
അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ അഭിമാനകരമായ നേട്ടങ്ങള്‍, വൈവിധ്യമാര്‍ന്ന പ്രമേയങ്ങളും അവതരണവും, സൂപ്പര്‍താര- ബിഗ്ബജറ്റ് പരിവേഷങ്ങളില്ലാത്ത സാധാരണ മനുഷ്യരുടെ ജീവിതം പറഞ്ഞ ഗംഭീര ചിത്രങ്ങളെ പ്രേക്ഷകര്‍ നെഞ്ചോടുചേര്‍ത്ത കാലം. പോയ വര്‍ഷം മലയാള സിനിമയ്ക്ക് മികവിന്റെ വര്‍ഷമായിരുന്നു
രാജ്യാന്തര മേളകളില്‍ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിയ സനല്‍കുമാര്‍ ശശിധരന്റെ ചോല, ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലികെട്ട്, ഡോ. ബിജുവിന്റെ വെയില് മരങ്ങള്‍, ഗീതുമോഹന്‍ദാസിന്റെ മൂത്തോന് എന്നീ ചിത്രങ്ങള്‍ മലയാളത്തിന്റെ നവവസന്തങ്ങളായി. സിംഗപ്പൂരില്‍ നടന്ന സൗത്ത് എഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ വെയില് മരങ്ങളിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. ഗോവയില്‍ നടന്ന ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ രണ്ടാം തവണയും മികച്ച സംവിധായകനുള്ള പുരസ്കാരം ജല്ലിക്കെട്ടിന് ലിജോ ജോസ് പല്ലിശ്ശേരി നേടി.
194 ചിത്രങ്ങളാണ് മലയാളത്തില്‍ 2019ല്‍ പുറത്തിറങ്ങിയത് . പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കണക്കുപ്രകാരം ഇതില്‍ 23 ചിത്രങ്ങള്‍ക്കു മാത്രമാണ് മുടക്കുമുതല്‍ തിരിച്ചുകിട്ടിയത്. ബാക്കിയുള്ളവയ്ക്ക് രക്ഷയായത് സാറ്റലൈറ്റ് , ഡിജിറ്റല്‍ അവകാശങ്ങളില്നിന്നുള്ള വരുമാനത്തില്‍നിന്നാണ്. 805 കോടി മുതല്‍മുടക്കിയ സിനിമയില്‍ 540 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ആദ്യത്തെ ബോക്സ് ഓഫീസ് ഹിറ്റ് വിജയ് സൂപ്പറും പൗര്‍ണമിയുമായിരുന്നു. എന്നാല്‍ അത്ഭുതമായത് വെറും 2 കോടിയില്‍ താഴെ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച് 15 കോടി കളക്ഷന്‍ നേടിയ തണ്ണീര്‍മത്തന്‍ ദിനങ്ങളാണ്.
പ്രളയവും സാമ്പത്തികമാന്ദ്യവും തകര്‍ത്ത സിനിമാ വിപണിയെ ഉണര്‍ത്തിയത് പൃഥ്വിരാജിന്റെ പ്രഥമ സംവിധാനസംരംഭമായ മോഹന്‍ലാല്‍ ചിത്രം ലൂസിഫറാണ്. മലയാള സിനിമയെ 100 കോടി ക്ലബ്ബില്‍ എത്തിച്ച ചിത്രം. പിന്നീടു വന്ന മമ്മൂട്ടി ചിത്രം മാമാങ്കവും ഇതേ പാതയില്‍ കളക്ഷന്‍ റെക്കോര്‍ഡിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു. സൂപ്പര്‍താരങ്ങള്‍ക്ക് മാത്രം ഉറപ്പുതരാന്‍ സാധിച്ചിരുന്ന വമ്പന്‍ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ മലയാളത്തിന്റെ യുവതലമുറയക്കായി എന്നതും പ്രതീക്ഷ നല്കുന്ന കാര്യമാണ്. കുമ്പളങ്ങി നൈറ്റ്സും ആന്‍ഡ്രോയിഡ് കുഞ്ഞപ്പനും കെട്ടിയോളാണെന്റെ മാലാഖയും എഴുതിയത് പുതിയ ചരിത്രമാണ്. അതിജീവനത്തിന്റെ കഥ പറഞ്ഞ വൈറസും, സ്ത്രീയുടെ പോരാട്ടം പ്രമേയമാക്കിയ ഉയരെയും പോലുള്ള ചിത്രങ്ങള്‍ പ്രേക്ഷകര്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചു എന്നത് സിനിമയിലെ പുതുതലമുറയ്ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.
