ജനുവരി 1ന് ബ്രസീല്‍ പ്രസിഡന്റ് ജെയ്ര് ബൊല്‍സോനാരോ ചുമതലയേറ്റു. ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് അധികാരത്തിലെത്തിയത്.
ജനുവരി 24: മലേഷ്യയുടെ പുതിയ രാജാവായി പഹാങ് ഭരണാധികാരി സുല്‍ത്താന്‍ അബ്ദുള്ളയെ തിരഞ്ഞെടുത്തു.
ഫെബ്രുവരി 23: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജന പ്രതിനിധി സഭ, സെനറ്റ് എന്നീ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റ് മുഹമ്മദ് ബുഹാരി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മേയ് 29ന് ബുഹാരി ചുമതലയേറ്റു.
ഫെബ്രുവരി 24: ക്യൂബയില്‍ ഭരണഘടനാ ഹിത പരിശോധന. നാഷണല്‍ അസംബ്ലി ഓഫ് പീപ്പിള്‍സ് പവര്‍ പാസാക്കിയ പുതി ഭരണഘടനയ്ക്ക് അംഗീകാരം ലഭിക്കുന്നു. ഏബ്രില്‍ 10ന് ഭരണഘടന നിലവില്‍ വന്നു.
മാര്‍ച്ച് 15: ന്യുസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ട് മുസ്ലീംപള്ളികളില്‍ വലത് വംശീയ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ മലയാളി യുവതി അടക്കം ആറ് ഇന്ത്യക്കാരുള്‍പ്പെടെ 50 പേര് മരിച്ചു. ന്യുസിലന്ഡിലെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിവയ്പ്. ക്രൈസ്റ്റ്ചര്‍ച്ചിലെ അല്‍ നൂര്‍ പള്ളിയിലും ലിന്‍വുഡിലെ ഇസ്ലാമിക് സെന്ററിലുമാണ് ആക്രമണം നടന്നത്. ഓസ്ട്രേലിയന്‍ വംശജന് ബ്രെന്റണ്‍ ടാരന്റാണ് ആക്രമണം നടത്തിയത്.
മാര്‍ച്ച് 29: ബ്രിട്ടണ് യൂറോപ്യണ്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക്. നാല് പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ചു.
ഏപ്രില്‍ 10: പ്രപഞ്ചരഹസ്യങ്ങളിലൊന്നായ തമോഗര്‍ത്തത്തിന്റെ ആദ്യചിത്രം ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടു. ഭൂമിയുടെ പല ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള എട്ട് റേഡിയോ ടെലിസ്കോപ്പുകളുടെ ശൃംഖലയായ ഇവന്റ് ഹൊറൈസണ്‍ ഉപയോഗിച്ചാണ് ചിത്രം പകര്‍ത്തിയത്.
ഏപ്രില്‍11: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് ലണ്ടനില്‍ അറസ്റ്റിലായി. ലണ്ടനിലെ ഇക്വഡോള്‍ സ്ഥാനപതി കാര്യാലയത്തില്‍ അഭയാര്‍ത്ഥിയായി കഴിയുകയായിരുന്നു. ഓസ്രേടലിയന്‍ പൗരനായ അസാഞ്ജ് 2006ലാണ് വിക്കിലീക്സ് സ്ഥാപിച്ചത്.
ഏപ്രില്‍15: ഫ്രാന്‍സിലെ എട്ടര നൂറ്റാണ്ട് പഴക്കമുള്ള വിഖ്യാത നോത്രദാം കത്തീഡ്രല്‍ കത്തിനശിക്കുന്നു. മധ്യപാരീസിലെ ഐല്ഡേയോ സൈറ്റില്‍ പതിമൂന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച കത്തീഡ്രലാണിത്. അലക്സാണ്ടര്‍ പതിമൂന്നാമന്‍ മാര്‍പാപ്പയും ലൂയി ഏഴാമനും ചേര്‍ന്ന് 1163ലാണ് തറക്കല്ലിട്ടത്. 1345ല്‍ നിര്‍മ്മാണം പൂര്‍ത്തിയായി.
ഏപ്രില്‍ 17: ലോകത്തിലെ മൂന്നാമത്തെ വലിയ ജനാധിപത്യ രാജ്യമായി അറിയപ്പെടുന്ന ഇന്തോനീഷ്യയുടെ പ്രസിഡന്റായി ജോക്കോ വിദോദോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ഏപ്രില്‍ 18: ഓസ്ട്രേലിയയിലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസിന്റെ നേതൃത്വത്തില്‍ കണ്‍സര്‍വേറ്റീവ് സഖ്യം വിജയിച്ചു.
