
മെല്‍ബണ്‍ : ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലിയാണോ അതോ ഒസീസ് താരം സ്റ്റീവ് സ്മിത്താണോ മികച്ച ബാറ്റ്സ്മാനെന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകളാണ് സമീപകാലത്ത് നടക്കുന്നത്. മുന്‍താരങ്ങള്‍ പലരും കോഹ്ലിയെ ഓര്ള്‍ ഫോര്‍മാറ്റ് ബാറ്റ്സ്മാന് എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ടെസ്റ്റില്‍ സ്മിത്തിന് പിന്നിലെയാണ് പലരും കോഹ്ലിയെ പ്രതിഷ്ട്ടിച്ചിരിക്കുന്നത്.
എന്നാല്‍ ഇവരില്‍ ആരാണ് കേമനെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറോട് ചോദിച്ചാല്‍ എന്തായിരിക്കും മറുപടി എന്ന് അറിഞ്ഞാലോ?. ഇരുവരെയും താരതമ്യം ചെയ്യുന്നതില്‍ തനിക്ക് താല്പര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്തിനാണ് വെറുതെ താരതമ്യത്തിന് ശ്രമിക്കുന്നത്. അതെല്ലാം മാറ്റിവെച്ച് ഇരുവരും നടത്തുന്ന പ്രകടനം ആസ്വദിക്കുകയാണ് വേണ്ടത്. ഇരുവരും ക്രിക്കറ്റ് ലോകത്തെ മികച്ച പ്രകടനങ്ങള്‍ കൊണ്ട് രസിപ്പിക്കുകയാണ് ചെയ്യുന്നത്. അത് കാണുന്നതാണ് സന്തോഷം. സച്ചിന് വ്യക്തമാക്കി.
ഒരു താരത്തെ മറ്റൊരു താരവുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. ആളുകള്‍ എന്നെയും പലരുമായി ഇത്തരത്തില്‍ താരതമ്യം ചെയ്യ്തിട്ടുണ്ട്. ഞങ്ങളെ വെറുതെ വീടൂ എന്നാണ് അന്ന് അവരോടെല്ലാം മറുപടി പറഞ്ഞത്. സച്ചിന് കൂട്ടിച്ചേര്‍ത്തു.
കളിക്കുന്ന കാലത്ത് ബ്രയാന്‍ ലാറ, റിക്കി പോണ്ടിങ് എന്നിവരുമായും എന്തിന് പറയുന്നു സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനുമായും സുനില്‍ ഗവാസ്ക്കറുമെല്ലാം ആളുകള്‍ സച്ചിനെ താരതമ്യം ചെയ്യുന്നത് പതിവായിരുന്നു.






