
ന്യൂഡല്‍ഹി : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിയ പാക് വിദ്യാര്‍ത്ഥികളെ സ്വന്തം രാജ്യത്തേയ്ക്ക് തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ സഹായിക്കാന്‍ തയ്യാറെന്ന് ഇന്ത്യ. ചൈനയിലെ വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന പാക് വിദ്യാര്‍ത്ഥികളെ എയര്‍ലിഫ്റ്റ് ചെയ്യില്ലെന്ന് പാകിസ്ഥാന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ സഹായ വാഗ്ദാനം. എന്നാല്‍, ഇക്കാര്യം പാക് സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന നിബന്ധനയാണ് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ മുന്നോട്ടു വെച്ചിരിക്കുന്നത്.
ഇന്ത്യ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാന്‍ തുടങ്ങിയതോടെയാണ് പാക് വിദ്യാര്‍ത്ഥികളും കരഞ്ഞപേക്ഷിച്ച് രംഗത്തെത്തിയത്. ചൈനയില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥികളെ തിരികെ നാട്ടിലെത്തിക്കണമെന്ന ആവശ്യം പാക് ഭരണകൂടം തള്ളിയിരുന്നു. ഈ നിലപാട് പാകിസ്ഥാനിലും വുഹാനില്‍ അകപ്പെട്ട പാക് നിവാസികള്‍ക്കിടയിലും കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
സ്വന്തം നാട്ടുകാരെ രക്ഷിക്കാന്‍ ഇന്ത്യ എടുന്ന നടപടികള്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും മാതൃകയാക്കണമെന്ന ട്വീറ്റുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.