ഏപ്രില്‍ 21: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തില്‍ കാസര്‍ഗോഡ് സ്വദേശിയടക്കം 10 ഇന്ത്യക്കാരുള്‍പ്പെടെ 300ല്‍ ഏറെപ്പേര്‍ കൊല്ലപ്പെട്ടു. കൊളംബോ സെന്റ് ആന്റണീസ് പള്ളി, പടിഞ്ഞാറന്‍ തീരനഗരമായ നെഗോംബോയിലെ സെന്റ് സെബാസ്റ്റിയന് പള്ളി, കിഴക്കന്‍ നഗരമായ ബട്ടിക്കലോവയിലെ സെന്റ് മിഖായേല്‍ ക്രിസ്ത്യന്‍പള്ളി, കൊളംബോയിലെ ആഡംബര ഹോട്ടലുകളായ ഷാന്‍ഗ്രി-ലാ, സിനമണ്‍ ഗ്രാന്‍ഡ്, കിങ്സ്ബറി എന്നിവിടങ്ങളിലാണ് സ്ഫോടനങ്ങളുണ്ടായത്.
ഏപ്രില്‍ 22: യുക്രൈന് പ്രസിഡന്റായി ഹാസ്യനടന് വ്ളാദിമിര്‍ സെലന്‍സ്കി തെരഞ്ഞെടുക്കപ്പെട്ടു.
ഏപ്രില്‍ 30: ജപ്പാന് ചക്രവര്‍ത്തിയായിരുന്ന അകിഹിതോ (84) സ്ഥാനത്യാഗം ചെയ്തു. കിരീടാവകാശിയായ നരുഹിതോ പകരം ചുമതലയേറ്റു. സ്ഥാനാരോഹണ ചടങ്ങുകള്‍ ഒക്ടോബര്‍ 22നാണ് പൂര്‍ത്തിയായത്. റെയ്വ യുഗം എന്നായിരിക്കും നരുഹിതോയുടെ ഭരണം അറിയപ്പെടുക. ഹെയ്സെയ് യുഗം എന്നായിരുന്നു അകിഹിതോ കാലഘട്ടം അറിയപ്പെട്ടിരുന്നത്.
ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ്. നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാരിന് ഭരണത്തുടര്‍ച്ച.
മേയ് 8: ദക്ഷിണാഫ്രിക്കയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സിറില്‍ റാമഫോസയ്ക്ക് അധികാരത്തുടര്‍ച്ച.
മേയ് 23-26: ബ്രിട്ടന് പുറത്തുപോയതിനു ശേഷമുള്ള പുതിയ യൂറോപ്യന്‍ പാര്‍ലമെന്റ്.
ജൂണ്‍ 9: കസാഖിസ്താന്‍ പ്രസിന്റായി കാസിം ജൊമാര്ട്സ് തൊകായേഖ് തിരഞ്ഞെടുക്കപ്പെട്ടു.
ജൂണ്‍ 15: സ്ലോവാക്യന്‍ പ്രസിഡന്റായി സൂസന്ന കപുടോവ അധികാരമേറ്റു. ഈ പദവിയില്‍ എത്തുന്ന ആദ്യ വനിതയാണ്. സ്ലോവാക്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുമാണ് 46കാരിയായ സൂസന്ന.
ജൂണ്‍ 20: നെതന്യാഹൂ ചരിത്രത്തിലേക്ക്.: ഏറ്റവുമധികകാലം ഇസ്രയേല്‍ പ്രധാനമന്ത്രി പദവി വഹിച്ചതിന്റെ റെക്കോര്‍ഡ് ബെഞ്ചമിന്‍ നെതന്യാഹുവിന് സ്വന്തം. 1996ലാണ് ഇസ്രയേലിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാമന്ത്രിയെന്ന റെക്കോര്‍ഡുമായി നെതന്യാഹൂ അധികാരത്തിലെത്തിയത്.
ജൂണ്‍ 30: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തര കൊറിയയില്‍. ഉത്തര കൊറിയന്‍ മണ്ണില്‍ കാലുകുത്തുന്ന ആദ്യ യു.എസ് പ്രസിഡന്റ്. ദക്ഷിണ-ഉത്തര കൊറിയകളുടെ അതിര്‍ത്തിയിലുള്ള സൈനിക രഹിത മേഖലയിലെത്തിയ ട്രംപിനെ ഉത്തരകൊറിയന്‍ ചെയര്മാന് കിം ജോങ് ഉന്‍ സ്വീകരിച്ചു.
