ന്യൂഡല്‍ഹി: ജെ.എന്‍.യു ക്യാംപസില്‍ നടന്ന ആക്രമണ സംഭവങ്ങള്‍ക്ക് വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ആഹ്വാനം നല്കിയ 37 പേരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്. യൂണിറ്റി എഗനിസ്റ്റ് ലെഫ്റ്റ് എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പല്‍ വന്ന സന്ദേശങ്ങള്‍ക്ക് പിന്നാലെയാണ് ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അതിക്രമം നടന്നത്. ജെ.എന്‍.യുവില്‍ കയറി അക്രമണം നടത്താനുള്ള വഴികളടക്കം ഗ്രൂപ്പില്‍ പങ്കിട്ടിരുന്നു.
ഗ്രൂപ്പിലെ അറുപത് പേരില്‍ നിന്നാണ് 37 പേരെ തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞവരില്‍ പത്ത് പേര് ക്യാംപസിന് പുറത്തുനിന്നുള്ളവരാണ്. ഇവര്‍ വിദ്യാര്‍ത്ഥികളുമല്ല. തിരിച്ചറിഞ്ഞ 37 പേരില്‍ ഒരാള്‍ ജെ.എന്‍.യു എ.ബി.വി.പി യൂണിറ്റ് സെക്രട്ടറി മനീഷ് ജന്‍ഗീതാണ്. അതേസമയം വാട്സ്ആപ്പ് ഗ്രൂപ്പില്‍ എങ്ങനെ അംഗമായെന്ന് തനിക്ക് അറിയില്ലെന്നാണ് മനീഷ് ജന്ഗീതിന്റെ വാദം. പൊട്ടിയ ഫോണ്‍ നന്നാക്കാന്‍ കൊടുത്ത ശേഷം തിരികെ ലഭിച്ചപ്പോഴാണ് താന്‍ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട കാര്യം അറിഞ്ഞതെന്നും മനീഷ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.






