
തന്റേതായ നിലപാടുകള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും ഇല്ലാത്ത നടിയാണ് പാര്‍വതി തിരുവോത്ത്. ഡബ്ല്യുസിസിയുടെ ഭാഗമായതില്‍ പിന്നാലെ നിരവധി വിവാദങ്ങള്‍ പാര്‍വതിയെ തേടിയെത്തിയിരുന്നു. എന്നാല്‍ തന്റെ നിലപാടുകളില്‍ പാര്‍വതി ശക്തമായി ഉറച്ചു നിന്നു. ഡബ്ള്യൂ.സി.സിയുടെ രൂപീകരണത്തിന് പിന്നിലും പാര്‍വതിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഡബ്ള്യൂ.സി.സി യുടെ രൂപീകരണത്തിന്റെ ഫലമായി പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ടെന്ന് പാര്‍വതി പറയുന്നു.
തനിയ്ക്ക് ബാത്റൂം പാര്‍വതിയെന്നുള്ള ഇരട്ടപ്പേര് വരെ ഉണ്ടായിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പാര്‍വതി. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പാര്‍വതി ഇതേ കുറിച്ച് തുറന്നു പറഞ്ഞത്. '' തിരക്കഥകള്‍ എങ്ങനെ എഴുതപ്പെടുന്നു എന്നതാണ് ഒരു വശം. ഇപ്പോഴത്തെ തിരക്കഥയില്‍ വരുന്ന മാറ്റങ്ങള്‍, ഉദാഹരണത്തിന് കുമ്പളങ്ങി നൈറ്റ്സ്. കുമ്പളങ്ങിയില്‍ അന്ന ബെന്നും ഗ്രേസും അവതരിപ്പിച്ച സ്വതന്ത്രമായ നിലനില്‍പ്പ് മാത്രമല്ല സൗബിന്റേത് പോലുള്ള കഥാപാത്രങ്ങളെയും നമുക്ക് കാണാം. മെന്റല്‍ ഹെല്‍ത്ത് ഇഷ്യൂസ് വന്നാല്‍ ഒരു പുരുഷന് സഹായം ചോദിക്കുന്നത് ഒരു സ്ത്രീ സഹായം ചോദിക്കുന്നതിനേക്കാള്‍ അപമാനകരമാണ്. ജെന്‍ഡര്‍ ഇഷ്യൂസിന്റെ മറുവശമാണിത്. അത് കണ്ട് ഒരു ആണിനെങ്കിലും സമാധാനം ഉണ്ടായി കാണും. ഇത്തരം മാറ്റങ്ങള്‍ക്ക് തുടക്കമായത് ഡബ്ള്യൂ. സി.സി വന്ന ശേഷമാണെന്ന് ഉറച്ച് വിശ്വസിക്കുന്നു.
ജോലി സ്ഥലത്തെ സുരക്ഷയാണ് മറ്റൊന്ന്. ചിലത് കാലാകാലങ്ങളായി നമ്മള് കണ്ടില്ലെന്ന് നടിക്കും. ഉദാഹരണത്തിന് സെറ്റിലെ ലഹരി ഉപയോഗം പോലുള്ള കാര്യങ്ങള്‍. ഇതെല്ലാം നിയമം മുഖേന തടയേണ്ടതാണ്. 2014 ല്‍ ഇതേകുറിച്ച് അമ്മയുടെ മീറ്റിംഗില്‍ സംസാരിച്ചപ്പോള്‍ എനിക്ക് ബാത്റൂം പാര്‍വതി എന്ന് ഇരട്ടപ്പേര് വീണു. ഞാനത് ശ്രദ്ധിച്ചില്ല. പക്ഷേ, ഇപ്പോള്‍ ഒരു സെറ്റില്‍ ഒരു വാനിറ്ററി വാനെങ്കിലും വന്നിട്ടുണ്ട്. ഇനിയും അമ്മയുടെ ജനറല്‍ ബോഡിയില്‍ പോയി സംസാരിക്കും, ഇതേ കാര്യം ചോദിക്കും.'' - പാര്‍വതി പറഞ്ഞു.






