
അജയ് ദേവ്ഗണിന്റെ അച്ഛന് വീരു ദേവ്ഗണിന്റെ മരണ ശേഷം വൈകാതെ മകള്‍ നൈസയെ സലൂണില്‍ കണ്ടതുമായി ബന്ധപ്പെട്ട ട്രോളുകളോട് പ്രതികരിച്ച് അജയ് ദേവ്ഗണ്. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വിഷയത്തില്‍ ആദ്യമായി താരം പ്രതികരിച്ചത്.
'ഞാന്‍ ഇതുവരെയും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അച്ഛന് മരിച്ച് രണ്ടാം ദിവസം കുട്ടികള്‍ വളരെ വിഷമത്തിലായിരുന്നു. നൈസ എപ്പോഴും കരച്ചിലായിരുന്നു. അങ്ങനെയാണ് നൈസയെ വിളിച്ച് വിഷമിക്കരുതെന്നും പുറത്ത് പോയി ഒന്ന് ശാന്തമായി വരു എന്നും പറഞ്ഞത്. കാരണം അവര്‍ കുട്ടികളാണ്. എന്നാല്‍ അതൊന്നും വേണ്ടെന്നായിരുന്നു നൈസയുടെ മറുപടി.
പക്ഷെ അരമണിക്കൂര്‍ നേരത്തേയ്ക്ക് ഒന്നു പുറത്ത് പോയി ഭക്ഷണം കഴിച്ചോ സാധനങ്ങള്‍ വാങ്ങിയോ വരുമ്പോഴേക്കും ശാന്തമാകും എന്നും നിരന്തരം പറഞ്ഞതോടെ നൈസ സമ്മതിക്കുകയായിരന്നു. പക്ഷെ അപ്പോഴും എങ്ങോട്ടാണ് പോകേണ്ടതെന്ന് നൈസയ്ക്ക് അറിയില്ലായിരുന്നു. അങ്ങനെയാണ് നൈസ ഹെയര്‍വാഷ് ചെയ്യാന്‍ പോകുന്നത്.'
നൈസ തിരിച്ചു വന്നപ്പോഴേക്കും സലൂണിന് പുറത്ത് നില്ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മുത്തച്ചന് മരിച്ച് അധികം വൈകാതെ കൊച്ചുമകള്‍ സലൂണില്‍ കറങ്ങി നടക്കുന്നു എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. വിഷമഘട്ടത്തിലൂടെ കടന്നു പോയിരുന്ന മകളെ ആശ്വസിപ്പിക്കാന്‍ പറഞ്ഞ കാര്യം വീണ്ടും സ്ഥിതി വഷളാക്കുകയാണ് ചെയ്തതെന്ന് ദേവ്ഗണ് പറയുന്നു. കുട്ടികള്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് അവരെ വിലയിരുത്തുനന്തെന്നും അവരെ വെറുതെ വിട്ടുകൂടെയെന്നും അജയ് ദേവ്ഗണ് പറഞ്ഞു.
താനും ഭാര്യ കജോളും അഭിനേതാക്കളാണ്. തങ്ങളെ വിലയിരുത്തുന്നതുപോലെ മക്കളെ ചെയ്യരുത്. അച്ഛനും അമ്മയും നടീനടന്മാരായതുകൊണ്ട് മാത്രമാണ് അവരെ എപ്പോഴും പ്രശസ്തി പിന്തുടരുന്നതെന്നും നേരത്തെ അജയ് ദേവ്ഗണ് പറഞ്ഞിരുന്നു.






