
ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമരസേനാനികളെ വിപ്ലവകാരികളായ ഭീകരരായി ചിത്രീകരിച്ച് പുലിവാല് പിടിച്ച് സര്‍വകലാശാല. പൊളിറ്റിക്സ് ബിരുദാനന്ദര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പരീക്ഷയില്‍ ചോദ്യപേപ്പറിലായിരുന്നു ഈ രീതിയിലുള്ള വിലയിരുത്തല്‍. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ രംഗത്ത വന്നതോടെ ചോദ്യം തയ്യാറാക്കിയ പ്രൊഫസറില്‍ നിന്നും സര്‍വകലാശാല വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.
ഗ്വാളിയറിലെ ജീവാജി സർവകലാശാലയില്‍ ബുധനാഴ്ച നടന്ന എംഎ പൊളിറ്റിക്സ് മൂന്നാം സെമസ്റ്റര്‍ പരീക്ഷയിലെ ആധുനിക ഇന്ത്യൻ രാഷ്ട്രീയചിന്ത എന്ന വിഷയത്തിലെ പരീക്ഷയുടെ ചോദ്യപേപ്പറില്‍ ആയിരുന്നു വിവാദചോദ്യം ഉയര്‍ന്നത്. വിപ്ലവകാരികളായ ഭീകരരുടെ പ്രവർത്തനങ്ങൾ വിവരിക്കുക. തീവ്രവാദികളും വിപ്ലവകാരികളായ ഭീകരരും തമ്മിലുള്ള വ്യത്യാസമെന്ത്? തുടങ്ങിയ ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്.
ചോദ്യം ശ്രദ്ധയില്‍ പെട്ട ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (എ.ഐ.ഡി.എസ്.ഒ.) ആണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. രാജ്യത്തെ വിപ്ലവകാരികളെ ഭീകരരെന്നു വിളിക്കുന്നത് വിദ്യാർഥികൾക്കു തെറ്റായ സന്ദേശം നൽകുമെന്ന് ഇവര്‍ ആരോപിച്ചു. സംഭവം വിവാദമായതോടെ സർവകലാശാലാ പരീക്ഷാവിഭാഗം ചോദ്യക്കടലാസ് തയ്യാറാക്കിയ പ്രൊഫസറിൽനിന്നു വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.
സംഭവം വിവാദമായതോടെ മധ്യപ്രദേശ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. മൂന്നുദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. കുറ്റക്കാർക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് ഉന്നത വിദ്യാഭ്യമന്ത്രി ജിതു പട്വരി പറഞ്ഞു. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി. ദേശീയ ഉപാധ്യക്ഷനുമായ ശിവ്രാജ് സിങ് ചൗഹാൻ സംഭവം അപമാനകരവും വേദനാജനകവുമാണെന്ന് അഭിപ്രായപ്പെട്ടു.






