
ബംഗലൂരു: പൗരത്വ നിയമ ഭേദഗതിയെ വിമര്‍ശിച്ച് നാടകം കളിച്ച സ്കൂളിനു നേര്‍ക്കുള്ള കര്‍ണാടക സര്‍ക്കാരിന്റെ നടപടി തുടരുന്നു. നാടകത്തില്‍ അഭിനയിച്ച കുട്ടികളെ ചോദ്യം ചെയ്യല്‍ തുടരുന്നു. ഉച്ചയോടെയാണ് ബൈദറിലെ സ്കൂളിലെത്തിയ ഉദ്യോഗസ്ഥര്‍ കുട്ടികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത്. ജനുവരി 21ന് സ്കൂളില്‍ അരങ്ങേറിയ നാടകത്തില്‍ അഭിനയിച്ചുവെന്ന 'കുറ്റ'മാണ് ഇവര്‍ക്കെതിരെയുള്ളത്. സ്കൂള്‍ പ്രധാന അധ്യാപികയും വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ അമ്മയും കഴിഞ്ഞയാഴ്ച അറസ്റ്റിലായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് വിദ്യാര്‍ത്ഥികള്‍ക്കു മേല്‍ പീഡനം തുടരുകയാണെന്ന് സ്കൂള്‍ അധികാരികള്‍ പറയുന്നു.
6,7,8 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെയാണ് ചോദ്യം ചെയ്യുന്നത്. ആരാണ് തിരക്കഥ എഴുതിയത്? അധ്യാപികയാണോ നിങ്ങളെ നാടകം പഠിപ്പിച്ചത്? തുടങ്ങിയ ചോദ്യങ്ങളാണ് പോലീസ് ചോദിക്കുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിയോടെ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് സ്കൂളിലെത്തും. ഈ കുട്ടികളെ വൈകിട്ട് നാല് മണിവരെ ചോദ്യം ചെയ്യും. ഇതാണ് കഴിഞ്ഞ നാലു ദിവസമായി തുടരുന്നത്. ഇതില്‍ എന്തിനാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുന്നതെന്ന് തങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. യുക്തിയുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്നതിന് അപ്പുറമാണ് പോലീസിന്റെ പെരുമാറ്റമെന്ന് സ്കൂള്‍ സി.ഇ.ഒ തൗസീഫ് മദികേരി പറയുന്നു.
രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് ഒരു കുട്ടിയുടെ അമ്മയെ വ്യാഴാഴ്ച അറസ്റ്റു ചെയ്തത്. ഇവരാകട്ടെ വിധവയാണ്. ഇവരുടെ ഏക മകള്‍ അയല്‍വാസികളുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. രക്ഷിതാക്കളില്‍ ഒരാള്‍ ഇതിനകം തന്നെ മാപ്പ് പറഞ്ഞുകഴിഞ്ഞു. ഇത് കുട്ടികളെയും രക്ഷിതാക്കളെയും മാനസികമായി ശല്യപ്പെടുത്തുന്നതു മാത്രമാണ്. അവര്‍ ഒരു തരം ഭീതിയിലാണ് കഴിയുന്നതെന്നും മദികേരി പറഞ്ഞു. അധ്യാപികയുടെയും രക്ഷിതാവിന്റെയും അറസ്റ്റില്‍ അപലപിച്ച് നിരവധി രക്ഷിതാക്കള്‍ ഇതിനകം തന്നെ തുറന്ന കത്ത് അധികാരികള്‍ക്ക് അയച്ചുകഴിഞ്ഞു.
സ്കൂളില്‍ ഇത്തരമൊരു നാടകം കളിക്കാന്‍ അനുമതി നല്‍കിയതിനാണ് പ്രധാന അധ്യാപികയെ അറസ്റ്റു ചെയ്തത്. സ്ക്രിപിറ്റില് ഇല്ലാത്ത വാക്കുകള്‍ തിരുകികയറ്റുകയും അത് വിദ്യാര്‍ത്ഥികളെ കൊണ്ട് പറയിപ്പിക്കുകയും ചെയ്തതിനാണ് ഒരു രക്ഷിതാവിനേയും അറസ്റ്റു ചെയ്തതെന്ന് പോലീസ് പറയുന്നു. സി.എ.എയെ ശക്തമായി എതിര്‍ക്കുന്ന നാടകത്തില്‍ 'ഷൂകൊണ്ട് അടിക്കുമെന്നും' വിദ്യാര്‍ത്ഥികള്‍ പറയുന്നുണ്ട്. ഈ ക്ലിപ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കേസെടുത്തത്.




