
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ വധശിക്ഷ കാത്തിരക്കുന്ന നാലു പ്രതികളും ജയില്‍ചട്ടം ലംഘിച്ചത് 23 തവണ. പ്രതികള്‍ ജോലി ചെയ്ത് 1.37 ലക്ഷം രൂപ ഉണ്ടാക്കിയതായും റിപ്പോര്‍ട്ട്. നിര്‍ഭയ കേസില്‍ അക്ഷയ് ഠാക്കൂര്‍ സിങ്, പവന് ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരാണ് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
മരണവാറന്റ് നല്കപ്പെട്ടിരിക്കുന്ന ഇവരുടെ വധശിക്ഷ ജനുവരി 22 ന് നടപ്പാക്കും. ജയില്‍ നിയമങ്ങള്‍ ലംഘിച്ചതിന് അക്ഷയിന് ഒരു തവണ മാത്രമേ ശിക്ഷ ലഭിച്ചിട്ടുള്ളൂ. അതേസമയം മുകേഷിന് മൂന്നുവട്ടവും പവന് എട്ടുതവണയും വിനയിന് പതിനൊന്നു വട്ടവും ശിക്ഷ ലഭിച്ചു. ജയിലില്‍ ജോലി ചെയ്ത് അക്ഷയ് 69,000 രൂപയും പവന് 29,000 രൂപയും വിനയ് 39,000 രൂപയും നേടിയപ്പോള്‍ മുകേഷ് ജയിലില്‍ ജോലി ചെയ്യാന്‍ തയ്യാറല്ലായിരുന്നു. എന്നാല്‍ ജോലി ചെയ്തവര്‍ മൂന്ന് പേരും കൂടി നേടിയത് 1.37 ലക്ഷം രൂപയാണ്.
വിനയ്, 2015 ല്‍ ബിരുദത്തിനും അക്ഷയും മുകേഷും പവനും 2016 ല്‍ പത്താംക്ലാസിലും ചേര്‍ന്നിരുന്നു. എന്നാല്‍ പരീക്ഷ എഴുതിയിട്ടും ആര്‍ക്കും ജയിക്കാനായില്ല. കേസില്‍ ആകെ ആറുപ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഒന്നാംപ്രതി രാം സിങ് ശിക്ഷാ കാലാവധിയില്‍ തന്നെ ജയിലില്‍ തൂങ്ങിമരിച്ചു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജൂവനൈല്‍ നിയമപ്രകാരം മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ശിക്ഷ കഴിഞ്ഞ് ഇയാള്‍ പുറത്തിറങ്ങി. നാലു പേര്‍ക്കും ഡല്‍ഹി അഡീഷണല്‍ കോടതി മരണവാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്. മുകേഷും വിനയ് യും സുപ്രീം കോടതി തിരുത്തല്‍ ഹര്‍ജി നല്‍കിയെങ്കിലും ചൊവ്വാഴ്ച സുപ്രീം കോടതി തള്ളി.
വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് പ്രതികളുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുവട്ടം ഇവരെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. വിനയിന്റെ അച്ഛന് ചൊവ്വാഴ്ച ജയിലിലെത്തി മകനെ സന്ദര്‍ശിച്ചു. നാലുപ്രതികളില്‍ ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ചത് വിനയിനാണ്. ഇയാള്‍ ഉത്കണ്ഠ അനുഭവിക്കുന്നുണ്ടെന്നും ജയില്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അക്ഷയിനെ കാണാന്‍ കുടുംബാംഗങ്ങള്‍ അവസാനം എത്തിയത് കഴിഞ്ഞ നവംബറിലാണ്. കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിക്കാറുണ്ട്. അതേസമയം വധശിക്ഷയ്ക്കുള്ള തിയതി കോടതി പുറപ്പെടുവിച്ചതിനു പിന്നാലെ പ്രതികളെ ആരെയും സന്ദര്‍ശിച്ചിട്ടില്ല.