2019ലെ മികച്ച ചില ചിത്രങ്ങള്‍
2019 തിളങ്ങിയ മലയാള ചിത്രങ്ങള്‍ നിരവധിയാണ്. ഇവയില്‍ ആദ്യം പറയേണ്ടത് പുതുമുഖ സംവിധായകന് മധു സി നാരായണന് ഒരുക്കിയ കുമ്പളങ്ങി നൈറ്റ്സാണ്. ശ്യാം പുഷ്കരന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ സൗബിന് ഷാഹിറും ഷെയ്ന് നിഗമും ഫഹദ് ഫാസിലും ശ്രീനാഥ് ഭാസിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കുമ്പളങ്ങിയിലെ മനോഹര രാവുകളിലൂടെയുള്ള യാത്ര അസാധാരണമായ കാഴ്ചാനുഭവമായി മാറി.
ഉണ്ട- പോലീസുകാരുടെ പച്ച ജീവിതം പറഞ്ഞ ചിത്രം. മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്റെ സ്റ്റാര്‍ വാല്യു ഒട്ടുമേ ഉപയോഗപ്പെടുത്താതെ ഒരുക്കിയ എസ് ഐ മണിയെന്ന കഥാപാത്രം. കൃത്യമായ രാഷ്ട്രീയമുള്ള സൂക്ഷ്മമായ ഡീറ്റെയിലിംഗുള്ള ചിത്രം. കഥാപാത്രങ്ങളെയാണ് സിനിമ വരച്ചു കാണിക്കുന്നത് അല്ലാതെ അഭിനേതാക്കളെയല്ല. അനുരാഗ കരിക്കിന്‍വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട.
വൈറസ്- അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു വൈറസ്. കോഴിക്കോടിനെ പിടിച്ചുകുലുക്കിയ നിപ വൈറസിനെ കുറിച്ച് ചര്‍ച്ച ചെയ്ത ചിത്രം സംവിധാനം ചെയ്തത് ആഷിഖ് അബു ആയിരുന്നു. നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരന്നത്. 2019ലെ ഹിറ്റ് ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു വൈറസ്. ഒരുപോലെ പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം. നിരവധി താരങ്ങള്‍ അണി നിരന്ന ചിത്രം വന്‍ കളക്ഷനാണ് നേടിയത്. 20196ല്‍ എറണാകുളത്ത് നിപ റിപ്പോര്‍ട്ട ചെയ്തപ്പോഴാണ് സിനിമ റിലീസ് ചെയ്തതും.
യുവനടന്മാരില് ശ്രദ്ധേയനായ ഷെയ്ന് നിഗം നായകനായ ചിത്രമായിരുന്നു ഇഷ്ക്. അനുരാജ് മധുര് ആണ് ചിത്രം സംവിധാനം ചെയതത്. വാര്‍ത്തകളില്‍ പലപ്പോഴും നിറയുന്ന സദാചാരം തന്നെയാണ് സിനിമ ചര്‍ച്ചയാക്കിയത്. സദാചാരവാദികള്‍ക്കുള്ള ചെകിടടച്ചുള്ള മറുപടിയായിരുന്നു ചിത്രം എന്നാണ് നിരൂപകര്‍ പറഞ്ഞത്. കാറില്‍ ഇരിക്കുന്ന രണ്ട് കമിതാക്കളെ സദാചാരവാദികളായ രണ്ട് പേര് പിടികൂടി ഉപദ്രവിക്കുന്നതും പകരം വീട്ടലുമൊക്കെയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ഷെയന്റെ അഭിനയവും മികച്ച അഭിപ്രായം നേടിയിരുന്നു.
