
കൊച്ചി: ആരോ വരുവാനുണ്ടെന്ന പ്രതീക്ഷയില്‍ മാസങ്ങളായി അവന് അവിടെ കാത്തുകിടക്കുകയായിരുന്നു. ഓരോ പാദപതനത്തിനുമൊപ്പം അവന്റെ കണ്ണുകള്‍ പ്രത്യാശയോടെ യജമാനനനെ തിരഞ്ഞുകൊണ്ടിരുന്നു. പുറത്തുനടക്കുന്ന കോലാഹലങ്ങളോ അകത്തുനടക്കാന് പോകുന്ന സ്ഫോടനമോ അവനെ അവിടെനിന്നും പിന്തിരിപ്പിച്ചില്ല. ഒടുവില്‍ പുതിയ യജമാനന്മാര് അവനെയും കൊണ്ടുപോയി.
ഫ്ളാറ്റില്‍ താമസക്കാരുണ്ടായിരുന്നപ്പോള് ആരോ ഭക്ഷണം നല്‍കിയതിന്റെ ഓര്‍മയില്‍ ആ ഫ്ളാറ്റ് പരിസരത്തു ചുറ്റിക്കറങ്ങുകയായിരുന്നു ആ തെരുവുനായ. സ്ഫോടനം നടക്കുമ്പോള്‍ നായയെ എങ്ങനെ മാറ്റുമെന്ന ആശങ്കയിലായിരുന്നു പോലീസ്. ആ ആശങ്കയ്ക്ക് വിരാമമിട്ടാണ് അവനെ ഏറ്റെടുക്കാന്‍ മൃഗങ്ങളെ പുനരധിവസിപ്പിക്കുന്ന വണ്‍നെസ് സംഘടനയുടെ പ്രവര്‍ത്തകരെത്തിയത്.
സ്ഫോടകവസ്തുക്കള്‍ നിറച്ചതിനാല്‍ പ്രവേശനം നിഷേധിച്ച ഫ്ളാറ്റിനുള്ളില്‍ ചുറ്റിക്കറങ്ങിയ തെരുവുനായയെ വണ്‍നസ് പ്രവര്‍ത്തകര്‍ ഗേറ്റിനു വെളിയില്‍നിന്ന് വിളിച്ചെങ്കിലും ആദ്യം വരാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പോലീസിന്റെ അനുമതിയോടെ ഗേറ്റിനുള്ളില്‍ കടന്ന് ബിസ്റ്റക് നീട്ടിയപ്പോള്‍ അവന് അനുസരണയോടെ അടുത്തേക്കു വന്നു. ബിസ്കറ്റ് അകത്താക്കിയശേഷം, പ്രവര്ത്ത കരിലൊരാളായ കൃഷ്ണപ്രിയ നായയെ െകെയിലെടുത്തു പുറത്തേക്കു കൊണ്ടുവരികയായിരുന്നു. എതിര്‍പ്പൊന്നും പ്രകടിപ്പിക്കാതെ നായ അവരോടൊപ്പം പോകാന്‍ തയാറായി. ആല്‍ഫ സെറീന് ഫ്ളാറ്റിനുള്ളില്നിന്ന് മറ്റൊരു പോമറേനിയന്‍ നായയേയും പ്രവര്‍ത്തകര്‍ രക്ഷിച്ചു.
രണ്ടുദിവസം സംരക്ഷിച്ച് സ്ഫോടനത്തിന്റെ പൊടിപടലങ്ങള്‍ അടങ്ങിയശേഷം തിരികെ കൊണ്ടുവിടുമെന്ന് വണ്‍നസ് പ്രവര്‍ത്തകരായ ശ്രുതി ഭട്ട്, പ്രസീത, ഷിബിന്‍ എന്നിവര്‍ പറഞ്ഞു. സ്ഫോടനം നടക്കുന്ന പ്രദേശങ്ങളില്‍നിന്ന് മൃഗങ്ങളെ സുരക്ഷിതരായി നീക്കാന്‍ ബുദ്ധിമുട്ടു നേരിടുന്നതറിഞ്ഞാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വണ്‍നെസ് പ്രവര്‍ത്തകരെത്തിയത്. കണ്ണാടിക്കാടുള്ള ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റിനു സമീപം താമസിക്കുന്ന പള്ളിപ്പറമ്പില്‍ വീട്ടില്‍ പി.ജെ. മാര്‍ട്ടിനും തന്റെ മൃഗങ്ങളെ സംരക്ഷിക്കാന്‍ വണ്‍നെസിന്റെ സഹായം തേടിയിട്ടുണ്ട്. 10 ആടുകളും മൂന്നു പശുക്കളുമാണ് മാര്‍ട്ടിനുള്ളത്.
മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്ളാറ്റ് തകര്‍ന്നടിയുമ്പോള്‍ സംവിധായകന് മേജര്‍ രവി ചേര്‍ത്തുപിടിക്കുന്നത് ഒരുപിടി നല്ല ഓര്‍മകളാണ്. പിക്കറ്റ് 43 എന്ന ചിത്രത്തിന്റെ തിരക്കഥ മേജര്‍ രവി ഒരുക്കിയത് ഇവിടെ വച്ചാണ്. പത്തു വര്‍ഷത്തോളമാണ് ഇവിടെ താമസിച്ചത്. ഇവിടെയുണ്ടായിരുന്ന പലരുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് മേജര്‍ രവി പറഞ്ഞു. നിയമം ലംഘിച്ച് ഫ്ളാറ്റുകള്‍ പണിയാന്‍ ഒത്താശ ചെയ്തവര്‍ക്കെതിരേ കര്‍ശന നിയമ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
നിയന്ത്രിത സ്ഫോടനത്തിലൂടെ ഇന്നു തകര്‍ക്കുന്ന മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ അവസാനമായി കാണാന്‍ കാണികളുടെ തിരക്ക്. ഇന്നലെ രാവിലെ മുതല്‍ ആദ്യം പൊളിക്കുന്ന എച്ച്.ടു.ഒ ഹോളി ഫെയ്ത്ത്, ആല്‍ഫ സെറീന് എന്നീ ഫ്ളാറ്റുകളുടെ പരിസരത്ത് നൂറുകണക്കിന് ആളുകളാണ് സ്ഫോടനത്തിന് മുമ്പ് കെട്ടിടം കാണാനെ ത്തിയത്.
സംസ്ഥാനത്ത് ആദ്യമായി സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കുന്ന കെട്ടിടം കാണാനും കെട്ടിടത്തിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫി പകര്‍ത്താനുമാണ് ഇവരെത്തിയത്. ജില്ലയ്ക്കുപുറമേ സമീപ ജില്ലകളില്‍നിന്നും ഇവിടേക്ക് ആളുകള്‍ എത്തിച്ചേരുന്നുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി മറ്റു ജില്ലകളില്‍നിന്ന് എറണാകുളത്ത് വന്നവര്‍ മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങളില്കൂടി സന്ദര്‍ശനം നടത്തിയാണ് മടങ്ങിയത്. പ്രദേശത്തെ സ്കൂളുകളില്‍നിന്നും വിദ്യാര്‍ഥികളടക്കമുള്ളവരും ഇവിടേക്ക് എത്തുന്നുണ്ട്. ഇന്നു നടക്കുന്ന സ്ഫോടനം നേരില്‍ കാണുന്നതിനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും സമീപപ്രദേശത്ത് കെട്ടിടങ്ങള്‍ തിരയുന്നവരും ഏറെയാണ്.
ഉപയോഗിക്കുന്നത് നാലുതരം സ്ഫോടകവസ്തു
1) സൂപ്പര്‍ പവര്‍ 90 എമല്‍ഷന്‍: ഉഗ്രപ്രഹരശേഷി, നനഞ്ഞാലും പൊട്ടും. അമോണിയം നൈട്രേറ്റ് മുഖ്യഘടകം. ഓയില്‍, എമല്സിഫൈയിങ് ഏജന്റ് എന്നിവയുമായി കലര്‍ത്തി ഉപയോഗിക്കുന്നു. നാഗ്പൂരിലെ സോളാര്‍ എക്സ്പ്ലോസീവ്സ് കമ്പനിയാണു നിര്‍മാതാക്കള്‍.
2) ഷോക് ട്യൂബ് ഡിറ്റൊണേറ്റര്‍: വൈദ്യുതി വേണ്ട. പ്ലാസ്റ്റിക് ട്യൂബാണു ഡിറ്റൊണേറ്റര്‍ ജ്വലിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. മൂന്നു പാളികളുള്ള പ്ലാസ്റ്റിക് ട്യൂബിനുള്ളില്‍ സ്ഫോടകവസ്തു തേച്ചുപിടിപ്പിക്കും. സെക്കന്‍ഡില്‍ 2000 മീറ്റര്‍ വേഗത്തില്‍ ട്യൂബിലൂടെ തീ പാഞ്ഞുപോയി ഓരോന്നായി പൊട്ടിക്കും.
3) ഡിറ്റൊണേറ്റിങ് ഫ്യൂസ്: കട്ടികുറഞ്ഞ പ്ലാസ്റ്റിക് ട്യൂബില്‍ പെന്റാ എറിത്രിറ്റോള്‍ ടെട്രാ നൈട്രേറ്റ് എന്ന സ്ഫോടകവസ്തു നിറച്ചിരിക്കുന്നു. സെക്കന്‍ഡില്‍ 6400 മീറ്റര്‍ വേഗത്തില്‍ പൊട്ടിത്തെറിക്കും ഈ ഫ്യൂസുകള്‍ ഉപയോഗിച്ചാണ് എമല്‍ഷന്‍ സ്ഫോടകവസ്തുക്കള്‍ തൂണുകളില്‍ നിറച്ചിരിക്കുന്നത്.
4) ഇലക്ട്രിക് ഡിറ്റൊണേറ്ററുകള്‍: വൈദ്യുതി കടത്തിവിടുമ്പോള്‍ പൊട്ടിത്തെറിക്കും. സ്ഫോടനസമയം ക്രമീകരിക്കാന്‍ കഴിയുന്ന ഡിലേ ഇലക്ട്രിക് ഡിറ്റൊണേറ്ററുകളാണ് ഉപയോഗിക്കുന്നത്. മില്ലി സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ വിവിധ നിലകളിലെ സ്ഫോടനസമയം ക്രമീകരിക്കുന്നത് ഇവയാണ്.






