
പോയവര്‍ഷം എത്തിയ ചിത്രങ്ങളില്‍ പ്രേക്ഷകരെ അതിശയിപ്പിച്ച ചിത്രമായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്. നവാഗതനായ രതീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്ത ചിത്രത്തില്‍ സുരാജിനും സൗബിനും ഒപ്പം റോബോര്‍ട്ട് കഥാപാത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇത് യഥാര്‍ത്ഥ റോബോര്‍ട്ട് ആണോ എന്ന സംശയം പലര്‍ക്കും ഉണ്ടായിരുന്നു. ഈ സംശങ്ങള്‍ക്കെല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
മിനിസ്ക്രീനിലെ കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ നടന് സുരജ് തേലക്കാടാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പനായി എത്തിയത്. ചിത്രത്തില്‍ സ്വന്തം മുഖം പോലും സൂരജിന് കാണിക്കാനായില്ല. എന്നാലും തന്റെ സാന്നിധ്യം സിനിമയില്‍ അവിഭാജ്യമായ ഘടകം ആയി മാറിയതിന്റെ സന്തോഷത്തിലാണ് സൂരജ്. അതേസമയം, സിനിമയുടെ ആസ്വാദനത്തിന് തടസ്സമാകേണ്ടാന്ന് കരുതിയാണ് ഈ വിവരം ഇതുവരെ പുറത്തുവിടാതിരുന്നതെന്നും രതീഷ് ബാലകൃഷ്ണന് പറഞ്ഞു.
ചിത്രത്തിന്റെ രണ്ടാംഭാഗം ഒരുക്കാന്‍ പദ്ധതിയുണ്ടെന്നും എന്നാല്‍ അത് ഉടന്‍ ഉണ്ടാകില്ലെന്നും രതീഷ് ബാലകൃഷ്ണന് പറഞ്ഞു. ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയ സുരാജ് വെഞ്ഞാറമൂടും സൈജു കുറുപ്പും കഥാപാത്രത്തിനു വേണ്ടി സൂരജ് കാണിച്ച സമര്‍പ്പണത്തെ അഭിനന്ദിച്ചു. സൂരജ് കിടുവാണെന്ന് ചിത്രത്തില്‍ വേഷമിട്ട നടി മാല പാര്‍വ്വതിയും പ്രശംസിച്ചു.






