തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അവസാനിപ്പിച്ചു. സെന്‍കുമാര്‍ നല്കിയ പരാതിയിലെ ആരോപണങ്ങള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് അവസാനിപ്പിച്ചത്. ഗൂഡാലോചന, കയ്യേറ്റം ചെയ്യല്‍ എന്നീ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കാട്ടാക്കട പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
ജനുവരി 16നാണ് വിവാദ സംഭവങ്ങള്‍ ഉണ്ടായത്. ബി.ഡി.ജെ.എസ് നേതാവ് സുഭാഷ് വാസുവിനൊപ്പം വാര്‍ത്താ സമ്മേളനത്തിന് എത്തിയ സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകനായ കടവില്‍ റഷീദിനെ അപമാനിക്കുകയും ഇവര്‍ക്കൊപ്പം വന്ന അക്രമികള്‍ മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യാനും ശ്രമിക്കുകയുണ്ടായി. ഈ സംഭവത്തില്‍ കടവില്‍ റഷീദ് പരാതി നല്‍കിയതിന് പിന്നാലെ സെന്‍കുമാറും പരാതി നല്‍കുകയായിരുന്നു.
ജനുവരി 16ലെ വാര്‍ത്താ സമ്മേളനത്തില്‍ സെന്‍കുമാറിനൊപ്പം വന്ന അക്രമികള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കടവില്‍ റഷീദിനെതിരെയും ഈ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ വാട്സ്ആപ്പ് കൂട്ടായ്മയില്‍ അഭിപ്രായം പറഞ്ഞ പി.ജി സുരേഷ് കുമാറിനെതിരെയുമാണ് സെന്‍കുമാര്‍ പരാതി നല്‍കിയിരുന്നത്. മാധ്യമപ്രവര്‍ത്തകനെ പരസ്യമായി അപമാനിച്ചതിന് പിന്നാലെ സെന്‍കുമാറിന്റെ പരാതിയില്‍ പോലീസ് കേസ് കൂടി രജിസ്റ്റര്‍ ചെയ്തതോടെ പോലീസ് നടപടി വിവാദമായിരുന്നു.






