
തിരുവനന്തപുരം: രാജ്യം തന്നെ വലിയ രിതിയില്‍ ചര്‍ച്ച ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ പുതിയതായി കൊണ്ടുവന്നിരിക്കുന്ന ജനസംഖ്യാ റജിസ്റ്ററോ പൗരത്വ റജിസ്റ്ററോ നടപ്പാക്കില്ലെന്ന് കേരളം. തീരുമാനം സെന്‍സസ് ഡയറക്ടറെ അറിയിക്കും. മന്ത്രിസഭാ യോഗത്തില്‍ ഉയര്‍ന്നു വന്ന രണ്ടു സുപ്രധാന കാര്യങ്ങളില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി തീരുമാനം എടുത്തു. ഗവര്‍ണറുമായി ഉടക്കി നില്ക്കുന്ന വാര്‍ഡ് വിഭജന ബില്ലിന്റെ കരടിനും മന്ത്രിസഭ അംഗീകാരം നല്കി.
ദേശീയ പൗരത്വ റജിസ്റ്ററും ജനസംഖ്യാ റജിസ്റ്ററും തള്ളിയെങ്കിലും സെന്‍സസ് നടപടികളുമായി സഹകരിക്കും. പക്ഷേ ഇതില്‍ മാതാപിതാക്കളെ സംബന്ധിക്കുന്നതും ജനനത്തീയതുമായി ബന്ധപ്പെട്ടുള്ളതുമായ വിവരങ്ങള്‍ ഒഴിവാക്കും. ഇവ അനാവശ്യമെന്ന് നിലപാടാണ് മന്ത്രിസഭായോഗത്തില്‍ ഉയര്‍ന്നത്. ഗവര്‍ണര്‍ ഒപ്പിടാതെ കടുത്ത നിലപാട് എടുത്തിരിക്കുന്ന വാര്‍ഡ് വിഭജനവുമായി മുമ്പോട്ട് പോകും. ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ ഇതിനെ മറികടക്കാന്‍ കരട് ബില്ല് തയ്യാറാക്കി. ഇതനുസരിച്ച് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു വാര്ഡെങ്കിലൂം കൂടും.
കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയെങ്കിലും നിയമസഭയില്‍ ബില്ല് പ്രതിപക്ഷം ശക്തമായി എതിര്‍ത്തേക്കാന്‍ സാധ്യതയുണ്ട്. മന്ത്രിസഭായോഗം തീരുമാനം എടുത്തിരിക്കുന്ന സാഹചര്യത്തില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്ന ബില്ല് ഗവര്‍ണര്‍ക്ക് അംഗീകരിക്കുകയോ ഒപ്പിടാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയോ ചെയ്യാം. ഗവര്‍ണര്‍ വിശദീകരണം ചോദിച്ചാല്‍ അതിന് മറുപടി നല്കി വീണ്ടും ഗവര്‍ണര്‍ക്ക് മുന്നിലേക്ക് വിടാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഈ മാസം 30 ന് നിയസഭാ സമ്മേളനം ആരംഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ആര്.എസ്.എസ്. അജന്‍ഡയായ പൗരത്വ രജിസ്റ്റര്‍ കേരളം നടപ്പാക്കില്ലെന്നും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനുള്ള എല്ലാ നടപടികളും സംസ്ഥാനം സ്റ്റേ ചെയ്തു കഴിഞ്ഞതായും മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഭരണഘടനയ്ക്ക് അനുസൃതമായേ ഏതു നിയമവും നടപ്പാക്കാന്‍ കഴിയൂ എന്നും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ഇല്ലെങ്കില്‍ പൗരത്വ നിയമത്തിനു തന്നെ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൗരത്വനിയമമെന്നതു മതരാജ്യമെന്ന ലക്ഷ്യത്തോടെയുള്ള ആര്.എസ്.എസ്. അജന്‍ഡയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.






