
തിരുവനന്തപുരം : ശബരിമലയ്ക്ക് പുതിയ വെബ്സൈറ്റ്. കേരള സര്‍ക്കാരിന്റെ നവീകരിച്ച ശബരിമല വെബ്സൈറ്റ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രകാശനം ചെയ്തു.
sabarimala.kerala.gov.in എന്ന വെബ്സൈറ്റില്‍ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളില്‍ പുതിയ വെബ്സൈറ്റ് ലഭ്യമാണ്. സന്നിധാനത്തെ പൂജകളും താമസവും വെര്‍ച്വല്‍ ക്യൂവും ഓണ്‍ലൈനായി ബുക്കുചെയ്യാന്‍ ഈ വെബ്സൈറ്റിലൂടെ കഴിയും.
ശബരിമലയിലെ പൂജാസമയം, വഴിപാടുതുക, ശബരിമലയിലേയ്ക്ക് എത്തിച്ചേരേണ്ട വിധം, തീര്‍ത്ഥാടകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍, തീര്‍ത്ഥാടകള്‍ പാലിക്കേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍, ചികിത്സാ സൗകര്യം, ശബരിമലയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍, മലയാളം, ഇംഗ്ലീഷ് പ്രസ്സ് റിലീസുകള്‍, ഫോട്ടോ വീഡിയോ ഗാലറി എന്നിവ വെബ്സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനായി സിഡിറ്റാണ് വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രകാശന ചടങ്ങില്‍ പി.ആര്.ഡി അഡീഷണല്‍ ഡയറക്ടര്‍ എന്‍ സുനില്‍ കുമാര്‍, വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






