
മോഹന്‍ലാലും മഞ്ജുവാര്യരും ഒരുമിച്ച് അഭിനയിച്ച ഒടിയന് എന്ന ചിത്രത്തിലെ ഏറ്റവും വൈറലായ ഡയലോഗ് ആയിരുന്നു 'കുറച്ച് കഞ്ഞിയെടുക്കട്ടെ' എന്നത്. പക്ഷെ നെഗറ്റീവ് അര്‍ത്ഥത്തിലാണ് ഡയലോഗ് പ്രചരിച്ചത്. സിനിമയുടെ റിലീസിന് പിന്നാലെ ലീക്കായ വിഡിയോയിലൂടെയാണ് ഡയലോഗ് വൈറലാകുന്നത്. പിന്നീട് കുറച്ച് കഞ്ഞിയെടുക്കട്ടെ എന്നത് ട്രോളന്മാരുടെ പ്രയോഗമായി മാറുകയായിരുന്നു. ഇപ്പോഴിതാ ആ പ്രയോഗത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് മഞ്ജു വാര്യര്‍.
തന്റെ പുതിയ ചിത്രമായ പ്രതി പൂവന്‍കോഴിയുടെ പ്രചരണ പരിപാടിക്കിടെയായിരുന്നു മഞ്ജു പ്രതികരിച്ചത്. 'കഞ്ഞിയെന്ന് കേട്ടാല്‍ ചേച്ചിക്ക് ദേഷ്യം വരുമോ' എന്നൊരു ആരാധിക ചോദിക്കുകയായിരുന്നു. എന്നാല്‍ ഇതിന് മഞ്ജുവിന്റെ മറുപടി ട്രോളന്മാരെ പോലും വെല്ലുന്നതായിരുന്നു. തന്റെ അമ്മ അമ്മ സ്ഥിരമായി കഞ്ഞിയെടുക്കട്ടെ മോളെ എന്ന് ചോദിക്കാറുണ്ടായിരുന്നു എന്നാണ് മഞ്ജു നല്കിയ മറുപടി. ഇതോടെ സദസ്സില്‍ പൊട്ടിച്ചിരി മുഴങ്ങി.
അതേസമയം മഞ്ജുവാര്യര്‍ക്ക് സര്‍പ്രൈസ് നല്കി അമ്മ ഗിരിജ വേദിയില്‍ എത്തിയിരുന്നു. തന്റെ പുതിയ ചിത്രമായ പ്രതി പൂവന്‍കോഴിയുടെ പ്രചരണ പരിപാടിക്കിടെയായിരുന്നു താരത്തിന് സംഘാടകര്‍ അടിപൊളി സര്‍പ്രൈസ് നല്‍കിയത്. അമ്മ വരുന്നുണ്ടെന്ന് മഞ്ജുവിന് അറിയില്ലായിരുന്നു. അമ്മയെ കണ്ടതും താരം വികാരഭരിതയായി. ഇതാദ്യമായാണ് ഒരു സിനിമയുടെ പ്രമോഷന് പരിപാടിയില്‍ മഞ്ജുവിന്റെ അമ്മ ഗിരിജ എത്തിയത്.






