
സോഫ്റ്റ്വെയര് എന്‍ജിനീയര്‍ക്ക് ഡേറ്റിംങ് സൈറ്റിലൂടെ നഷ്ടമായത് ലക്ഷങ്ങള്‍. കര്‍ണാടക സ്വദേശിയായ സോഫ്റ്റ്വെയര് എന്ജിനീയര്ക്കാണു തട്ടിപ്പിലൂടെ 4.19 ലക്ഷം രൂപ നഷ്ടമായത്. ഡേറ്റിങ് സൈറ്റിലൂടെ യുവതികളെ തേടിയപ്പോഴാണ് ഇദ്ദേഹം തട്ടിപ്പിന് ഇരയായത്. ഡിസംബര്‍ 20ന് ഇദ്ദേഹത്തിന്റെ ഫോണില്‍ ഒരു മെസേജ് ലഭിച്ചിരുന്നു.
ഡേറ്റിങ് ഫ്രണ്ട്ഷിപ് ആന്‍ഡ് ടെലിമാര്‍ക്കറ്റിങ് എന്ന കമ്പനിയില്‍ 2000 രൂപ നല്കി റജിസ്റ്റര്‍ ചെയ്യാനായിരുന്നു സന്ദേശം. ഇതോടെ 46 വയസ്സുള്ള എന്‍ജിനീയര്‍ പണമടച്ചു. തുടര്‍ന്ന് യുവതികളെ നേരില്‍ കാണാന്‍ കോളുകള്‍ ലഭിക്കാന്‍ തുടങ്ങി. എന്നാല്‍ 17,200 മുടക്കി 'ഗ്രീന്‍ കാര്‍ഡ്' എടുക്കണമെന്ന ആവശ്യം തട്ടിപ്പുകാര്‍ മുന്നോട്ട് വെച്ചു. ഇദ്ദേഹം ഇതും ചെയ്തു. തുടര്‍ന്നു ഫോണില്‍ വിളിച്ച രണ്ട് യുവതികള്‍ പലപ്പോഴായി പണം തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പ് ബോധ്യമായതോടെ എന്‍ജിനീയര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.