പാര്‍വതി തിരുവോത്തിന് ഏറെ പ്രാധാന്യമുള്ള നായിക വേഷം ലഭിച്ച ചിത്രമാണ് ഉയരെ. പല്ലവി രവീന്ദ്രന് എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് പാര്‍വ്വതി കാഴ്ചവെച്ചത്. ആസിഡ് ആക്രമണത്തിന്റെ ഇരയുടെ കഥപറഞ്ഞ ചിത്രം ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥകൂടെയാണ് പറഞ്ഞത്. പുതുമുഖ സംവിധായകന് മനു അശോകന് സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഫ് അലിയും ടൊവിനൊയും സിദ്ദിഖും സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ബോബി സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള ആസിഫ് അലിയുടെ കഥാപാത്രം വലിയ പ്രശംസയാണ് നേടിയത്.
തിയേറ്റര്‍ റിലീസിന് മുമ്പ് തന്നെ അന്തരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമായിരുന്നു ജെല്ലിക്കെട്ട്. ലിജോജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാന കഥാപാത്രം ഒപു പോത്ത് ആയിരുന്നു. ആന്റണി വര്‍ഗീസും ചെമ്പന്‍ വിനോദ് ജോസും തരികിട സാബുവുമൊക്കെ വന്‍ അഭിനയമാണ് പുറത്തെടുത്തത്. റിയലിസ്റ്റിക് ഗണത്തില്‍പ്പെട്ട ചിത്രം ബോക്സ്ഓഫീസിലും വലിയ വിജയമായിരുന്നു. 95 മിനിറ്റുകള്‍ മാത്രമായിരുന്നു ചിത്രത്തിന്റെ ദൈര്‍ഘ്യം.
നിവിന്‍ പോളിയുടെ കരിയറിലെ വലിയ അഭിനയ പ്രാധാന്യമുള്ള ചിത്രമായിരുന്നു ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്. തന്റെ മൂത്ത സഹോദരനെ തേടുന്ന കുട്ടി മുംബൈ തെരുവില്‍ എത്തിപ്പെടുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. സ്വവര്‍ഗാനുരാഗവും നിലവില്‍ സമൂഹം ഈ ഒരു കാര്യത്തോട് മുഖം തിരിക്കുന്നതുമൊക്കെ വളരെ കയ്യടക്കത്തോടെ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രമായിരുന്നു മൂത്തോന്. ചിത്രത്തില്‍ റോഷന് മാത്യു അവതരിപ്പിച്ച കഥാപാത്രവും വളരെ ശ്രദ്ധിക്കപ്പെട്ടു.
2019ലെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ഗൃഹാതുരത്വം നിറഞ്ഞ ചിത്രമെന്നാണ് പലരും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ കണ്ട ശേഷം പറഞ്ഞത്. ജെയിസനും കീര്ത്തിയുമെന്ന പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ പ്രണയബന്ധമാണ് ചിത്രം പറഞ്ഞത്. ചിത്രത്തില്‍ അധ്യാപകന് രവി പത്മനാഭന് എന്ന വേഷത്തില്‍ വിനീത് ശ്രീനിവാസനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പ്ലസ് ടു ലൈഫുകള്‍ സിനിമയില്‍ വളരെ മികച്ച രീതിയില്‍ അവതരിപ്പിച്ചു എന്ന് തന്നെയായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. പുതുമുഖ സംവിധായകനായ ഗിരീഷ് എഡി ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.
കുമ്പളങ്ങി നൈറ്റ്സിന് ശേഷം അന്ന ബെന്‍ അഭിനയിച്ച ചിത്രമായ ഹെലെന് ശ്രദ്ധേയമായ ചിത്രമായിരുന്നു. ഹെലെന് എന്ന കഥാപാത്രം ഫ്രീസറില്‍ അകപ്പെടുന്നതും പിന്നീട് സംഭവിക്കുന്നതുമാണ് ചിത്രം പറഞ്ഞത്. ഉടനീളം ഒരു ത്രില്ലര്‍ സ്വഭാവം കാത്തു സൂക്ഷിക്കുന്ന ചിത്രം സംവിധാനം ചെയ്തത് മാത്തുക്കുട്ടി സേവ്യര്‍ ആയിരുന്നു. വിനീത് ശ്രീനിവാസനാണ് ചിത്രം നിര്‍മ്മിച്ചത്. ഹലെന്റെ പഠനവും ജോലിയും പ്രണയ ബന്ധവുമൊക്കെയാണ് ചിത്രം പറഞ്ഞത്.
