
കൊച്ചി: നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി എളമക്കരയില്‍ കായലിനു സമീപമാണ് ബക്കറ്റിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 24 ആഴ്ചകള്‍ പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
പ്രസവശേഷം ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പ്രസവശേഷം കുട്ടി മരിച്ചാല്‍ ആശുപത്രി അധികൃതര്‍ മൃതദേഹം മറവു ചെയ്യാന്‍ ബന്ധുക്കളെ ഏല്‍പ്പിക്കാറുണ്ട്. ഇത്തരത്തില്‍ സംഭവിച്ചതാണോ എന്നും പോലീസ് സംശയിക്കുന്നു. പ്രദേശത്ത് കളിക്കുകയായിരുന്ന കുട്ടികളാണ് ബക്കറ്റിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് വിവരമറിയിച്ചതോടെ പോലീസ് സംഭവസ്ഥലത്ത് എത്തുകയായിരുന്നു. പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റാത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി എളമക്കര പോലീസ് അറിയിച്ചു.






