
ലോകത്തെ മുഴുവന്‍ നമ്മുടെ വിരല്‍ തുമ്പില്‍ കൊണ്ടുവരുന്ന സമൂഹമാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളറെ വലുതാണ്. ലോകത്തിന്റെ പല കോണിലുമുള്ള ആളുകള്‍ക്ക് തമ്മില്‍ സംവധിക്കാനുമെല്ലാം ഇവിടം വേദിയാകുന്നു. എന്നാല്‍ ഇതിനെല്ലാം അപ്പുറം, 78 കാരനായ ബംഗ്ലാദേശ് സ്വദേശിക്ക് ഇതിലൂടെ ലഭിച്ചത് അദ്ദേഹത്തിന്റെ ജീവിതവും പ്രിയുപ്പെട്ടവരെയുമാണ്.
സില്‍ഹെറ്റിലെ ബജ്ഗ്രാം സ്വദേശിയായ ഹബീബര് റഹ്മാന് 30 വയസ്സുള്ളപ്പോഴാണ് കാണാതായത്. ഒരു ബിസിനസ്സ് യാത്രയ്ക്ക് പോയ അദ്ദേഹം പിന്നെ ഒരിക്കലും തിരിച്ചു വന്നില്ല. 48 വര്‍ഷമായി ഒരറിവും ഇല്ലാതിരുന്ന അദ്ദേഹത്തെ കണ്ടെത്താന്‍ സഹായിച്ചത് ഫേസ്ബുക്കിലെ ഒരു വൈറല്‍ വീഡിയോയാണ്. ജനുവരിയില്‍ യുഎസില്‍ താമസിക്കുന്ന മൂത്ത മരുമകള്‍ തന്റെ അടുത്തുള്ള ഒരു രോഗിക്ക് സാമ്പത്തിക സഹായം തേടുന്ന ഒരാളുടെ ഫേസ്ബുക്ക് വീഡിയോ കാണാന്‍ ഇടയായി.
ആ വീഡിയോ കണ്ടപ്പോള്‍ അതില്‍ കാണിക്കുന്ന രോഗി ഭര്‍ത്താവിന്റെ ബാപ്പയാണോ എന്ന് അവര്‍ക്ക് സംശയം തോന്നുകയും, അത് ഭര്‍ത്താവിനെ കാണിക്കുകയും ചെയ്തു. നഗരത്തിലെ മാഗ് ഉസ്മാനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന തന്റെ അച്ഛനെ തിരിച്ചറിഞ്ഞ ആ മകന് ഉടനെ തന്നെ മറ്റ് സഹോദരന്മാരെ വിവരം അറിയിച്ചു. പിറ്റേന്ന് രാവിലെ, ആശുപത്രിയില്‍ എത്തിയ സഹോദരന്മാരായ ഷഹാബ് ഉദ്ദീനും ജലാല്‍ ഉദ്ദീനും വീഡിയോയിലെ രോഗി തങ്ങളുടെ പിതാവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
സിമെന്റിന്റെയും കമ്പിയുടെയും ബിസിനസ് നടത്തിയിരുന്ന റഹ്മാന് നാല് ആണ്‍മക്കളാണുള്ളത്. അച്ഛനെ തിരികെ കിട്ടിയ സന്തോഷത്തിലാണ് അവര്‍ ഇപ്പോള്‍. പക്ഷെ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അദ്ദേഹത്തെ കാണാനുള്ള ഭാഗ്യം ഉണ്ടായില്ല. ജീവിച്ചിരുന്ന കാലമത്രയും അദ്ദേഹത്തെ അന്വേഷിച്ചു നടന്ന അവര്‍ 2000 ല്‍ മരിക്കുകയായിരുന്നു.
കഴിഞ്ഞ 25 വര്‍ഷമായി റഹ്മാന് സില്‍ഹെറ്റിലെ മോവ്ലിബസാര്‍ ജില്ലയിലാണ് താമസിച്ചിരുന്നത്. അവിടെ റസിയ ബീഗം എന്ന് പേരുള്ള ഒരു സ്ത്രീയാണ് അദ്ദേഹത്തെ നോക്കിയിരുന്നത്. 1995 ല്‍ ഹസ്രത്ത് ഷഹാബ് ഉദ്ദീന്‍ ദേവാലയത്തില്‍ വച്ചാണ് ബീഗത്തിന്റെ കുടുംബാംഗങ്ങള്‍ റഹ്മാനെ കണ്ടെത്തിയത്. പക്ഷെ ഓര്‍മ്മക്കുറവുണ്ടായിരുന്ന അദ്ദേഹത്തിന് തന്റെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിഞ്ഞില്ല.
''താന്‍ ഒരു നാടോടി ജീവിതമാണ് നയിച്ചിരുന്നുതെന്ന് മാത്രം അദ്ദേഹം പറഞ്ഞു. അന്നുമുതല്‍ അദ്ദേഹം നമ്മോടൊപ്പം താമസിക്കുന്നു. ഞങ്ങള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു, ''അവള് പറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി റഹ്മാന് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ വലയുകയാണെന്നും, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കിടക്കയില്‍ നിന്ന് വീണതിനെ തുടര്‍ന്ന് വലതുകൈ ഒടിഞ്ഞതായും ബീഗം പറഞ്ഞു.
ഒടിഞ്ഞ കൈയ്യില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് റഹ്മാന് ശസ്ത്രക്രിയ നടത്തേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ ബീഗത്തോട് പറഞ്ഞു. അതിനുള്ള പണം ബീഗത്തിന്റെ കൈവശം ഇല്ലായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ അവസ്ഥ വിശദീകരിക്കുന്ന ഒരു വീഡിയോ അവര്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആ വീഡിയോയാണ് റഹ്മാന്റെ ജീവിതത്തിലെ വഴിത്തിരിവായത്.
'ഉപ്പാപ്പയെക്കുറിച്ച് ഉമ്മയും ബാപ്പയും പറയുമായിരുന്നുവെങ്കിലും അദ്ദേഹത്തെ കാണാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയില്ല. ഇന്ന്, ആ കാത്തിരിപ്പിനൊരവസാനമായി. ഞാന്‍ വളരെ സന്തുഷ്ടരാണ്,' റഹ്മാന്റെ ചെറുമകനായ കെഫായത്ത് അഹമ്മദ് പറഞ്ഞു.






