
ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തിലെ സ്വപ്ന സന്നിഭമായ നേട്ടമാണ് ചന്ദ്രയാന്‍-2. ഇന്ത്യയുടെ ആദ്യ ചാന്ദ്രപേടകമായ ചന്ദ്രയാന്‍-1 നല്കിയ ആത്മവിശ്വാസമായിരുന്നു ഈ കുതിപ്പിന്റെ പ്രേരകശക്തി. ഏകദേശം 386 കോടി ചെലവാക്കി 2018 ഒക്ടോബര്‍ 22നാണ് ചന്ദ്രയാന്‍ 1 വിക്ഷേപിച്ചത്. ആയിരത്തോളം ഐ എസ് ആര് ഒ ശാസ്ത്രജ്ഞരാണ് തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച ഈ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നു വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ സംരംഭം ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ച് വിലപ്പെട്ട വിവരം ലോകത്തിന് നല്‍കിയശേഷമായിരുന്നു സാങ്കേതിക തകരാറിലായത്.
16 വര്‍ഷം പഴക്കമുള്ള ഇന്ത്യയുടെ ചാന്ദ്രപദ്ധതിയിലെ മികച്ച ഒരു അദ്ധ്യായമാണ് ചന്ദ്രയാന്‍ 2. ചന്ദ്രയാന്‍ 2 പൂര്‍ണമായി ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ലെങ്കിലും ലോകത്തിനു മുന്നില്‍ തല ഉയര്‍ത്തി നില്ക്കാന് ചരിത്രനേട്ടം തന്നെയായിരുന്നു ഇന്ത്യയുടെ ചന്ദ്രയാന്‍ വിക്ഷേപം. ലാന്‍ഡിങ് ലക്ഷ്യസ്ഥാനത്ത് കാണാത്തതിനാല്‍ വിക്രം ലാന്‍ഡര്‍, പ്രഗ്യാന്‍ റോവര്‍ എന്നീ ഭാഗങ്ങളുടെ സേവനം ലഭിക്കില്ലെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദൗത്യത്തിനൊപ്പം എത്തിയ ഓര്‍ബിറ്റര്‍ അതിന്റെ ദൗത്യം തുടരുകയാണ്.
1969 ജൂലൈ 16ന് ആയിരുന്നു ആദ്യമായി മനുഷ്യന് ചന്ദ്രനില്‍ ഇറങ്ങിയത്. നീല്‍ ആം സ്ട്രോങ് ആയിരുന്നു ആ ചരിത്ര മനുഷ്യന്. അതിന് ശേഷം നിരവധി ചാന്ദ്രയാത്രകള്‍ ഉണ്ടായിട്ടുണ്ട്. തുടര്‍ന്ന് ഇന്ത്യയും ആ ചരിത്ര നിമിഷത്തിലേക്ക് പദമൂന്നാനുള്ള പാതയില്‍ എത്തി. ചന്ദ്രയാന്‍ 1 എന്ന ദൗത്യത്തിലൂടെ. ചന്ദ്രനു ചുറ്റുമുള്ള പരിക്രമണപഥത്തില്‍ ചുറ്റി പഠനങ്ങള്‍ നടത്തുക മാത്രമായിരുന്നു ചന്ദ്രയാന്‍ ഒന്നിന്റെ ലക്ഷ്യമെങ്കില്‍ ചന്ദ്രയാന്‍ 2 കുറെക്കൂടി ഉയര്‍ന്ന തരത്തിലുള്ള ദൗത്യങ്ങളാണ് ലക്ഷ്യം ഇട്ടിരുന്നത്.
വിക്ഷേപണവഴികള്
ഐ എസ് ആര് ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ദൗത്യമായിരുന്നു ചന്ദ്രയാന്‍ 2. ജൂലൈ 15 ന് ശ്രീഹരിക്കോട്ടയിലെ ജിഎസ്എല്‍വി മാര്‍ക്ക് 3 എന്ന റോക്കറ്റിലാണ് ചന്ദ്രയാന്‍ ചന്ദ്രനിലേക്ക് യാത്ര തിരിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ട് അന്‍പത്തി ഒന്നിനായിരുന്നു ആ ചരിത്ര നിമിഷം.
ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള വിക്ഷേപണത്തിനുശേഷം ഓര്‍ബിറ്റര്‍ ചന്ദ്രനു 100 കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണപഥത്തിലാണ് എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് റോവര്‍ ഉള്‍പ്പെടെയുള്ള ലാന്‍ഡര്‍ മൊഡ്യൂള്‍ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങി. ചന്ദ്രനില്‍ എത്തിയശേഷം ലാന്‍ഡറില്‍ നിന്നു റോവര്‍ വേര്‍പെട്ട് ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും. ഇതായിരുന്നു വിക്ഷേപണപദ്ധതി. എന്നാല്‍ സാങ്കേതിക തകരാര്‍ മൂലം ആഗ്രഹിച്ച ഫലം നേടാന്‍ സാധിച്ചില്ല.
അവസാന നിമിഷം വരെ ദൗത്യം വിജയകരമായിരുന്നു. എന്നാല്‍ ചന്ദ്രോപരിതലത്തിന് തൊട്ടരികെ 2.1 കിലോമീറ്റര്‍ മുകളില്‍ വെച്ച് വിക്രം ലാന്‍ഡറിന് ഐഎസ്ആര്‍ഒയുമായുള്ള ബന്ധം നഷ്ട്ടപെടുകയായിരുന്നു. നിശ്ചയിച്ച സഞ്ചാര പഥത്തില്‍ നിന്ന് തെന്നിമാറിയതാണ് പ്രശ്നത്തിന്റെ കാരണം എന്നാണ് സൂചന.
ഒരുക്കങ്ങള്‍ 2008 മുതലെ
ചന്ദ്രയാന്‍ 1 വിക്ഷേപിക്കുന്നതിന് മുന്നേ തന്നെ ചന്ദ്രയാന്‍ 2ന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ നടന്നിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അധ്യക്ഷതയില്‍ 2008 സ്പെ്റ്റംബര്‍ 18ന് നടന്ന യൂണിയന് ക്യാബിനറ്റ് സമ്മേളനത്തില്‍ ഇന്ത്യന്‍ ഗവണ്മെന്റ് ചന്ദ്രയാന്‍ 2 ദൗത്യം അംഗീകരിച്ചിരുന്നു. 2011 വിക്ഷേപിക്കാനായിരുന്നു തീരുമാനം. 426 കോടി രൂപ ചിലവാണ് കണക്കാക്കിയിരുന്നത്. 2009 ല്‍ പേടകത്തിന്റെ രൂപകല്പന പൂര്‍ത്തിയാകുകയും ചെയ്തു.
ഐഎസ്ആര്‍ഒയും റഷ്യന്‍ ഫെഡറല്‍ സ്പേസ് ഏജന്‍സിയും ചന്ദ്രയാന്‍ ദൗത്യത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കരാറില്‍ ഒപ്പ് വച്ചിരുന്നു. എന്നാല്‍ പറഞ്ഞ സമയത്ത് ലാന്‍ഡര്‍ നിര്‍മ്മിച്ച് എടുക്കാന്‍ റഷ്യയ്ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് റഷ്യ ഈ ദൗത്യത്തില്‍ നിന്ന് പിന്മാറുകയാണ് ചെയ്തത്. തുടര്‍ന്ന് ഇന്ത്യ സ്വയം ഈ വെല്ലുവിളി ഏറ്റെടുത്തു. ചന്ദ്രയാന്‍ വിക്ഷേപണത്തിന് വേണ്ട എല്ലാ ഘടകങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചു. പരീക്ഷണ സമയത്ത് കണ്ടെത്തിയ പിഴവുകള്‍ പരിഹരിക്കുന്നതിനായി വിക്ഷേപണ തീയതികള്‍ നീട്ടിവെച്ചു. പിന്നീട് എല്ലാ വെല്ലുവിളികളും തരണം ചെയ്ത് പേടകത്തെ ഭ്രമണപഥത്തില്‍ എത്തിച്ച് ഇസ്റോ ലോകത്തിന് തന്നെ അത്ഭുതമായി.