കെട്ടിയോളാണ് എന്റെ മാലാഖ അവതരണം കൊണ്ടും കൈകാര്യം ചെയ്ത വിഷയം കൊണ്ടും വളരെ വ്യത്യസ്തമായ ചിത്രമായിരുന്നു. മലയാള സിനിമ മുമ്പ് ചര്‍ച്ച ചെയ്യാത്ത വിഷയമായിരുന്നു ചിത്രം ചര്‍ച്ച ചെയ്തത്. ഇടുക്കിയിലെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ഉടനീളം ഗ്രാമീണ ഭംഗി നിറഞ്ഞ് നില്‍ക്കുന്നതാണ്. പുതുമുഖമായ നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്തത്. സ്ലീവാച്ചനായി ആസിഫ് അലി തകര്‍ത്തപ്പോള്‍ റിന്‍സിയായി പുതുമുഖ നടി വീണ നന്ദകുമാറും പ്രേക്ഷകരെ ഞെട്ടിച്ചു.
2019 ലെ മലയാള സിനിമയില്‍ രാജാക്കന്മാര് ഇവരാണ്
2019ല്‍ ഓരോ നടന്മാരുടെയും വ്യത്യസ്ത പ്രകടനമാണ് മലയാളികള്‍ കണ്ടത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് സുരാജ് എന്ന നടന്റെ ഭാവ പകര്‍ച്ചയായിരുന്നു. ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രത്തിലൂടെ സുരാജ് എന്ന നടന്റെ ഉള്ളിലെ അഭിയനത്തിന്റെ കനല് പ്രേക്ഷകര്‍ കണ്ടതാണ്. ആ കനല് തീയായി പടര്‍ന്നിരിക്കുകയാണ് 2019ല്‍. ഫൈനല്‍സ്, വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് എന്നീ ചിത്രങ്ങളില്‍ ഓരോ കഥാപാത്രങ്ങളായി അദ്ദേഹം ജീവിക്കുകയായിരുന്നു. ഒടുവിലായി പുറത്തെത്തിയ ഡ്രൈവിംഗ് ലൈസന്‍സില്‍ പൃഥ്വിരാജിനേക്കാള്‍ ഒരു പടി മുകളില്‍ നില്ക്കുന്നു സുരാജിന്റെ കഥാപാത്രം.
പിന്നാലെയുണ്ട് ആസിഫ് അലി. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ കുടുംബപ്രക്ഷേകരുടെ പ്രിയതാരമായിട്ടാണ് 2019 ആസിഫ് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഉയരെ, വൈറസ്, കക്ഷി അമ്മിണിപ്പിള്ള, കെട്ടിയോളാണെന്റെ മാലാഖ എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങള്‍. ഈ വര്‍ഷം ഹിറ്റായ നാല് ചിത്രങ്ങളില്‍ ഭാഗമാകാന്‍ ആസിഫിനായി. ഒരു തരത്തില്‍ പറഞ്ഞാല്‍ ആസിഫിന്റെ കരിയറിലെ തന്നെ മികച്ച വര്‍ഷങ്ങളില്‍ ഒന്നാണ് 2019. ഉയരെയിലെ ഗോവിന്ദ് എന്ന നെഗറ്റീഷ് ഷെയ്ഡുള്ള ആസിഫിന്റെ കഥാപാത്രം വലിയ വിജയമായി. ഹിറ്റ് ചിത്രമായ ഉണ്ടയിലും ആസിഫ് പ്രത്യക്ഷപ്പെട്ടു.
