ന്യൂഡല്‍ഹി: ജെ.എന്‍.യു ക്യാംപസില്‍ നടന്ന ആക്രമണ സംഭവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി യൂണിയന് നേതാവ് ഐഷി ഘോഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. സര്‍വകലാശാല ക്യാംപസില്‍ നേരിട്ടെത്തിയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ക്യാംപസില്‍ ഈ മാസം അഞ്ചിന് നടന്ന ആക്രമണത്തില്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട ഐഷി ഘോഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തിരുന്നു. ക്യാംപസിലെ യൂണിയന് ഓഫീസില്‍ എത്തിയാണ് ക്രൈംബ്രാഞ്ച് ഐഷിയെ ചോദ്യം ചെയ്തത്.
ഐഷിക്ക് പുറമെ ആദ്യഘട്ട പ്രതിപ്പട്ടികയിലുള്ള രണ്ട് പേരെ കൂടി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മറ്റ് ആറ് പേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. നേരത്തെ ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപ്പട്ടികയിലുള്ള ഒമ്പത് പേര്‍ക്കും പോലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ക്യംപസില്‍ എത്തി നേരിട്ട് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യല്‍ 45 ദിവസത്തോളം നീണ്ടുനിന്നു. അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും എന്നാല്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും ഐഷി ഘോഷ് ആവശ്യപ്പെട്ടു.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും ദിവസമായി ക്രൈംബ്രാഞ്ച് സംഘം ജെ.എന്‍.യു ക്യാംപസിലുണ്ട്. പതിമൂന്ന് സെക്യുരിറ്റി ജീവനക്കാരുടെയും ഹോസ്റ്റല്‍ വാര്ഡന്മാരുടെയും അധ്യാപകരുടെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.






