Authored by നീതു വര്‍ഗീസ് | Last updated: 31 Dec 2019, 12:39 PM | 7 min read
കായികലോകത്ത് വലിയ ആവേശവും അലയൊലികളും വിതറിയാണ് 2019 വിടവാങ്ങുന്നത്. കായികലോക ഭൂപടത്തില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണപതാക ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ പി.വി. സിന്ധുവിലൂടെയും ട്രാക്കില്‍ ഹിമാ ദാസിലൂടെയും, ബില്യാര്‍ഡ്‌സില്‍ പങ്കജ് അദ്വാനിയിലുടെയും പാറിയപ്പോള്‍, സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടം ചൂടി ഇന്ത്യയുടെ കൗമാരപ്പടയും അഭിമാനമായി. മൂന്നു ലോകകപ്പുകള്‍ക്കാണ് 2019 സാക്ഷ്യം വഹിച്ചത്. ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ്, ഫിഫ വനിത ഫുട്‌ബോള്‍ ലോകകപ്പ്, റഗ്ബി ലോകകപ്പ്.
ക്രിക്കറ്റ് ലോകകപ്പില്‍ 130 കോടി സ്വപ്നം സെമിയില്‍ അവസാനിച്ചത് ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയായി. റോണോയെ മറികടന്ന് മെസ്സി ആരവം ഫുട്‌ബോള്‍ ലോകത്ത് 'വീണ്ടും, വീണ്ടും, വീണ്ടും' മുഴങ്ങി. ചരിത്ര നിമിഷങ്ങള്‍ക്കും, അട്ടിമറികള്‍ക്കും, പുത്തന്‍ താരോദയങ്ങള്‍ക്കും 2019 'വഴിമാറിയപ്പോള്‍', ഫുട്‌ബോള്‍ ലോകത്ത് എമിലിയാനോ സലയും, ധനരാജും കേരളത്തിന്റെ ട്രാക്കില്‍ അഭീല്‍ ജോണ്‍സനും കണ്ണീരോര്‍മയുമായി...!
1. ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ്:
ക്രിക്കറ്റിന് ജന്മം നല്‍കിയ ഇംഗ്‌ളണ്ടിലെ 'ലോര്‍ഡ്‌സില്‍' തന്നെവെച്ച് ഇംഗ്‌ളണ്ട് ക്രിക്കറ്റില്‍ പുതിയ ലോകചാമ്പ്യന്മാരായി. ചരിത്രത്തിന്റെ കാവ്യനീതി, ഇംണ്ടിന്റെ ആദ്യ കിരീടധാരണംഎല്ലാത്തിനും ലോര്‍ഡ്‌സ് സാക്ഷി. ചരിത്രത്തില്‍ ആദ്യമായി സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ വിധിയെഴുതിയ ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചാണ് ഇംഗ്‌ളണ്ട് ലോചാമ്പ്യന്മാരായത്. ഫൈനല്‍ പോരാട്ടം സൂപ്പര്‍ ഓവറിലും ടൈ ആയതോടെ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയതിന്റെ അടിസ്ഥാനത്തില്‍ ഇംഗ്‌ളണ്ട് കിരീടം ചൂടുകയായിരുന്നു. ഇംഗ്‌ളണ്ട് താരം ബെന്‍ സ്‌റേറാക്‌സ് മാന്‍ ഓഫ് ദ് മാച്ചും, ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ടൂര്‍ണമെന്റിലെ താരവുമായി.
2. ഫിഫ വനിതാ ഫുട്‌ബോള്‍ ലോകകപ്പ്
ക്രിക്കറ്റ് മാമാങ്കത്തിനു തൊട്ടുപിന്നാലെ ഫിഫ വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ അലയൊലികളാണ് കായികലോകത്ത് നിറഞ്ഞത്. ഫ്രാന്‍സില്‍ നടന്ന 8ാമത് ലോകകപ്പ് ഫൈനലില്‍ യുഎസ് പെണ്‍പട നെതര്‍ലന്‍ഡ്‌സിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് നാലാമത് കിരീടം ചൂടി. തുടര്‍ച്ചയായി രണ്ട് കിരീടങ്ങള്‍ നേടുന്ന ടീമെന്ന നേട്ടവും യുഎസ് സ്വന്തമാക്കി. അമേരിക്കയ്ക്ക് ലോകകിരീടം സമ്മാനിച്ച പ്രകടനത്തില്‍ മേഗന്‍ റാപിനൊ മികച്ച വനിതാ ഫുട്‌ബോളര്‍ക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരവും തേടിയെത്തി.
