
പലപ്പോഴും ഒരു ആണും പെണ്ണും ഒരുമിച്ച് ഇരിക്കുന്നതോ അടുത്ത് ഇടപെഴകുന്നതോ കണ്ടാല്‍ മലയാളികള്‍ക്ക് അത്ര നല്ലകാര്യമല്ല അത്. അപ്പോള്‍ തന്നെ മലയാളികളുടെ ഉള്ളിലെ സദാചാരവാദി ഉയരും. അത് പുരുഷനായാലും ശരി സ്ത്രീ ആയാലും ശരി. അപരിചിതരായ സ്ത്രീയും പുരുഷനും ഒരിക്കലും പൊതു ഇടങ്ങളില്‍ ഒന്നിച്ച് ഇരിക്കാറില്ല. സ്കൂള്‍ കാലഘട്ടം മുതല്‍ തന്നെ ആണ് പെണ് വേര്‍തിരിവ് ആരംഭിക്കുന്നു. ഇത് പിന്നീട് മലയാളികള്‍ ശീലമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും മാറ്റി ഇരുത്തേണ്ട ആവശ്യമുണ്ടോ എന്ന് ചോദിക്കുകയാണ് ഇപ്പോള്‍ ഡോക്ടര്‍ ഷിനു ശ്യാമളന്.
ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ചു ഒരു ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ ഇരുന്നാല്‍ എന്താണ് സംഭവിക്കുന്നത്? അവരെ ഇങ്ങനെ പരസ്പരം അകത്തിയിരുത്തിയിട്ട് എന്താണ് നേടുന്നത്? ആണും പെണ്ണും പരസ്പരം കളിച്ചും ചിരിച്ചും വളരട്ടെ. അകത്തിയകത്തി പേടിപ്പിച്ചു പേടിപ്പിച്ചു അവസാനം പെണ്ണിന് ആണിനേയും ആണിന് പെണ്ണും അന്യഗ്രഹ ജീവികളെ പോലെയാക്കേണ്ട ആവശ്യമുണ്ടോ?- ഷിനു ശ്യാമളന് ഫേസ്ബുക്കില്‍ കുറിച്ചു.
ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
സ്കൂളുകളില്‍ കുട്ടികളെ ചെറിയ ക്ലാസ്സുകളില്‍ മുതല്‍ ഇത് ബോയ്സ്, ഇത് ഗേള്‍സ് എന്നു പറഞ്ഞു അവരെ മാറ്റി ഇരുത്തി, ഉച്ചക്ക് ഉറങ്ങുന്ന സമയത്തും കെ.ജി ക്ലാസ്സുകളില്‍ പോലും പരസ്പരം മാറ്റുന്നത് ശെരിയാണോ?
ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ചു ഒരു ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ ഇരുന്നാല്‍ എന്താണ് സംഭവിക്കുന്നത്? അവരെ ഇങ്ങനെ പരസ്പരം അകത്തിയിരുത്തിയിട്ട് എന്താണ് നേടുന്നത്?
എന്റെ ഒരു കൂട്ടുകാരിയുണ്ടായിരുന്നു. ഗേള്‍സ് സ്കൂളില്‍ പഠിച്ചു. വലുതായപ്പോഴും ആണ്‍കുട്ടികളോട് മിണ്ടാനും ഇടപഴക്കാനും പേടിയാണ്. വിവാഹത്തിന് പോലും ഭയമായിരുന്നു.
ആണും പെണ്ണും പരസ്പരം കളിച്ചും ചിരിച്ചും വളരട്ടെ. അകത്തിയകത്തി പേടിപ്പിച്ചു പേടിപ്പിച്ചു അവസാനം പെണ്ണിന് ആണിനേയും ആണിന് പെണ്ണും അന്യഗ്രഹ ജീവികളെ പോലെയാക്കേണ്ട ആവശ്യമുണ്ടോ?
അകത്തിയകത്തി നിര്‍ത്തിയിട്ട് എന്താ പ്രയോജനം? ഒന്നും തന്നെയില്ല. ഭയമില്ലാതെ എതിര് ലിംഗത്തോട് ഇടപഴകി സ്കൂളുകളില്‍ നിന്ന് തന്നെ കുട്ടികള്‍ സാമൂഹ്യ ജീവികളായി ജീവിക്കുവാന്‍ പഠിക്കണം.
ഞാന്‍ കണ്ണൂര്‍ പോയപ്പോള്‍ ഒരു പുരുഷന് എന്റെയടുത്ത് ബസ്സില്‍ വന്നിരുന്നു. ഞാന്‍ എഴുനേറ്റ് പോകാന്‍ അയാളോട് അവശ്യപ്പെട്ടില്ല. എന്റെ സ്റ്റോപ്പ് വന്നപ്പോള്‍ ഞാന്‍ ഇറങ്ങി. എന്റെ ദേഹത്ത് ഒന്നു സ്പര്‍ശിക്കുക പോലും ചെയ്തില്ല അയാള്‍. മോശമായി പെരുമാറിയാല്‍ പ്രതികരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു.
വിദേശ രാജ്യങ്ങളില്‍ പലയിടത്തും പുരുഷനും സ്ത്രീയും ബസ്സില്‍ ഒരുമിച്ചു ഇരുന്ന് യാത്ര ചെയ്യുന്നതാണ് കാണുക. ഇവിടെ എല്ലായിടത്തും പുരുഷനും സ്ത്രീയ്ക്കും വെവേറെ സീറ്റുകള്‍. പറഞ്ഞിട്ട് കാര്യമില്ല. കുട്ടിക്കാലം മുതല്‍ ആണിനേയും പെണ്ണിനേയും വെവേറെ ബെഞ്ചിലിരുത്തിയും അവനേയും അവളെയും അകലത്തില്‍ വളര്‍ത്തിയിട്ട് പെട്ടെന്ന് ഒരു ദിവസം ബസ്സില്‍ ഒരുമിച്ചു ഇരുത്തിയാല്‍ ഇരിക്കുവാന് പറ്റുമോ?
കല്യാണം കഴിക്കാന്‍ ഒരു ചായ കുടിക്കാന്‍ പോയാ മതി എന്നുള്ള നാട്ടില്‍ ഒരേ ബെഞ്ചില്‍ ഇരുന്ന് പഠിക്കണം എന്നില്ല പര്സപരം മനസ്സിലാക്കാന്‍ എന്നു പറയുന്നവരോട് എന്ത് പറയാന്‍ ?
ഡോ. ഷിനു






