
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ നടക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് നേരെ വീണ്ടും വെടിവെപ്പ്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ജയ് ശ്രീറാം വിളിച്ചുകൊണ്ടായിരുന്നു വെടിയുതിര്‍ത്തത്. രാജ്യത്ത് ഹിന്ദുക്കള്‍ മാത്രമേ അതിജീവിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ആകാശത്തേക്കാണ് അദ്ദേഹം വെടിവച്ചത്. വെടിവച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ നിമയ ഭേദഗതിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 40 ദിവസങ്ങളായി ഷഹീന്‍ബാഗില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ സമരം നടത്തിക്കൊണ്ടിരിക്കുകയാണ്.
അതേസമയം ഷഹീന്‍ബാഗില്‍ പ്രതിഷേധം നടത്തുന്നവരുമായി കൂടിക്കാഴ്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് നേരത്തെ അറിയിച്ചിരുന്നു. 'ഷഹീന്‍ബാഗിലെ പ്രതിഷേധക്കാരുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പക്ഷെ അത് ഘടനാപരമായ രൂപത്തിലായിരിക്കണം. അവരുമായി ആശയവിനിമയം നടത്താനും പൗരത്വ നിയമ ഭേദഗതിയെ കുറിച്ചുള്ള അവരുടെ എല്ലാ സംശയങ്ങളും നീക്കാനും നരേന്ദ്രമോഡി സര്‍ക്കാര്‍ തയ്യാറാണ്' രവിശങ്കര്‍ പ്രസാദ് ട്വിറ്ററില്‍ കുറിച്ചു.
താന്‍ പങ്കെടുത്ത ഒരു ടിവി ചര്‍ച്ചയുടെ ലിങ്കും മന്ത്രി പങ്കുവച്ചിട്ടുണ്ട്. ചര്‍ച്ചയില്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട ഒരാള്‍ മന്ത്രിയോട് ചോദിക്കുന്നുമുണ്ട്, എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഷഹീന്‍ബാഗിലെ പ്രതിഷേധക്കാരുമായി ആശയവിനിമയം നടത്താന്‍ ശ്രമിക്കാത്തത് എന്ന്. ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് മന്ത്രി.