ചന്ദ്രയാന്‍ 2ന്റെ ലക്ഷ്യങ്ങള്‍
ചാന്ദ്ര ഉപരിതലത്തില്‍ മൃദുവായി ഇറങ്ങാനുള്ള കഴിവ് പ്രകടിപ്പിക്കുകയും ഉപരിതലത്തില്‍ ഒരു റോബോട്ടിക് റോവര്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ചന്ദ്രയാന്‍ 2 ന്റെ പ്രാഥമിക ലക്ഷ്യം. ചാന്ദ്ര ഭൂപ്രകൃതി, ധാതുശാസ്ത്രം, മൂലക സമൃദ്ധി, ചന്ദ്ര എക്സോസ്ഫിയര്, ഹൈഡ്രോക്സൈല്‍, വാട്ടര്‍ ഐസ് എന്നിവയായിരുന്നു ഇതിന്റെ ശാസ്ത്രീയമായ ലക്ഷ്യങ്ങള്‍. ഓര്‍ബിറ്റര്‍ ചാന്ദ്ര ഉപരിതലത്തെ മാപ്പ് ചെയ്യുകയും അതിന്റെ 3 മാപ്പുകള്‍ തയ്യാറാക്കാന്‍ സഹായിക്കുകയും ഓണ്‍ ബോര്‍ഡ് റഡാര്‍ ഉപരിതലത്തെ മാപ്പ് ചെയ്യുകയും ചെയ്യുമായിരുന്നു.
പ്രതിബന്ധങ്ങള്‍ തകര്‍ത്തെറിഞ്ഞ്
ചാന്ദ്രപഥത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ വിക്ഷേപണമായ ചന്ദ്രയാന്‍ 1ആണ് രണ്ടാമത്തെ ദൗത്യത്തിന് ആത്മവിശ്വാസം നല്‍കിയത്. പിഎസ്എല്‍വി ഉപയോഗിച്ചാണ് ചന്ദ്രയാന്‍ 1 ഇന്ത്യ വിക്ഷേപിച്ചത്. ചന്ദ്രയാന്‍ 2നും പിഎസ്എല്‍വിയാണ് ഉപയോഗിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ഭാരം കുറഞ്ഞുള്ള ദൗത്യങ്ങള്‍ക്ക് ഇത് മതിയായിരുന്നു. എന്നാല്‍ 3850 കിലോ ഭാരം ഉള്ള ചന്ദ്രയാന്‍ 2 ദൗത്യത്തിന് ഇത് മതിയാകുമായിരുന്നില്ല. കൂടുതല്‍ ശേഷിയുള്ള റോക്കറ്റുകള്‍ക്കുള്ള പരിശ്രമങ്ങള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. എന്നാല്‍ കണ്ടെത്തുന്നതെല്ലാം നമ്മുടെ ആവശ്യത്തിന് അപര്യാപ്തമായിരുന്നു.
ഒടുവില്‍ എല്ലാ പരീക്ഷണങ്ങളും പരാജയപ്പെട്ടപ്പോള്‍ ഐ എസ് ആര് ഒ അവരുടെ പടക്കുതിരയെ കണ്ടെത്തി. ചരിത്രത്തില്‍ ബാഹുബലി എന്ന് പേരുള്ള ജിഎസ്എല്‍വി മാര്‍ക്ക് 3. ചന്ദ്രയാന്‍ 2 ദൗത്യത്തെ സുരക്ഷിതമായി ബഹിരാകാശത്ത് ഭ്രമണപഥത്തില്‍ കൊണ്ടുചെന്നാക്കി. പരാജയങ്ങളിലെ അനുഭവ സമ്പത്തില്‍നിന്ന് പാഠം പഠിച്ച് വിജയവഴികളില്‍ എത്തിച്ചേര്‍ന്നതായിരുന്നു ഇന്ത്യയൂടെ രണ്ടാമത്തെ ചന്ദ്രയാന്‍ ദൗത്യം. അതുകൊണ്ട് തന്നെ ഇന്ത്യയുടെ അഭിമാന സ്ഥാപനത്തിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്ന ഈ ദൗത്യം.