3. റഗ്ബി ലോകകപ്പ്
റഗ്ബി ലോകകപ്പിന് ആദ്യമായി ആതിഥേയത്വം വഹിച്ച ആവേശത്തിലാണ് ഏഷ്യ. ജപ്പാനില്‍ നടന്ന 9ാമത് റഗ്ബി ലോകകപ്പില്‍ ഇംഗ്‌ളണ്ടിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക മൂന്നാമത് ലോകകിരീടം ചൂടി. 3212 നാണ് ഇംഗ്‌ളണ്ടിനെ ദക്ഷിണാഫ്രിക്ക അടിയറവ് പറയിച്ചത്. പൂള്‍ സ്‌റ്റേജില്‍ ഒരു മത്സരം കൈവിട്ടശേഷം കിരീടം നേടുന്ന ആദ്യ ടീമെന്ന നേട്ടവും 2019 റഗ്ബി കിരീടനേട്ടത്തിനൊപ്പം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.
4. പി.വി.സിന്ധു ലോകചാമ്പ്യന്‍
ബാഡ്മിന്റണ്‍ കോര്‍ട്ടിലെ ഇന്ത്യയുടെ 'വെള്ളിത്തിളക്കമായിരുന്ന' പി.വി. സിന്ധു ലോകത്തിന്റെ നെറുകയില്‍ എത്തിയ വര്‍ഷം. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സീഡ് ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് മറികടന്നാണ് സിന്ധു ചരിത്രം കുറിച്ചത്. വെറും 38 മിനിറ്റിനുള്ളില്‍ ഫൈനല്‍ പോരാട്ടം അനായാസം അവസാനിപ്പിച്ചാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണംനേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടവും സിന്ധു സ്വന്തമാക്കിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു മെഡല്‍ നേടുന്ന ഒരേയൊരു ഇന്ത്യന്‍ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി.
5. ഇടിക്കൂട്ടില്‍ വെങ്കലത്തിളക്കവുമായി മേരി കോം!
ലോക വനിതാ ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഇടിക്കൂട്ടിലെ റാണി മേരി കോമിന് വെങ്കലം. രണ്ടാം സീഡായ തുര്‍ക്കിയുടെ ബുസാനെസ് ചാകിരൊവിനോട് സെമിയില്‍ പരാജയപ്പെട്ടുവെങ്കിലും ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന വനിതാ താരമെന്ന നേട്ടം മേരി കോമിന് സ്വന്തമായി. നിലവില്‍ ആറ് ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണവുമായി ക്യൂബയുടെ ഇതഹിാസ താരം ഫെലിക്‌സ് സാവോന്റെ റെക്കോര്‍ഡിനൊപ്പമാണ് മേരി കോം. ആറ് സ്വര്‍ണം, ഒരു വെള്ളി, ഒരു വെങ്കലവുമായി മെഡല്‍ നേട്ടത്തില്‍ സാവോനെ കോം പിന്തള്ളി.
6.വെള്ളിത്തിളക്കവുമായി അമിത്
ലോക ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം അമിത് പംഗല്‍ വെള്ളിത്തിളക്കമായാണ് തിളങ്ങിയത്. ഫൈനലില്‍ ഉസ്‌ബെക്കിസ്താന്റെ ഷാഖോബിദീന്‍ സൈറോവിനോട് പരാജയപ്പെട്ടെങ്കിലും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന റെക്കോര്‍ഡാണ് അമിത് പേരിനൊപ്പം കൂട്ടിച്ചേര്‍ത്തത്. 52 കിലോഗ്രാം ഫ്‌ളൈ വെയ്റ്റ് വിഭാഗത്തിലാണ് അമിതിന്റെ ചരിത്ര വെള്ളി.