പേരന്പ് എന്ന ഒറ്റ ചിത്രം മതി മമ്മൂട്ടി എന്ന നടനെ 2019 ഓര്‍മിക്കാന്‍. തമിഴ് ചിത്രമായിരുന്ന പേരന്പ് മലയാളത്തിലും മൊഴിമാറ്റി എത്തിയിരുന്നു. മാത്രമല്ല ഉണ്ടയിലൂടെ പച്ചയായ പോലീസുകാരനായും അദ്ദേഹം തിളങ്ങി. മധുരരാജയിലൂടെ മാസ് കാണിച്ചപ്പോള്‍ ഗാനഗന്ധര്‍വ്വനിലൂടെ കുടുംബ പ്രേക്ഷകരുടെ കൈയ്യടിയും നേടി. ഒടുവില്‍ മാമാങ്കത്തില്‍ എത്തി നില്ക്കുന്നു മമ്മൂട്ടിക്ക് 2019. തെലുങ്ക് ചിത്രം യാത്രയും മമ്മൂട്ടിയുടെ 2019 ഹിറ്റുകളില്‍ ഒന്നായി.
പോയ വര്‍ഷം മോഹന്‍ലാലിന്റേതായി മൂന്ന് ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. ഇതില്‍ ഒന്ന് തമിഴ് ചിത്രവും, സൂര്യയ്ക്ക് ഒപ്പമുള്ള കാപ്പന്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫറാണ് മോഹന്‍ലാലിന് 2019ലെ വമ്പന്‍ ഹിറ്റ് സമ്മാനിച്ചത്. മാസും ക്ലാസുമായി മോഹന്‍ലാല്‍ നിറഞ്ഞ ചിത്രം. ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന ചിത്രമാണ് 2019ല്‍ മോഹന്‍ലാല്‍ നായകനായ മറ്റൊരു ചിത്രം.
ഷെയ്ന് നിഗമും ഏറെ ശ്രദ്ധിക്കപ്പെട്ട പ്രകടനം നടത്തിയ വര്‍ഷമാണ് 2019. കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക്, ഓള്, വലിയപെരുന്നാള് എന്നിങ്ങനെ നാല് ചിത്രമാണ് ഷെയ്ന്റേതായി പുറത്തെത്തിയത്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
മലയാളത്തില്‍ പോയവര്‍ഷം രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ഫഹദ് ഫാസിലിന്റേതായി പുറത്തെത്തിയത്. കുമ്പളങ്ങി നൈറ്റ്സും അതിരനും. കുമ്പളങ്ങി നൈറ്റ്സിലെ സൈക്കോ വില്ലനായ ഷമ്മിയെ നെഞ്ചിലേറ്റാത്ത മലയാള സിനിമ ആരാധകരില്ല. ഷമ്മി ഹീറോയാടാ ഹീറോ എന്ന ഡയലോഗ് ഒരിക്കലെങ്കിലും പറയാത്തവരും കാണില്ല. അതിരനിലെ ഫഹദ് കഥാപാത്രവും ഏറെ പ്രിയങ്കരമായി. താരം അഭിനയിച്ച തമിഴ് ചിത്രം സൂപ്പര്‍ ഡിലക്സ് പുറത്തെത്തിയതും 2019ലാണ്.
നിവിന്‍ പോളിക്കും 2019 മികച്ച വര്‍ഷമായിരുന്നു. നിവിന്റേതായി മൂന്ന് ചിത്രങ്ങളാണ് പുറത്തെത്തിയത്. ഹനീഫ് അധേനി സംവിധാനം ചെയ്ത മിഖായേല്‍ ആയിരുന്നു നിവിന്റേതായി 2019ല്‍ ആദ്യം പുറത്തെത്തിയ ചിത്രം. പിന്നീടെത്തിയ മൂത്തോന് നിവിന്‍ പോളിയുടെ കരിയറിലെ തന്നെ വന്‍ പ്രശംസ നേടിയ ചിത്രങ്ങളില്‍ ഒന്നായി. വ്യത്യസ്തമായ അഭിനയം കൊണ്ട് പ്രേക്ഷ നിരൂപക പ്രശംസ നേടാന്‍ നിവിനായി. ഒടുവിലായി പുറത്തെത്തിയ ലൗ ആക്ഷന്‍ ഡ്രാമയും ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. ധ്യാന്‍ ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു.
