
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ തുടങ്ങി. വിചാരണയുടെ ആദ്യ ദിവസമായ ഇന്ന് ആക്രമിക്കപ്പെട്ട നടിയുടെ സാക്ഷി വിസ്താരം അടച്ചിട്ട മുറിക്കുള്ളില്‍ തുടരുകയാണ്. ഇത് ഏകദേശം നാലു ദിവസത്തോളം നീണ്ടു നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. രഹസ്യ വിചാരണയാണ് എന്നതുകൊണ്ടു തന്നെ ബന്ധപ്പെട്ട അഭിഭാഷകര്‍ക്ക് മാത്രമേ കൊച്ചിയിലെ വിചാരണ കോടതിയിലേയ്ക്ക് പ്രവേശനമുള്ളൂ. നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ട്.
കേസിലെ ഒന്നാം സാക്ഷിയും ദിലീപ് ഉള്‍പ്പെടെയുള്ള 10 പ്രതികളും ഇന്ന് കോടതിയില്‍ ഹാജരാകും. ആദ്യഘട്ടത്തില്‍ 135 സാക്ഷികളുടെ വിസ്താരം നടക്കും. ഇതില്‍ മലയാള സിനിമയിലെ പ്രമുഖ നടീനടന്മാര് ഉള്‍പ്പെടെ ഉണ്ടാകും.
കേസുമായി ബന്ധപ്പെട്ട ഗൂഡാലോചനയുടെ തുടക്കം 2012 ലാണെന്നും നടന് ദിലീപ് ഈ ഗൂഡാലോചനയില്‍ പങ്കാളിയാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ദിലീപിനു മേല്‍ ഗൂഡാലോചന കുറ്റമാണ് മുഖ്യമായും ചുമത്തിയിട്ടുള്ളതെങ്കിലും മറ്റ് പ്രതികള്‍ ചെയ്ത കുറ്റങ്ങളും ദിലീപില്‍ ആരോപിക്കപ്പെടും.






