടക്കുന്നു എന്നത് മാധ്യമസൃഷ്ടിയാണെന്ന് വി മുരളീധരന് പറഞ്ഞു. ഡല്‍ഹിയില്‍ ആക്രമണം ഉണ്ടായതിനാലാണ് പോലീസ് വെടിവെച്ചതെന്നും പൗരത്വ റജിസ്റ്ററില്‍ ഒരു ചര്‍ച്ചയും ഇല്ലെന്നും പറഞ്ഞു.
പൗരത്വ റജിസ്റ്റര്‍ എല്ലാ സംസ്ഥാനങ്ങളിലും നടത്താന്‍ താല്‍പ്പര്യമില്ലെന്നും പറഞ്ഞു. കേരളാ സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു യദ്യുരപ്പയ്ക്ക് നേരെ കരിങ്കൊടി കാട്ടിയത്. യെദ്യുരപ്പയ്ക്കെതിരേ മുദ്രാവാക്യം വിളിച്ചെത്തിയത് കെഎസ്യു വിദ്യാര്‍ത്ഥികളായിരുന്നു. എന്നാല്‍ കനത്ത സുരക്ഷയൊരുക്കി പോലീസ് പ്രതിഷേധക്കാരെ നീക്കുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇന്നലെയും യദ്യുരപ്പയ്ക്ക് നേരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
കേരളത്തിന് പുറമേ പശ്ചിമബംഗാളിലും പോണ്ടിച്ചേരിയിലും നേതാക്കള്‍ക്ക് നേരെ പ്രതിഷേധം ഉണ്ടായി. പശ്ചിമ ബംഗാളില്‍ യാദവ് പൂര് സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങിനെത്തിയ ഗവര്‍ണര്‍ക്ക് നേരെയാണ് കരിങ്കൊടി കാട്ടിയത്. രണ്ടാം തവണയാണ് ഗവര്‍ണറുടെ കാറിന് മുന്നിലേക്ക് വിദ്യാര്‍ത്ഥികള്‍ കരിങ്കൊടിയുമായി പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസവും ഗവര്‍ണറെ വിദ്യാര്‍ത്ഥികള്‍ തടയുന്ന സംഭവം ഉണ്ടായിരുന്നു. പോണ്ടിച്ചേരിയില്‍ രാഷ്ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങില്‍ നിന്നും സ്വര്‍ണ്ണമെഡല്‍ ജേതാവായ വിദ്യാര്‍ത്ഥിയെ പുറത്താക്കിയിരുന്നു.
എംഎ മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനി കോഴിക്കോട് സ്വദേശി റഹീബാ അബ്ദുറഹീമിനെയാണ് പുറത്താക്കിയത്. ചെന്നൈയില്‍ ജര്‍മ്മന്‍ സ്വദേശിയായ ഐഐടി വിദ്യാര്‍ത്ഥിയെയും പൗരത്വ റജിസ്റ്ററിനെതിരേ പ്രതികരിച്ചതിന് പുറത്താക്കി. ജര്‍മ്മന്‍ വിദ്യാര്‍ത്ഥി ജേക്കബ് ലിന്‍ഡര്‍ ഥാലെയെയാണ് പുറത്താക്കിയത്. എത്രയും വേഗം ഇന്ത്യവിടാനും ഇയാളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.