2019 ഈ നടിമാരുടെയും കൂടിയാണ്
2019 നടിമാര്‍ തിളങ്ങിയ വര്‍ഷങ്ങള്‍ കൂടിയായിരുന്നു. പാര്‍വതി തിരുവോത്ത് തന്നെയാണ് 2019ല്‍ അഭിനയത്തില്‍ ഒരുപടി മുന്നില്‍. രണ്ട് ചിത്രങ്ങല്‍ മാത്രമാണ് പാര്‍വതിക്ക് ഉണ്ടായിരുന്നത്. ഉയരെയാണ് 2019ല്‍ പാര്‍വതിയുടെതായി പുറത്തെത്തിയ ആദ്യ ചിത്രം. പല്ലവി രവീന്ദ്രന് എന്ന കഥാപാത്രം ഏറെ പ്രശംസ നേടി. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന യുവതി ജീവിതത്തോട് പൊരുതുന്നതാണ് ചിത്രം. പാര്‍വതിയുടെ മറ്റൊരു ചിത്രം വൈറസ് ആയിരുന്നു. നിരവധി താരങ്ങള്‍ അണി നിരന്ന ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വേഷം തന്നെയായിരുന്നു പാര്‍വതിക്ക് ലഭിച്ചത്.
2019ല്‍ മൂന്ന് ചിത്രങ്ങളാണ് രജീഷ വിജയന്റേതായി തിയേറ്ററുകളില്‍ എത്തിയത്. ജൂണ്‍ ആയിരുന്നു ആദ്യമായി എത്തിയ രജീഷയുടെ ചിത്രം. വലിയ ഹിറ്റായ ചിത്രത്തില്‍ സ്കൂള്‍ കാലഘട്ടം മുതലുള്ള വേഷങ്ങള്‍ രജീഷ അവതരിപ്പിച്ചു. അഹമ്മദ് ഖബീര്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. പി ആര് അരുണ്‍ സംവിധാനം ചെയ്ത ഫൈനല്‍സ് ആയിരുന്നു രജീഷയുടെ ഈ വര്‍ഷത്തെ രണ്ടാം ചിത്രം. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ സുപ്രധാനമായ വേഷത്തില്‍ എത്തി. സ്പോര്‍ട് വിഭാഗത്തില്‍ എത്തിയതെങ്കിലും വ്യത്യസ്തത പുലര്‍ത്തിയ ചിത്രമായിരുന്നു ഇത്. ഒടുവിലായി 2019 രജീഷ അഭിനയിച്ച ചിത്രം സ്റ്റാന്‍ഡ് അപ് ആണ്. വിധു വിന്‍സെന്റ് സംവിധാനം ചെയ്ത ചിത്രത്തില്‍ നിമിഷ സജയനും സുപ്രധാന വേഷത്തിലെത്തി.
കുമ്പളങ്ങി നൈറ്റ്സിലൂടെ സിനിമയില്‍ എത്തിയ താരമാണ് അന്ന ബെന്‍. ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന, മധു സി നാരായണന് സംവിധാനം ചെയ്ത കുമ്പളങ്ങിയിലെ നായിക കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പിന്നീട് ഹെലന് എന്ന ചിത്രത്തിലാണ് അന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെയാണ് അന്ന അവതരിപ്പിച്ചത്. ചിത്രത്തിലെ അന്നയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും തിളങ്ങിയ വര്‍ഷമായിരുന്നു 2019. മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറില്‍ വളരെ പ്രധാനപ്പെട്ട ഒരു വേഷമാണ് സംവിധായകന് പൃഥ്വിരാജ് മഞ്ജുവിന് നല്‍കിയത്. പിന്നീട് മഞ്ജുവിനെ ബ്ഗ്സ്ക്രീനില് കണ്ടത് ഒരു തമിഴ് സിനിമയിലായിരുന്നു. ധനുഷിന്റെ നായികയായി അസുരനിലൂടെ ഈ വര്‍ഷം തന്റെ തമിഴ് അരങ്ങേറ്റവും താരം ഗംഭീരമാക്കി. ഒടുവിലായി മഞ്ജു കേന്ദ്ര കാഥാപാത്രമായി എത്തിയ പ്രതി പൂവന് കോഴിയാണ് പുറത്തെത്തിയ ചിത്രം. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചിരിക്കുന്നത്.