7. ദീപക് പൂനിയയുടെ പോരാട്ടം
ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ കിരീട പോരാട്ടത്തില്‍ നിന്ന് പരിക്കിനെ തുടര്‍ന്ന് പിന്മാറി ഇന്ത്യന്‍ യുവതാരം ദീപക് പൂനിയയ്ക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്, ഇന്ത്യയ്ക്കും വേദനയായി. തന്റെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പിലാണ് 20 കാരനായ ദീപക് പൂനിയയ്ക്ക് കണങ്കാലിനേറ്റ പരിക്ക് തിരിച്ചടിയായത്. 86 കിലോഗ്രാം വിഭാഗത്തിലാണ് ദീപക് പൂനിയയുടെ പോരാട്ടം വെള്ളിയിലൊതുങ്ങിയത്. 2016 ല്‍ വേള്‍ഡ് കേഡറ്റ് ടൈറ്റില്‍ നേടിയ ദീപക് ജൂനിയര്‍ ലോക ചാമ്പ്യനുമാണ്.
8. വീണ്ടും പങ്കജ്..
ബില്യാര്‍ഡ്‌സില്‍ ഇരുപത്തിരണ്ടാം ലോകകിരീടത്തില്‍ തുടര്‍ച്ചയായി നാലാമതും ഇന്ത്യയുടെ പങ്കജ് അദ്വാനി മുത്തമിട്ടു. ഐബിഎസ്എഫ് ബില്യാര്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ 150 അപ് ഫോര്‍മാറ്റിലാണ് അദ്വാനിയുടെ നേട്ടം. നാ ത്വായ് ഊവിനെ 62 ന് മറികടന്നാണ് അദ്വാനിയുടെ ഏകപക്ഷീയമായ വിജയം. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ അഞ്ചാമത് കിരീടമാണ് പങ്കജ് അദ്വാനിയുടേത്.
9. മെസ്സി തന്നെ ഫുട്‌ബോള്‍ രാജാവ്
മെസ്സിയോ റോണോയോ എന്ന ആരാധകരെ കുഴപ്പിക്കുന്ന ചോദ്യത്തിന് ഉത്തരം കിട്ടിയ വര്‍ഷമായിരുന്നു 2019. ഇക്കഴിയുന്ന വര്‍ഷം മെസ്സി റോണോയെ പിന്നിലാക്കിയത് നിരവധി തവണയാണ്. മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം, ബാലണ്‍ ദ്യോര്‍ പുരസ്‌കാരം, യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം എന്നിങ്ങനെ നേട്ടങ്ങളാണ് മെസ്സി കെപ്പിടിയിലൊതുക്കിയത്. ഫിഫയുടെ മികച്ച ലോക ഫുട്‌ബോളറായി ലയണല്‍ മെസ്സി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, വിര്‍ജിന്‍ല്‍ വാന്‍ ഡൈക് എന്നിവരെ മറികടന്നാണ് ആറാം തവണയും മെസ്സിയുടെ നേട്ടം.
ആറാം തവണ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം സ്വന്തമാക്കിയ മെസ്സി ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പിന്തള്ളുകയും ചെയ്തു. സ്പാനിഷ് ക്ലബ് ബാഴ്‌സലോണയെ ലീഗ് ചാമ്പ്യന്മാരാക്കിയതും അര്‍ജന്റീനയെ കോപ അമേരിക്ക ടൂര്‍ണമെന്റില്‍ സെമിയിലെത്തിച്ചതുമാണ് മെസ്സിയെ തേടി ആറാമത് ബാലണ്‍ ദ്യോര്‍ എത്തിയത്.
യൂറോപ്യന്‍ ലീഗുകളിലെ മികച്ച ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ഷൂ പുരസ്‌കാരവും ആറാം തവണയാണ് മെസ്സിയെ തേടിയെത്തുന്നത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് പുരസ്‌കാരനേട്ടം. ഏറ്റവും കൂടുതല്‍ തവണ പുരസ്‌കാരം നേടുന്ന താരമെന്ന നേട്ടവും മെസ്സിക്ക് സ്വന്തം.
