
തലശ്ശേരി: പെണ്‍കുട്ടികളെ സമ്പന്നര്‍ക്ക് കാഴ്ചവെയ്ക്കുന്നത് തൊഴിലാക്കി മാറ്റിയ ഇടനിലക്കാര്‍ തലശ്ശേരിയില്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. നിര്‍ദ്ധനരും എന്തെങ്കിലും ജോലി ചെയ്യാനുമായി ആഗ്രഹിക്കുന്ന യുവതികളെ ജോലിക്കെന്ന വ്യാജേനെ സമ്പന്നര്‍ നടത്തുന്ന ഓഫീസുകളിലൂം സ്ഥാനപങ്ങളിലും എത്തിക്കുകയും പീഡനത്തിന് സഹായിക്കുകയും ചെയ്യുന്ന ഏജന്റുമാര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഒരു പ്രമുഖ അന്തിപ്പത്രമാണ്.
ആരും തൊടാത്ത പെണ്‍കുട്ടിയെ പരിചയപ്പെടുത്തി കൊടുക്കുന്നതിന് മാത്രം 10,000 രൂപ പ്രതിഫലം കിട്ടുമെന്നും പെണ്‍കുട്ടി ആദ്യമായി ശാരീരിക ബന്ധം പുലര്‍ത്താന്‍ തയ്യാറായാല്‍ ഇടനിലക്കാരന് 25,000 രൂപയും പ്രതിഫലം കിട്ടുമെന്നാണ് ഇവര്‍ പുറത്തു വിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. സമ്പന്നര്‍ക്ക് പെണ്‍കുട്ടികളെ പരിചയപ്പെടുത്തി കൊടുക്കാന്‍ മാത്രം പ്രത്യേകം ആള്ക്കാര് പ്രവര്‍ത്തിക്കുന്നതായും സംഘത്തില്‍ ചില സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന യുവതികളും പ്രവര്‍ത്തിക്കുന്നതായുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നിര്‍ധന കുടുംബത്തിലെയും തൊഴിലന്വേഷകരായ പെണ്‍കുട്ടികളെയുമാണ് സംഘം ലക്ഷ്യമിടുന്നത്. പെണ്‍കുട്ടികളുടെ സാഹചര്യം ഇതിനായി ഇവര്‍ നിരീക്ഷിക്കും. അതിന് ശേഷം ജോലിക്കെന്ന് പറഞ്ഞ് സമ്പന്നരുടെ സ്ഥാപനത്തില്‍ എത്തിക്കുന്നതാണ് റാക്കറ്റിന്റെ ആദ്യ ദൗത്യം. പെണ്‍കുട്ടിയെ വരുതിയിലാക്കാനുള്ള ചുമതല സ്ഥാപനത്തിലെ ജീവനക്കാരികള്‍ ഉള്‍പ്പെടെ ഏറ്റെടുക്കാറുണ്ടത്രേ. അടുത്തിടെ നഗരത്തിലെ ഒരു പ്രവാസി നടത്തുന്ന സ്ഥാപനത്തില്‍ ജോലിക്കെത്തിയ ജീവനക്കാരിയോട് തൊഴിലുടമയായ മുതലാളി മോശമായി പെരുമാറുകയും പെണ്‍കുട്ടി വിവരം അറിച്ചത് അനുസരിച്ച് സഹോദരനും പിതാവും എത്തി മര്‍ദ്ദിച്ചതായും വാര്‍ത്തയില്‍ പറയുന്നു.






