
കുന്ദമംഗലം (കോഴിക്കോട്): ലോകം കാണിക്കാന്‍ തന്നെ കൊണ്ടുപോയ അച്ഛനും അമ്മയും ഉറക്കത്തിനിടെ അനിയനെയുംകൂട്ടി ഒരിക്കലും ഉണരാത്ത മറ്റൊരു ലോകത്തേക്കു പോയെന്നറിയാതെ കുഞ്ഞുമാധവ് ഇന്നലെ നാട്ടിലെത്തി. നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ചുമരിച്ച രഞ്ജിത്തിന്റെയും ഇന്ദുവിന്റെയും മകന് ആറുവയസുകാരന് മാധവിനെ ബന്ധുവാണ് കോഴിക്കോട്ട് എത്തിച്ചത്.
അച്ഛനും അമ്മയും അനിയനും അത്യാവശ്യമായി വിമാനം കയറി നാട്ടിലേക്ക് പോയതാണെന്നും അവര്‍ നാട്ടില്‍ കാണുമെന്നും വിശ്വസിപ്പിച്ചാണ് നാട്ടിലെത്തിച്ചത്. ലക്ഷ്മിയുടെ അനുജത്തിയുടെ ഭര്‍ത്താവും യു.പിയില്‍ പട്ടാള ഉദ്യോഗസ്ഥനുമായ യുവാവാണ് നേപ്പാളില്‍ എത്തി കുട്ടിയെ കൂട്ടിക്കൊണ്ടുവന്നത്. എന്നാല്‍ ഇനിയെന്തുപറയുമെന്ന അങ്കലാപ്പിലാണ് ബന്ധുക്കള്‍. രാത്രി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയശേഷം മൊകവൂരിലെ മാധവിന്റെ അമ്മയുടെ വീട്ടിലേക്കാവും കുട്ടിയെ കൂട്ടിക്കൊണ്ടുപോരുക.
ഇവിടെയായിരുന്നു രഞ്ജിത്തും അമ്മ ഇന്ദുലക്ഷ്മിയും, സഹോദരന് വൈഷ്ണവും താമസിച്ചിരുന്നതും ഇവരുടെ പുതിയ വീടു പണിതു കൊണ്ടിരുന്നതും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായും ഇന്ന് രാത്രിയോടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. ഇതിനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു.
ആവശ്യമുള്ള രേഖകളെല്ലാം ബന്ധപ്പെട്ടവര്‍ക്ക് അയച്ചിട്ടുണ്ടെന്നും ഇവരുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. നേപ്പാളിലെ ദമനിലെ റിസോര്‍ട്ടിലെ മുറിയില്‍ വിഷവാതകം ശ്വസിച്ച് മരിച്ച എട്ടുപേരില്‍ രഞ്ജിത്തും ഇന്ദുവും ഇളയകുഞ്ഞ് വൈഷ്ണവും ഉള്‍പ്പെട്ടപ്പോള്‍ മാധവ് രക്ഷപ്പെട്ടത് വേറെ മുറിയില്‍ ഉറങ്ങിയതുകൊണ്ടാണ്.