10. സാഫ് കപ്പ് കിരീടം
അണ്ടര്‍18 സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടത്തില്‍ ആദ്യ മുത്തമിട്ട് ഇന്ത്യ. കാഠ്മണ്ഡുവില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ ബംാദേശിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ വിജയം. ഇഞ്ചുറി ടൈമില്‍ രവി ബഹാദുര്‍ റാണയാണ് വിജയ ഗോള്‍ നേടിയത്.
11. ബോള്‍ട്ടില്ലാത്ത ലോക ട്രാക്ക്..
ഒരു പതിറ്റാണ്ടിനുശേഷം ബോള്‍ട്ടില്ലാത്ത ആദ്യത്തെ ലോകചാമ്പ്യന്‍ഷിപ്പ് ട്രാക്കായിരുന്നു 2019 ലേത്. ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടില്ലാത്ത ആദ്യ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പാണ് ദോഹയില്‍ നടന്നത്. 2007 മുതല്‍ 2017 വരെ നടന്ന ആറ് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ട്രാക്കിന്റെ വിസ്മയം തീര്‍ത്താണ് ബോള്‍ട്ട് ട്രാക്ക് വിട്ടത്. ആറ് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്ന് 11 സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും ബോള്‍ട്ടിന്റെ കരിയറിലുണ്ട്. ബോള്‍ട്ടില്ലാത്ത ലോക ട്രാക്കില്‍ അമേരിക്കന്‍ യുവതാരം ക്രിസ്റ്റിയന്‍ കോള്‍മാന്‍ വേഗരാജാവായി. ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ വേഗറാണിയുമായി.
12. ട്വന്റി20 ലോകകപ്പിന് പാപുവ ന്യൂ ഗിനി
ട്വന്റി20 ലോകകപ്പിന് യോഗ്യത നേടി പാപുവ ന്യൂ ഗിനി എന്ന കുഞ്ഞന്‍ രാജ്യം ക്രിക്കറ്റില്‍ ചരിത്രമെഴുതിയ വര്‍ഷം. യോഗ്യത റൗണ്ടിലെ അവസാന മത്സരത്തില്‍ കെനിയയെ തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പാപുവ ന്യൂ ഗിനി അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിന് യോഗ്യത നേടിയത്. ക്രിക്കറ്റിലെ വമ്പന്മാരായ ഓസ്‌ട്രേലിയയുടെ അയല്‍ രാജ്യമാണ് പാപുവ.
13. വിലക്കിന്റെ വര്‍ഷം..
ബംഗ്‌ളാ കടുവകളെ ഞെട്ടിച്ചുകൊണ്ടാണ് ബംഗ്‌ളാദേശിന്റെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ ഷാക്കിബിന് വിലക്ക് വീണത്. ബംഗ്‌ളാദേശ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും ഏകദിനത്തില്‍ ലോക ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടറുമായ ഷാക്കിബ് അല്‍ ഹസ്സന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) രണ്ടു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. വാതുവെയ്പുകാര്‍ സമീപിച്ച വിവരം ഐസിസി അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് വിലക്ക്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമാണ് വിലക്കിയിരിക്കുന്നത്.
4. നാലു വര്‍ഷത്തേയ്ക്ക് കായിക ഭൂപടത്തില്‍ നിന്നും റഷ്യ മാഞ്ഞു.
കായിക താരങ്ങളുടെ മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ലാബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയെന്ന് കാണിച്ചാണ് വേള്‍ഡ് ആന്റി ഡോപിങ് ഏജന്‍സി(വാഡ) റഷ്യയെ നാലു വര്‍ഷത്തേയ്ക്ക് വിലക്കിയത്. ഇതോടെ 2020 ടോക്യോ ഒളിമ്പിക്‌സ്, 2022 ഖത്തര്‍ ലോകകപ്പ്, 2022 ബെയ്ജിങ് ശീതകാല ഒളിമ്പിക്‌സും റഷ്യയ്ക്ക് നഷ്ടമാകും. എന്നാല്‍ ഉത്തേജമ മരുന്ന് പരിശോധനയില്‍ വിജയിച്ചാല്‍ റഷ്യന്‍ കായിക താരങ്ങള്‍ക്ക് സ്വതന്ത്ര പതാകയുടെ കീഴില്‍ ഒളിമ്പിക്‌സില്‍ മത്സരിക്കാനാകും.
