
ഡ്രൈവിങ് ലൈസന്‍സ് സിനിമയിലൂടെ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന അഹല്യ ഗ്രൂപ്പിന്റെ പരാതിയില്‍ നടന് പൃഥ്വിരാജ് മാപ്പ് പറഞ്ഞു. സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങള്‍ സിനിമയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്നും പൃഥ്വിരാജ് കോടതിയില്‍ അറിയിച്ചു. ഹൈക്കോടതി മുന്‍പാകെയാണ് പൃഥ്വിരാജ് ഖേദ പ്രകടനം നടത്തിയത്.
ഡ്രൈവിങ് ലൈസെന്‍സിലെ ഡയലോഗിലൂടെ സ്ഥാപനത്തെ അപമാനിച്ചെന്നായിരുന്നു പരാതി. ചിത്രത്തില്‍ ഒരു രംഗത്ത് പൃഥ്വിരാജിന്റെ ഹരീന്ദ്രന്‍ എന്ന കഥാപാത്രം അഹല്യ എന്ന പേര് പരാമര്‍ശിച്ചു കൊണ്ട് പറയുന്ന ഡയലോഗാണ് പരാതിയ്ക്ക് കാരണമായത്. വിഷയത്തില്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് അഹല്യ ഗ്രൂപ്പ് പ്രതിനിധികള്‍ നേരത്തെ അറിയിച്ചിരുന്നു. ആശുപത്രിയുടെ പേര് മോശമായി ഉപയോഗിച്ചെന്ന് കാട്ടി അവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
പരാതിയില്‍ കോടതി പൃഥ്വിരാജിന് നോട്ടീസ് അയക്കുകയും ചെയ്തു. ചിത്രത്തില്‍ ആക്ഷേപമുയര്‍ന്ന ഭാഗം ഒഴിവാക്കണമെന്ന് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതാണെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു.






