
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ഞയറാഴ്ച ഉണ്ടായ സംഭവങ്ങള്‍ക്ക് പിന്നില്‍ 120 പേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘമെന്ന് ജെഎന്‍യു വിസി ജഗദീഷ് എം കുമാര്‍. സംഭവം നിയന്ത്രിക്കുന്നതില്‍ സര്‍വ്വകലാശാല അധികൃതര്‍ പരാജിയപ്പെട്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.
ഏകദേശം നാലരയോടെയാണ് കുറച്ച് വിദ്യാര്‍ത്ഥികള്‍ അക്രമാസക്തരായി ജെഎന്‍യു ഹോസ്റ്റലുകള്‍ക്കു നേരെ എത്തിയത്. ഉടന്‍തന്നെ സര്‍വ്വകലാശാല സുരക്ഷാ ഉദ്യോഗസ്ഥരെ അയച്ചു. ശാരീരികമായ അക്രമത്തിലേക്ക് എത്തിയപ്പോഴാണ് പോലീസ് സംഘം എത്തിയത്. അക്രമത്തിനു പിന്നില്‍ എബിവിപിയാണോ എന്ന ചോദ്യത്തിന് എല്ലാ വിദ്യാര്‍ത്ഥികളും തനിക്ക് ഒരുപോലെയാണെന്നായിരുന്നു വിസിയുടെ മറുപടി. ആരാണ് സംഭവത്തിനു പിന്നിലെന്ന് അന്വേഷണത്തിനു ശേഷമേ വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.
ഡാറ്റാ സെന്ററിന് നേരെയുള്ള ആക്രമം ആസൂത്രിതമായിരുന്നുലെന്നും മൂന്നിനും അഞ്ചിനും ഇടയില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് ബന്ധമുണ്ടെന്നും ജഗദീഷ് കുമാര്‍ പറഞ്ഞു. മുഖം മൂടി ധരിച്ച് ഹോസ്റ്റലില്‍ കയറി അക്രമം നടത്തിയ സംഭവത്തില്‍ ഡല്‍ഹി പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതേസമയം സമാധാനപരമായി സമരം ചെയ്ത ഐഷി ഘോഷ് അടക്കുമുള്ളവര്ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
സംഭവത്തിനു പിന്നില്‍ 'എബിവിപി ഗുണ്ട'കളാണെന്നാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ ആരോപണം. എന്നാല്‍ അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍ രംഗത്തെത്തിയിട്ടുണ്ട്.