15. ചരിത്രം വഴിമാറിയ നിമിഷങ്ങള്‍.
സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ തുല്യ വേതനമെന്ന ചരിത്ര നീക്കവുമായി ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍. വനിതാ ഫുട്‌ബോളില്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഓസ്‌ട്രേലിയയുടെ ചരിത്ര തീരുമാനത്തോടെ പുരുഷ താരങ്ങള്‍ക്ക് ലഭിക്കുന്ന അതേ സൗകര്യം വനിതാ താരങ്ങള്‍ക്കും ലഭിക്കു. ലോക ഫുട്‌ബോള്‍ റാങ്കിങ്ങില്‍ വനിതാ ടീം എട്ടാമതും. പുരുഷ ടീം 44ാം സ്ഥാനത്തുമാണ്. നേരത്തെ നോര്‍വേ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ദേശീയ താരങ്ങള്‍ക്ക് തുല്യവേതനം ഉറപ്പാക്കിയിരുന്നു.
16. ജി.എസ് ലക്ഷ്മി
പുരുഷ ഏകദിനത്തിലെ ആദ്യ വനിതാ മാച്ച് റഫറിയായി ജി. എസ് ലക്ഷ്മി. ഐസിസിയുടെ ആദ്യ വനിതാ മാച്ച് റഫറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യക്കാരിയുടെ അടുത്ത ചരിത്ര കാല്‍വെയ്പ്പ്. യുഎഇയില്‍ നടന്ന ഐസിസി ലോകകപ്പ് ലീഗ് ഉദ്ഘാടന മത്സരിത്തിലാണ് 51 കാരിയായ ലക്ഷ്മി മാച്ച് റഫറിയായത്.
17. മാരത്തണ്‍ വിസ്മയം..
പകരമാവില്ല, പകരം വെയ്ക്കാനുമാവില്ല മാരത്തണില്‍ രണ്ടു മണിക്കൂര്‍ തൊടാതെ വിസ്മയം തീര്‍ത്ത ഈ ഇതിഹാസത്തെ. കെനിയയുടെ 34 കാരനായ എല്യൂഡ് കിപ്‌ചോജിനാണ് രണ്ടു മണിക്കൂറില്‍ താഴെ ഓടിയെത്തി മാരത്തണില്‍ മാന്ത്രിക സമയം കുറിച്ചത്. ഒരു മണിക്കൂര്‍ 59 മിനിറ്റ് 40.2 സെക്കന്‍ഡിലാണ് ഒളിമ്പിക്‌സ് ചാമ്പ്യന്‍ കൂടിയായ എല്യൂഡ് ഫിനിഷിങ് ലൈന്‍ തൊട്ടത്.
18. യുഎസ് ഓപ്പണ്‍..
2019 ല്‍ യുഎസ് ഓപ്പണ്‍ കിരീടത്തിനു അവകാശിയായി ഒരു പത്തൊമ്പതുകാരിയുടെ പുതുപ്പിറവി. കാനഡക്കാരി ബെനിക്ക ആന്ദ്രിസ്‌ക്കുവാണ് 7ാം കിരീടം ലക്ഷ്യമിട്ടെത്തിയ 37 കാരിയായ സെറീന വില്യംസിനെ അട്ടിമറിച്ച് യുഎസ് ഓപ്പണ്‍ വനിതാ ടെന്നീസ് ചാമ്പ്യനായത്. ബെനിക്കയുടെ കന്നി ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.
19. ട്രാക്കില്‍ 'ഹിമാ' കാറ്റ്..
പതിനെട്ടു ദിവസത്തിനിടെ അഞ്ച് അന്താരാഷ്ട്ര സ്വര്‍ണം നേടിയാണ് യുവ അത്‌ലറ്റ് ഹിമാ ദാസ് ഇന്ത്യന്‍ അഭിമാനമായത്.
