
ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ വില്‍പ്പന പ്രതീക്ഷിച്ച പോലെ വേഗത്തിൽ നടക്കുന്നില്ല. 1,071 ഇലക്ട്രിക് കാറുകള്‍ മാത്രമാണ് 2019 ഏപ്രില്‍-ഒക്റ്റോബര്‍ കാലയളവില്‍ രാജ്യമാകെ വിറ്റതെന്നാണ് റിപ്പോർട്ട്. ഇതേ കാലയളവില്‍ ഇന്ത്യയില്‍ വിറ്റ ആകെ കാറുകളുടെ 0.067 ശതമാനം മാത്രമാണിത്.
മഹീന്ദ്ര ഇ-വെരിറ്റോയാണ് ഇന്ത്യയിലെ നാല് ഇലക്ട്രിക് കാര്‍ മോഡലുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നത്. ഹ്യുണ്ടായ് കോന ഇവി ഈ വര്‍ഷം ജൂലൈ ഒമ്പതിനാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. അന്നുമുതലുള്ള വില്‍പ്പന കണക്കുകളാണ് ഇലക്ട്രിക് എസ്യുവിയുടെ കാര്യത്തില്‍ ഉള്‍പ്പെടുത്തിയത്.
434 യൂണിറ്റ് മഹീന്ദ്ര ഇ-വെരിറ്റോ, 389 യൂണിറ്റ് ടാറ്റ ടിഗോര്‍ ഇവി, 227 യൂണിറ്റ് ഹ്യുണ്ടായ് കോന ഇവി, 21 യൂണിറ്റ് മഹീന്ദ്ര ഇ2ഒ എന്നിങ്ങനെയായിരുന്നു 2019 ഏപ്രില്‍-ഒക്റ്റോബര്‍ കാലയളവിലെ വില്‍പ്പന.
പ്രതിമാസ ശരാശരി വില്‍പ്പനക്കണക്കുകള്‍ പരിശോധിച്ചാല്‍, മഹീന്ദ്ര ഇ-വെരിറ്റോ 62 യൂണിറ്റും ടാറ്റ ടിഗോര്‍ ഇവി 56 യൂണിറ്റും ഹ്യുണ്ടായ് കോന ഇവി 45 യൂണിറ്റുമാണ് വിറ്റുപോയത്. പ്രതിമാസം ശരാശരി 153 ഇലക്ട്രിക് കാറുകളാണ് മേല്‍പ്പറഞ്ഞ ഏഴ് മാസ കാലയളവില്‍ വിറ്റത്.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ ആകെ ഏഴര ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങളാണ് ഇന്ത്യയില്‍ ആകെ വിറ്റത്. ഇവയില്‍ ഭൂരിഭാഗവും ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങളും (6.3 ലക്ഷം യൂണിറ്റ്), ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുമാണ് (1.26 ലക്ഷം യൂണിറ്റ്). ആ വര്‍ഷത്തില്‍ 3,600 യൂണിറ്റ് ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങള്‍ മാത്രമാണ് വിറ്റത്.






