
ലക്നൗ: ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട വിഷയത്തിലൂടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച ശിശുരോഗ വിദഗ്ദ്ധന് ഡോ. കഫീല്ഖാന് മുംബൈയില്‍ അറസ്റ്റില്‍. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധത്തില്‍ പങ്കെടുത്തതിനിടയിലായിരുന്നു അറസ്റ്റ്. പ്രതിഷേധ പരിപാടിയില്‍ പ്രകോപന പരവും കലാപ പ്രേരിതവുമായ പ്രസംഗം നടത്തിയെന്ന ആരോപണം ഉയര്‍ത്തിയായിരുന്നു കഫീല്‍ഖാനെ അറസ്റ്റ് ചെയ്തത്.
അലിഗഡില്‍ നടന്ന പൗരത്വ നിയമ ഭേദഗതി പ്രതിഷേധ പരിപാടിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ യുപി പോലീസിന്റെ സ്പെഷ്യല്‍ ടാസ്ക്ക് ഫോഴ്സാണ് അറസ്റ്റ് ചെയ്തത്. പരിപാടിയുടെ പേരില്‍ ജനുവരി 13 ന് തന്നെ പോലീസ് കേസെടുത്തിരുന്നെങ്കിലും ഇന്നലെ മുംബൈയില്‍ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു അറസ്റ്റ് ചെയ്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന ഏറ്റവും ശ്രദ്ധേയമായ സമരങ്ങളില്‍ ഒന്നായി മാറിയിരിക്കുന്ന ഷഹീന്‍ബാഗ് പ്രതിഷേധം പോലെയുള്ള പ്രതിഷേധം മുംബൈയില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ പങ്കെടുക്കാനാണ് കഫീല്ഖാന് എത്തിയത്. മുംബൈ ബാഗിലെ അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക് എത്തിയിട്ടുണ്ട്.
ശിശുരോഗ വിദഗ്ദ്ധനായ ഡോ. കഫീല്ഖാന് ഗൊരഖ്പൂരിലെ ബിആര്‍സി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടായിരുന്നു പൊതുജന ശ്രദ്ധയിലേക്ക് എത്തിയത്. ഓക്സിജന്‍ കിട്ടാതെ 60 കുട്ടികള്‍ മരിച്ച സംഭവത്തില്‍ കഫീല്‍ ഖാന് സ്വന്തം പണം ഉപയോഗിച്ച് ഓക്സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിച്ച് മറ്റു കുട്ടികളുടെ ജീവന് രക്ഷിച്ചു. ഓക്സിജന്‍ സിലിണ്ടര്‍ നല്‍കിയിരുന്ന ഏജന്‍സിക്ക് പണം നല്‍കാതെ വന്നതിനെ തുടര്‍ന്ന് ഏജന്‍സി സിലിണ്ടര്‍ ആശുപത്രിയിലേക്ക് നല്‍കാതെ വന്നതായിരുന്നു ദുരന്തത്തിന് കാരണമെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഇതോടെ യോഗി സര്‍ക്കാരിന്റെ കണ്ണിലെ കരടായി കഫീല്‍ ഖാന് മാറുകയും പല തവണ കേസുകളില്‍ പെടുത്തുകയും പിന്നീട് വിട്ടയയ്ക്കേണ്ടി വരികയും ആയിരുന്നു.






