
എണറാകുളം: ട്രെയിനില്‍ ശല്യം ചെയ്ത ആളില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ചുവെന്ന് വ്യാജ വിഡിയോ പ്രചരിപ്പിച്ച വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. കെട്ടിച്ചമച്ച സംഭവം വിവരിച്ച് കൊണ്ടുള്ള സെല്‍ഫി വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെ റെയില്‍വേ പോലീസിന്റെ സഹായത്തോടെ സെന്‍ട്രല്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് ഏവിയേഷന്‍ പഠിക്കുന്ന ചാലക്കുടി സ്വദേശി അലന് തോമസ്(20) ആണ് പിടിയിലായത്.
എണറാകുളം നോര്‍ത്ത്- സൗത്ത് റെയില്‍വെ സ്റ്റേഷനുകള്‍ക്ക് ഇടയില്‍ വച്ച് ട്രെയിനില്‍ അപമാനിച്ച മധ്യവയസ്കനെ കൈകാര്യം ചെയ്ത തന്നെ പോലീസ് കേസില്‍ കുടുക്കുമെന്നായിരുന്നു ഇയാളുടെ വിഡിയോ സന്ദേശം. പെണ്‍കുട്ടിയെ ശല്യം ചെയ്ത മധ്യ വയസ്കന്റെ മൂക്ക് ഞാന്‍ ഇടിച്ചു തകര്‍ത്തു. സിഗ്നല്‍ കിട്ടാന്‍ തീവണ്ടി നിര്‍ത്തിയിട്ടതിനാല്‍ പെണ്‍കുട്ടി പേടിച്ച് ഇറങ്ങിപ്പോയി.
മധ്യവയസ്കനെ റെയില്‍വേ പോലീസില്‍ ഏല്‍പ്പിച്ചപ്പോഴാണ് തനിക്കെതിരെ വധ ശ്രമത്തിന് കേസെടുക്കുമെന്ന് പറഞ്ഞത്. സത്യാവസ്ഥ തെളിയിക്കാന്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടിക്കെ കഴിയൂവെന്നും അതുകൊണ്ട് ആ പെണ്‍കുട്ടി അറിയുന്നതുവരെ ഈ വിഡിയോ ഷെയര്‍ ചെയ്യണമെന്നും ഇയാള്‍ വിഡിയോയില്‍ ആവശ്യപ്പെട്ടു.
ഇത് വൈറലാവുകയും പോലീസിന് വിമര്‍ശനം നേരിടേണ്ടി വരികയും ചെയ്തതിനെ തുടര്‍ന്നാണ് റെയില്‍വേ പോലീസിന്റെ സഹായത്തോടെ കേസ് അന്വേക്ഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ ട്രെയിനില്‍ അത്തരമൊരു സംഭവം നടന്നിട്ടേ ഇല്ലന്ന് കണ്ടെത്തി. വ്യാജ പ്രചരണം നടത്തിയതിനെ യുവാവിനെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. സമൂഹമാധ്യമങ്ങളില്‍ വൈറലാവാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. റെയില്‍വേ പോലീസ് ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തെങ്കിലും താക്കീത് നല്കി വിട്ടയച്ചു. .






