
ഓക്ലന്‍ഡ് : ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 ല്‍ ഇന്ത്യക്ക് ജയം. 133 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ഇന്ത്യ 17 ഒവറില്‍ ജയം കണ്ടു. ഇതോടെ പരമ്പര ഇന്ത്യ 2-0 ന് മുന്നിലെത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് മുന്‍പ് തന്നെ ഹിറ്റമാന് രോഹിത്തിന്റെ വിക്കറ്റ് നഷ്ട്ടമായി. എട്ട് റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. രണ്ടാം മത്സരത്തിലും രോഹിത്തിന് മികച്ച സ്കോര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പേസര്‍ ടിം സൗത്തിക്കാണ് വിക്കറ്റ്.
മറുവശത്ത് രാഹുല്‍ വളരെ ശ്രദ്ധയോടെ കളിച്ചുകൊണ്ടിരുന്നു. പിന്നീട് ഇറങ്ങിയ ക്യാപ്റ്റന്‍ കോഹ്ലിക്കും മികച്ച് ഒരു ബാറ്റിങ് പുറത്തെടുക്കാന്‍ സാധിച്ചില്ല. 11 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. സൗത്തിക്ക് തന്നെയാണ് കോഹ്ലിയുടെയും വിക്കറ്റ്. ആറ് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 40 റണ്‍സില്‍ 2 വിക്കറ്റ് എന്ന നിലയിലായിരുന്നു. ഇതോടെ കളി കിവീസിന്റെ കൈകളില്‍ എത്തി. എന്നാല്‍ പിന്നീട് ഇറങ്ങിയ ശ്രേയസ് അയ്യരും ഓപ്പണര്‍ രാഹുലും ചേര്‍ന്ന് ഇന്ത്യക്ക് വിജയപ്രതീക്ഷ നല്കി.
ക്രീസില്‍ ഒന്നിച്ച ശ്രേയസും രാഹുലും കളി വീണ്ടും ഇന്ത്യയുടെ വരുതിയിലാക്കി. പിന്നീട് ഇരുവരും ചേര്‍ന്ന് സൂക്ഷിച്ച് കളിക്കുവാന്‍ തുടങ്ങി. രാഹുല്‍ 42 പന്തില്‍ അര്‍ധ സെഞ്ചുറി നേടി പുറത്താകാതെ നിന്നു. കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ ശ്രേയസ് ഇക്കുറി 44 റണ്‍സെടുത്ത് പുറത്തായി. 33 പന്തിലാണ് താരം 44 റണ്‍സ് നേടിയത്. ശ്രേയസ് പുറത്തായതോടെ ദുബെ കളത്തിലറങ്ങി. 18 ാം ഓവറില്‍ മൂന്നാം പന്ത് ഗാലറിയിലെത്തിച്ച് ജയം ഇന്ത്യയുടേതാക്കി. ദുബെ എട്ട് റണ്‍സെടുത്തു.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കിവീസിന് മികച്ച തുടക്കം ആയിരുന്നെങ്കിലും 33 റണ്‍സില്‍ കിവീസിന്റെ ആദ്യ വിക്കറ്റ് നഷ്ടമായി. ഗുപ്ടില്‍ 33 റണ്‍സിന് പുറത്തായി. ശാര്‍ദുല്‍ ഠാക്കൂറിനായിരുന്നു വിക്കറ്റ്. പിന്നീട് കഴിഞ്ഞ കളിയിലെ ടോപ് സ്കോര്‍ ആയിരുന്ന മണ്‍റോയെ കിവീസിന് നഷ്ടമായി. ഇരുവരും 48 റണ്‍സ് പാര്‍ട്ടണര്‍ഷിപ്പ് കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ ഇരുവരും നഷ്ടമായതോടെ കിവീസിന്റെ റണ്‍ ഒഴുക്ക് അവസാനിച്ചു. പിന്നീട് വന്ന് ആര്‍ക്കും തന്നെ മികച്ച റണ്‍സ് പടുത്തുയര്‍ത്താന്‍ കഴി്ഞ്ഞില്ല. ക്യാപ്റ്റന്‍ വില്യംസണ് (11), ഗ്രാന്‍ഡ്ഹോം(3), ടെയ്ലര്(18) എന്നിവരുടെ വിക്കറ്റ് നഷ്ടമായി. സെയ്ഫെര്ട്ട 33 റണ്‍സില്‍ പുറത്താകാതെ നിന്നു.
ഇന്ത്യക്കായി ജഡേജ രണ്ട് വിക്കറ്റ് നേടി. ബുംറ, ശിവം ദുബെ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.






