ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ പിന്തുണച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളീ മനോഹര്‍ ജോഷി. ജെ.എന്‍.യു വി.സി ജഗദീഷ് കുമാറിനെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഫീസ് വര്‍ദ്ധനവിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മാനവിഭവ ശേഷി മന്ത്രാലയം വി.സിക്ക് രണ്ട് തവണ നിര്‍ദ്ദേശം നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് ജോഷി ട്വീറ്റ് ചെയ്തു. വിദ്യാര്‍ത്ഥികളുമായും അധ്യാപകരുമായും ചര്‍ച്ച നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വി.സി വഴങ്ങിയില്ലെന്നത് ഞെട്ടിക്കുന്നു. വി.സിയുടെ നിലപാട് ദുഃഖകരമാണെന്നും ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നയാളെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്നും മുരളീ മനോഹര്‍ ജോഷി ട്വീറ്റ് ചെയ്തു.
ജെ.എന്‍.യുവിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തിയതിന് തൊട്ടുപിന്നാലെയാണ് മുരളീ മനോഹര്‍ ജോഷിയുടെ ട്വീറ്റ്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും എ.ബി വാജ്പേയ് മന്ത്രിസഭയില്‍ മാനവ വിഭവശേഷി വകുപ്പിന്റെ മന്ത്രിയുമായിരുന്നു മുരളീ മനോഹര്‍ ജോഷി.
— Murli Manohar Joshi (@drmmjoshibjp) January 9, 2020
വൈസ് ചാന്സ്ലര് രാജിവയ്ക്കണം, ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് വൈകുന്നേരമാണ് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി ഭവന് മാര്‍ച്ച് നടത്തിയത്. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് അധ്യക്ഷ ഐഷി ഘോഷിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാനവ വിഭവശേഷി മന്ത്രാലയ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി ഭവന് മാര്‍ച്ച് നടത്തിയത്.