. ജൂലൈ ഒമ്പതിന് പോണ്ടല്‍ കുട്‌നോ അത്‌ലറ്റിക് മീറ്റില്‍ 200 മീറ്റര്‍ സ്വര്‍ണം.
. ജൂലൈ 13 ന് ചെക്ക് റിപ്പബ്ലിക് അത്‌ലറ്റിക് മീറ്റില്‍ 200 മീറ്റര്‍ സ്വര്‍ണം.
. പിന്നാലെ ചെക്ക് റിപ്പബ്ലിക്കില്‍ തന്നെ ടാബോര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ 200 മീറ്റര്‍ സ്വര്‍ണം.
.ഒടുവില്‍ ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന നൊവോ മെസ്സോ നാദ് മെറ്റജി ഗ്രാന്‍പ്രിക്‌സില്‍ 400 മീറ്റര്‍ സ്വര്‍ണം നേട്ടം അഞ്ചിലെത്തിച്ചു, ഇന്ത്യന്‍ പതാക വാനില്‍ പാറിച്ചു.
20. ഇന്ത്യന്‍ ക്രിക്കറ്റില്‍ 'ദാദാ'യുഗം പിറന്ന വര്‍ഷം.
ബിസിസിഐ അധ്യക്ഷനായി ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി 2019 ഒക്‌ടോബറില്‍ ചുമതലയേറ്റു. കേരളത്തിന്റെ പ്രതിനിധി ജയേഷ് ജോര്‍ജ് ബിസിസിഐ ജോയിന്റ് സെക്രട്ടറിയുമായി.
21. ഫെഡറേഷന്‍ കപ്പ് വോളിബോളില്‍ ഇരട്ടക്കിരീടം അണിഞ്ഞ് കേരളം.
ഫെഡറേഷന്‍ കപ്പ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പുരുഷവനിതാ ടീമുകള്‍ കിരീടം നേടി ചരിത്രമെഴുതി. ഫൈനലില്‍ പുരുഷ ടീം തമിഴ്‌നാടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് കിരീടം ചൂടിയത്. റെയില്‍വേസിനെ തകര്‍ത്താണ് വനിതാ ടീമിന്റെ കിരീട നേട്ടം. ഫെഡറേഷന്‍ കപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇരുവിഭാഗങ്ങളിലും കേരളം കപ്പുയര്‍ത്തുന്നത്.
22. ദേശീയ സ്‌കൂള്‍ കായികമേള
പഞ്ചാബില്‍ നടന്ന ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളം കിരീടം ചൂടി. പെണ്‍കരുത്തില്‍ 273 പോയിന്റുമായാണ് കേരളം ചാമ്പ്യന്മാരായത്. നാലു സ്വര്‍ണവുമായി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആന്‍സി സോജന്‍ മീറ്റിലെ മികച്ച താരമായി.
23. സംസ്ഥാന സ്‌കൂള്‍ കായികമേള
കോതമംഗലം സെന്റ് ജോര്‍ജിന്റെ മൊട്ടക്കുട്ടികള്‍ കായിക ട്രാക്കില്‍ നിന്ന് അപ്രത്യക്ഷമായ വര്‍ഷം. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളത്തെ പിന്തള്ളി പാലക്കാട് കിരീടം ചൂടുകയും ചെയ്തു. 2016 ന് ശേഷം ആദ്യാമായാണ് പാലക്കാടിന്റെ കിരീടനേട്ടം.
24. ഡ്യൂറന്റ് കപ്പ്
22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഡ്യൂറന്റ് കപ്പ് ഗോകുലം കേരള എഫ്‌സി കേരളത്തിലെത്തിച്ചു. കൊല്‍ക്കത്തയില്‍ നടന്ന ഫൈനലില്‍ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഗോകുലം ഡ്യൂറന്റ് കപ്പില്‍ മുത്തമിട്ടത്. ട്രിനിടാഡ് താരം മാര്‍ക്കസ് ജോസഫിന്റെ ഇരട്ട ഗോള്‍ മികവിലാണ് ഗോകുലം കപ്പുയര്‍ത്തിയത്. 1997 ല്‍ ഡ്യുറന്റ് കപ്പ് ഫൈനലില്‍ മോഹന്‍ ബഗാനെ പരാജയപ്പെടുത്തി കൊച്ചിന്‍ എഫ്‌സിയാണ് അവസാനമായി കിരീടം കേരളത്തിലെത്തിച്ചത്.