ജൂലായ് 24: തെരേസാ മേയ് രാജിവെച്ചു. ബ്രെക്സിറ്റ് കരാറുകള്‍ക്ക് പാര്‍ലമെന്റിന്റെ അംഗകാരം നേടുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദവി തെരേസാ മേയ് രാജിവെച്ചു. 1990ല്‍ മാര്‍ഗരറ്റ് താച്ചറിന് ശേഷം ബ്രിട്ടനില്‍ അധികാരത്തിലെത്തുന്ന ആദ്യവനിതയായിരുന്നു മേയ്. 2016ലായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് മേയ് അധികാരത്തിലെത്തിയത്.
ഓഗസ്റ്റ്: തായ്ലാന്റ് പ്രധാനമന്ത്രിയായി രണ്ടാം വട്ടവും ജനറല്‍ പ്രയുത് ചാന് ഓച്ച തിരഞ്ഞെടുക്കപ്പെട്ടു. സൈനിക പിന്തുണയുള്ള ഓച്ചയുടെ പാര്‍ട്ടി 244നെതിരെ 500 വോട്ടുകള്‍ക്കാണ് നാഷണല്‍ അസംബ്ലി ഓഫ് തായ്ലാന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
സെപ്തംബര്‍ 20: ജപ്പാന് ആദ്യമായി റഗ്ബി ലോകകപ്പിന് ആതിഥ്യം വഹിക്കുന്നു.
സെപ്തംബര്‍ 27: വേള്‍ഡ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ദോഹയില്‍ തുടക്കം.
ഡിസംബര്‍ 12: അള്‍ജീരിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്രന് അബദേല്‍ മദ്ജിദ് തബോണിന് വിജയം. ഏപ്രില്‍ 18ന് നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് ഡിസംബറിലേക്ക് മാറ്റുകയായിരുന്നു.
ഡിസംബര്‍ 12: ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഉജ്വല വിജയം. ബോറീസ് ജോണ്സണ് പ്രധാനമന്ത്രിയായി ചുമതലയേറ്റു.
ഡിസംബര്‍ 18 ട്രംപിനെതിരായ ഇംപീച്ച്മെന്റ്: അധികാര ദുര്‍വിനിയോഗം ആരോപിച്ച് യു.എസ് ജനപ്രതിനിധി സഭയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം പാസായി. 197നെതിരെ 230നാണ് പ്രമേയം പസായത്. അമേരിക്കന്‍ ജനപ്രതിനിധി സഭ ഇംപീച്ച്മെന്റ് പ്രമേയം പാസാക്കുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്.
ഉച്ചകോടികള്‍:-
1.ഹനോയി ഉച്ചകോടി
ഫെബ്രുവരി 27, 28: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും പങ്കെടുത്ത രണ്ടാം ഉച്ചകോടി വിയറ്റ്നാമിലെ ഹനോയിയില്‍ നടന്നു. കൊറിയന്‍ മുനമ്പിലെ ആണവകേന്ദ്രങ്ങള്‍ നിര്‍വീര്യമാക്കുന്നതിന് പകരമായി ഉപരോധങ്ങള്‍ നീക്കണമെന്ന കിമ്മിന്റെ ആവശ്യം ട്രംപ് നിഷേധിച്ചു. 2018 ജൂണില്‍ സിംഗപ്പൂരിലായിരുന്നു ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ച.
2. ജി-20 ഉച്ചകോടി
ജൂണ്‍ 28,29: 14ാമത് ജി-20 ഉച്ചകോടി ജപ്പാനിലെ ഒസാക്കയില്‍ നടന്നു. ആദ്യമായാണ് ജപ്പാന് ജി-20ക്ക് ആഥിത്യം വഹിച്ചത്. രാജ്യങ്ങള്‍ തമ്മില്‍ നിയന്ത്രണമില്ലാതെ വിവരശേഖരം കൈമാറാനുള്ള ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ പ്രഖ്യാപനത്തില്‍ ഇന്ത്യ ഒപ്പുവച്ചില്ല.
3. ഹാങ്ഹായ് ഉച്ചകോടി
ജൂണ്‍ 13,14: 19ാം ഹാങ്ഹായ് കോ-ഓപ്പറേഷന് ഓര്ഗനൈസേഷന് സമ്മേളനം കിര്ഗിസ്താന് തലസ്ഥാനമായ ബിഷ്കെക്കില്‍ നടന്നു. 1995ല്‍ നിലവില്‍ വന്ന സംഘടനയില്‍ 2017 മുതല്‍ ഇന്ത്യ അംഗമാണ്. ബിഷ്കെക്കില്‍ നടന്ന ഇന്ത്യ കിര്‍ഗിസ് വ്യാപാര സമ്മേളനം നരേന്ദ്ര മോഡിയും കിര്ഗിസ്താന പ്രസിഡന്റ് ജീന്‍ബകോവും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.