മാണിക്യമലരായ പൂവി എന്ന ഗാനത്തിലൂടെ മാത്രം വന്‍ പ്രതീക്ഷ നല്കിയ ചിത്രമായിരുന്നു ഒരു അഡാര്‍ ലൗ. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറക്കലും വന്‍ ഹിറ്റായിരുന്നു. എന്നാല്‍ ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ന്ന് അടിയുകയായിരുന്നു. പുതുമുഖങ്ങളെ പ്രധാന കഥാപാത്രമക്കി ഒമര്‍ ലുലു ഒരുക്കിയ ചിത്രം തിയേറ്ററുകളില്‍ എത്തുന്നതിനു മുന്‍പ് തന്നെ പല റെക്കോഡുകളും കീഴടക്കിയിരുന്നു. എന്നാല്‍ തിയേറ്ററുകളില്‍ ചിത്രം തകര്‍ന്നടിയുകയായിരുന്നു. ചിത്രത്തിലെ നായികയെ മാറ്റിയതുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും ഉടലെടുക്കുകയും. സംവിധായകനും നിര്‍മ്മാതാവും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ക്ലൈമാക്സ് മാറ്റി ചിത്രീകരിച്ച് ചിത്രം വീണ്ടുമെത്തിയതുമൊക്കെ വാര്‍ത്തയായിരുന്നു.
നാളുകള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് ദുല്‍ഖറിന്റെ മടങ്ങിവരവിന് വഴിയൊരുക്കിയ ചിത്രമായിരുന്നു ഒരു യെമണ്ടന്‍ പ്രമേ കഥ. കോമഡി റൊമാന്റിക് ത്രില്ലര്‍ ഗണത്തില്‍ എത്തിയ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയും ചിത്രത്തിന് വലിയ ഹൈപ്പ് നല്കുന്നതില് കാരണമായി. ബിസി നൗഫലായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ബോക്സ്ഓഫീസിലും തിളങ്ങാന്‍ ചിത്രത്തിനായില്ല.
മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ തുടങ്ങി വമ്പന്‍ താരങ്ങള്‍ക്കൊപ്പം പുതുമുഖ താരങ്ങളും ഒന്നിച്ച ചിത്രമായിരുന്നു പതിനെട്ടാം പടി. ശങ്കര്‍ രാമകൃഷ്ണന് രചനയും സംവിധാനവും ചെയ്ത ചിത്രം ഏറെ പ്രതീക്ഷയോടെ മലയാളം സിനിമ പ്രേമികള്‍ കാത്തിരുന്ന ചിത്രമായിരുന്നു. നൂറോളം പുതുമുഖങ്ങളുമായി എത്തിയ ചിത്രം ഏറ്റവും കൂടുതല്‍ പുതുമുഖങ്ങള്‍ അഭിനയിക്കുന്ന മലയാള ചിത്രം എന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. എന്നാല്‍ ചിത്രത്തിന് വലിയ വിജയം നേടാന്‍ സാധിച്ചിരുന്നില്ല.
ലൂസിഫറിന് ശേഷം മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമായിരുന്നു ഇട്ടിമാണ് മേഡ് ഇന്‍ ചൈന. ചൈനയിലുള്ള സംഭാഷണങ്ങള്‍ കൊണ്ടും മറ്റും ടീസര്‍ വലിയ ഹിറ്റായിരുന്നു. ലൂസിഫറിന് ശേഷമുള്ള മോഹന്‍ലാല്‍ ചിത്രമെന്ന നിലയില്‍ ഇട്ടിമാണി മേഡ് ഇന്‍ ചൈനയ്ക്ക് ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. ജിബി ജോജു സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച വിജയം നേടാനായില്ല.
കാളിദാസ് ജാറാം നായകനായി എത്തിയ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ്. ആടിന്റെ രണ്ടാം ഭാഗത്തിന് ശേഷം സംവിധായകന് മിഥുന് മാനുവല്‍ ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവിന് പ്രേക്ഷകര്‍ പ്രതീക്ഷ വെക്കാന്‍ കാരണമായി. പ്രതീക്ഷിച്ച വജയം നേടാന്‍ ചിത്രത്തിനായില്ലെന്ന് മാത്രമല്ല, ബോക്സ്ഓഫീസില്‍ തകര്‍ന്നടിയുകയും ചെയ്തു. ഐശ്വര്യ ലക്ഷ്മിയായിരുന്നു ചിത്രത്തിലെ നായിക.