25. പിങ്ക് ടെസ്റ്റ് ചരിത്രം..
പിങ്ക് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം. കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആദ്യ പിങ്ക് ടെസ്റ്റിലാണ് ആതിഥേയരായ നിലപ്പട ചരിത്രമെഴുതിയത്. ഇന്നിങ്‌സിനും 46 റണ്‍സിനുമാണ് കോഹ്‌ലിപ്പട ചരിത്രമെഴുതിയത്. പിങ്ക് ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി സ്വന്തമാക്കി. ഇന്ത്യ കളിച്ചത് 12-ാമത് ഡേനൈറ്റ് ടെസ്റ്റാണ്. അഞ്ച് വിജയം നേടിയ ഓസീസാണ് പിങ്ക് ഡേനൈറ്റ് ടെസ്റ്റില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ വിജയം നേടിയിരിക്കുന്നത്.
26. ഐപിഎല്‍ കിരീടം
2019 ലെ ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ഫൈനലില്‍ ഒരു റണ്‍സ് വിജയത്തിലൂടെ മുംബൈ ഇന്ത്യന്‍സ് കിരീടം ചൂടി. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരില്‍ മഹേന്ദ്ര സിങ് ധോണി നായകനായ ചെന്നൈ കിങ്‌സിനെ രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സ് തോല്‍പ്പിച്ച്, നാലാമത് കിരീടം ഉയര്‍ത്തി. 2013, 2015, 2017 സീസണുകളിലാണ് മുംബൈ കിരീടം നേടിയിട്ടുള്ളത്.
27. എമിലിയാനോ സല
ഫുട്‌ബോള്‍ ലോകത്ത് കണ്ണീര്‍ വീഴ്ത്തിയാണ് അര്‍ജന്റീന ഫുട്‌ബോള്‍ താരം എമിലിയാനോ സല വിടപറഞ്ഞത്. ജനുവരി 21 ന് ഫ്രാന്‍സിലെ നാന്റസില്‍ നിന്ന് കാര്‍ഡിഫിലേയ്ക്കുള്ള യാത്രാമധ്യേ ഇരുപത്തിയെട്ടുകാരനായ സല സഞ്ചരിച്ചിരുന്ന വിമാനം കാണാതാകുകയായിരുന്നു. നീണ്ട തിരച്ചിലുകള്‍ക്കൊടുവില്‍ ഫെബ്രുവരി ആദ്യ ആഴ്ചയില്‍ ഇംഗ്ലീഷ് കടലിടുക്കില്‍ നിന്നാണ് സലയുടെ മൃതദേഹം കണ്ടെത്തിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയാണ് പൂര്‍ത്തിയാക്കാതെ സല കണ്ണീരോര്‍മയായത്.
28 അത്‌ലറ്റിക് മീറ്റ് ദുരന്തം:
സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെയുണ്ടായ ഹാമര്‍ ദുരന്തം കായിക കേരളത്തിനെ കണ്ണീരണിയിച്ചു. പാലായില്‍ നടന്ന മീറ്റിനിടെയാണ് ഹാമര്‍ ത്രോ മത്സരത്തിനിടെ ഹാമര്‍ തലയില്‍ പതിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അഫീല്‍ ജോണ്‍സണ്‍(16) മരണപ്പെട്ടത്. മത്സരത്തില്‍ വോളന്റീയറായിരുന്ന അഭീല്‍ ജാവലിന്‍ എടുക്കുന്നതിനിടെ അപ്രതീക്ഷിതമായി ഹാമര്‍ വന്ന് തലയില്‍ പതിക്കുകയായിരുന്നു.