
കൊച്ചി: മലയാള സിനിമയില്‍ നടന് ഷെയ്ന് നിഗവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ മഞ്ഞുരുകുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയും- ഷെയ്നുമായ തര്‍ക്കത്തിന് പരിഹാരം കാണാന്‍ താരസംഘടനയായ അമ്മ അടുത്ത മാസം ഒന്‍പതിന് എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അമ്മയുടെ ഇടപെടലോടെ പരിഹാരമാകുമെന്ന പ്രതീക്ഷകള്‍ക്കിടയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളും സജീവമാണ്.
വെയില് സിനിമയുടെ സംവിധായകന് ശരത്തും ഷെയ്നിന്റെ മാനേജറുമായും ഫോണില്‍ സംസാരിച്ചു. വെയിലിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ തയാറാണെന്ന് സംവിധായകനെ ഷെയിനിന്റെ മാനേജര്‍ അറിയിച്ചിട്ടുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അനുമതി കിട്ടിയാല്‍ ഉടന്‍ മുടങ്ങിയ സിനിമയുടെ ചിത്രീകരണം തുടങ്ങാമെന്നും ഷെയ്നിന്റെ മാനേജര്‍ വ്യക്തമാക്കി.
നടന് ഷെയ്ന് നിഗവും നിര്‍മ്മാതാക്കളുടെ സംഘടനയുമായുള്ള പ്രശ്നം ഒത്തു തീര്‍ക്കുന്നതിനായി ജനുവരി 9ന് ഷെയ്ന് നിഗവുമായി താരസംഘടനയായ അമ്മ ഭാരവാഹികള്‍ ചര്‍ച്ച നടത്തും. ഷെയ്ന് നിഗവും ഇതില്‍ പങ്കെടുക്കും. കഴിഞ്ഞ 22ന് നടക്കേണ്ട ചര്‍ച്ച അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ തിരക്കുകള്‍ മൂലമാണ് നീണ്ടുപോയത്.
ഈ ചര്‍ച്ചകള്‍ക്ക് ശേഷം ഷെയ്ന് നല്കുന്ന ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടനയുമായി അമ്മ ചര്‍ച്ച നടത്തും. ഫെഫ്കയുടെ പിന്തുണയോടെയായിരിക്കും ഈ ചര്‍ച്ച നടത്തുന്നത്. നിര്‍മ്മാതാക്കളുടെ സംഘടനാ പ്രതിനിധികളും അമ്മ ഭാരവാഹികളും അനൗദ്യോഗികമായി ഇതിനൊടകം തന്നെ നിരവധി ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞിട്ടുണ്ട്. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാമെന്നാണ് ഇതിനകം ഇരു വിഭാഗത്തിന്റേയും നിലപാട് വന്നിട്ടുള്ളത്.
എന്നാല്‍ നിര്‍മ്മാതാക്കളെ മനോരോഗികളെന്ന വിഷയത്തില്‍ ഷെയ്ന് പരസ്യമായി മാപ്പ് പറയാതെ വിട്ടു വീഴ്ചയ്ക്കില്ലെന്നാണ് നിര്‍മ്മാതാക്കളുടെ നിലപാട്. ഇതോടെയാണ് അമ്മ വീണ്ടും പ്രശ്നത്തില്‍ ഇടപെടാന്‍ തീരുമാനിച്ചിട്ടുള്ളത്. നിര്‍മ്മാതാക്കളുടെ നിലപാട് പ്രശ്ന പരിഹാരത്തില്‍ നിര്‍ണ്ണായകമായിരിക്കും. ഷെയ്നുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അമ്മ ഇടപെടേണ്ട സാഹചര്യമുണ്ടായത്. ഇതിനകം സോഷ്യല്‍മീഡിയ മുഖേനയും ഇ-മെയില്‍ വഴിയും ഷെയ്ന് നിര്‍മ്മാതാക്കളോട് ഖേദം പ്രകടിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്.
ഷെയ്നിന് വിലക്ക് കല്‍പ്പിച്ചതോടെ മുടങ്ങിയ ഉല്ലാസം സിനിമനയുടെ ഡബ്ബിംഗും വെയില്, കുര്‍ബാനി സിനിമകളുടെ ചിത്രീകരണവും പൂര്‍ത്തിയാക്കാമെന്ന് ഷെയ്നെ വിളിച്ച് വരുത്തി രേഖാ മൂലം ഉറപ്പ് വാങ്ങുമെന്നും സൂചനയുണ്ട്.






