
തിരുവനന്തപുരം: സംസ്ഥാനത്തു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും വനിതാ പോലീസ് നോക്കുകുത്തിയെന്ന് ആക്ഷേപം. ഇതുസംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, സംസ്ഥാന പോലീസ് മേധാവി നടത്തിയ പരിശോധനയേത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്കു കര്‍ശന മാര്‍ഗനിര്‍ദേശം നല്കി. കഴിയുന്നത്ര സ്ത്രീപീഡന കേസുകളും പോക്സോ കേസുകളും വനിതാ പോലീസിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണു ഡി.ജി.പി. ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം.
ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം വനിതാ പോലീസിനെ ഇത്തരം കേസുകളില്‍നിന്ന് അകറ്റിനിര്ത്തുന്നതാണോയെന്ന് ഡി.ജി.പി.അന്വേഷണാമാരംഭിച്ചു. സംസ്ഥാനത്തു വനിതാ ഉദ്യോഗസ്ഥര്‍ മാത്രമുള്ള 10 പോലീസ് സ്റ്റേഷനുകളും 19 ജില്ലാതല വനിതാ സെല്ലുകളുമുണ്ട്. ഇവയ്ക്കു പുറമേ, സാധാരണ പോലീസ് സ്റ്റേഷനുകളിലും ക്രമസമാധാനച്ചുമതലയുള്ള വനിതാ എസ്.ഐമാരുണ്ട്. രണ്ടിടത്തു സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരും വനിതകളാണ്. എന്നിട്ടും, സ്ത്രീപീഡനം, പോക്സോ കേസുകളില്‍ ഒന്നുപോലും ഇവരുടെ അന്വേഷണപരിധിയിലില്ലെന്നു ഡി.ജി.പി. കണ്ടെത്തി.
ഇതേത്തുടര്‍ന്നാണു കേസ് അന്വേഷണത്തില്‍ വനിതാ പോലീസിന്റെ പങ്ക് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കിയത്. ഇത്തരം കേസുകള്‍ അന്വേഷിക്കാത്ത വനിതാ പോലീസ് സ്റ്റേഷനുകള്‍ക്കു പ്രസക്തിയില്ലെന്നു ഡി.ജി.പിയുടെ സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. 24 മണിക്കൂറിനുള്ളില്‍ കുറഞ്ഞതു നാലുവീതം മാനഭംഗം, പോക്സോ കേസുകളും രണ്ടു സ്ത്രീപീഡനക്കേസുകളും വനിതാ പോലീസ് സ്റ്റേഷനുകള്‍ക്കു െകെമാറാനാണു ജില്ലാ പോലീസ് മേധാവിമാര്‍ക്കുള്ള നിര്‍ദേശം.
ജില്ലാ വനിതാ സെല്ലുകളിലെ ഇന്‍സ്പെക്ടര്‍മാര്‍ ഈ കേസുകളുടെ അന്വേഷണത്തില്‍ ഇടപെടണം. ഡിെവെ.എസ്.പിമാരുടെ മേല്‍നോട്ടത്തിലാകണം അന്വേഷണം. വനിതാ ഇന്സ്പെക്ടര്മാരില്ലാത്ത സ്റ്റേഷനുകളില്‍ വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണം. അന്വേഷണം കാര്യക്ഷമമാണോയെന്നു ജില്ലാ പോലീസ് മേധാവിമാര്‍ പരിശോധിക്കണം. വനിതാ ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണം െകെമാറിയ കേസുകളുടെ പട്ടികയും വിശദാംശങ്ങളും സമര്‍പ്പിക്കാന്‍ ഡി.ജി.പി. നിര്‍ദേശിച്ചു.
അതേസമയം, ഔദ്യോഗിക സ്ഥാനങ്ങള്‍ക്കു മുന്നില്‍ വനിതയെന്നു ചേര്‍ത്ത് അഭിസംബോധന ചെയ്യുന്ന രീതി അവസാനിപ്പിക്കാന്‍ ഡി.ജി.പി. നിര്‍ദ്ദേശിച്ചു. വനിതാ കോണ്‍സ്റ്റബിളിന്റെ പേര് സിവില്‍ പോലീസ് ഓഫീസറെന്നും വനിതാ ഹെഡ് കോണ്‍സ്റ്റബിളിന്റെ പേര് സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെന്നും ആക്കി ഉത്തരവായി. സേനയിലെ ലിംഗ വിവേചനം ഒഴിവാക്കാനാണ് ഈ നടപടി.






