ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ 164 പേര് കോടീശ്വരന്മാര്. 2015ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോടീശ്വര സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2015ല്‍ കോടീശ്വര സ്ഥാനാര്‍ത്ഥികള്‍ 143 ആയിരുന്നത് ഇത്തവണ 164 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് ബി.ജെ.പി എന്നീ പാര്‍ട്ടികളെല്ലാം കോടീശ്വരന്മാരെ സ്ഥാനാര്‍ത്ഥികളായി നിര്‍ത്തിയിട്ടുണ്ട്.
പതിമൂന്നോളം സ്ഥാനാര്‍ത്ഥികള്‍ 50 കോടിക്ക് മുകളില്‍ ആസ്ഥിയുള്ളവരാണ്. ഏറ്റവും സമ്പത്തുള്ള നാല് സ്ഥാനാര്‍ത്ഥികളെ ആം ആദ്മി പാര്‍ട്ടിയാണ് നിര്‍ത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ മുന്ദ്ക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ധര്‍മ്മപാല്‍ ലാഖ്റയാണ് ഏറ്റവും കോടീശ്വരന്. ഇയാള്‍ക്ക് 292.1 കോടി രൂപയുടെ ആസ്ഥിയുണ്ട്. ആര്.കെ പുരം മണ്ഡലത്തില്‍ മത്സരിക്കുന്ന പ്രമീള തോകാസ് ആണ് സ്വത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന സ്ഥാനാര്‍ത്ഥി. പ്രമീളയ്ക്ക് തന്റെ പേരിലും കുടുംബ സ്വത്ത് ആയും 80.8 കോടി രൂപയുടെ സ്വത്തുണ്ട്. സിറ്റിംഗ് എം.എല്‍.എമാരില്‍ ഏറ്റവും സമ്പത്തുള്ളതും പ്രമീളയ്ക്കാണ്.
ആം ആദ്മി പാര്‍ട്ടിയുടെ ബദര്‍പൂര്‍ സ്ഥാനാര്‍ത്ഥിയായ രാംസിംഗ് നേതാജിക്ക് 80 കോടി രൂപയുടെ സ്വത്ത് ഉണ്ട്. പട്ടേല്‍ നഗറില്‍ നിന്ന് മത്സരിക്കുന്ന എ.എ.പി സ്ഥാനാര്‍ത്ഥി രാജ്കുമാര് ആനന്ദാണ് സ്വത്തില്‍ നാലാമന്. 76 കോടി രൂപയുടെ ആസ്തിയുണ്ട് ഇയാള്‍ക്ക്.
ഇവര്‍ കഴിഞ്ഞാല്‍ കൂടുതല്‍ കോടീശ്വര സ്ഥാനാര്‍ത്ഥികള്‍ ബി.ജെ.പിയിലാണുള്ളത്. ഛത്തര്‍പൂരില്‍ നിന്ന് മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി ബ്രഹ്മ സിംഗ് തന്‍വര്‍ 66.3 കോടി രൂപയുടെ ആസ്തിയുള്ള ആളാണ്. കൃഷ്ണ നഗര്‍ സ്ഥാനാര്‍ത്ഥി അനില്‍ ഗോയല്‍, ബിജ്വസനിലെ സാത് പ്രകാശ് റാണ എന്നിവര്‍ക്ക് യഥാക്രമം 64.1, 57.4 കോടി രൂപയുടെ ആസ്തിയുണ്ട്.






