ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്ക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് രാജ്യവ്യാപക പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നുവെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. രാജ്യവ്യാപകമായി 5000 പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. വീടുകയറിയുള്ള പ്രചാരണത്തിന് പുറമെയാണിത്.
ഒരു രേഖയും കാണിക്കില്ല എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന പ്രചരണ പരിപാടിയുടെ ഭാഗമായി വീടുകള്‍ തോറും കയറിയിറങ്ങി സെന്‍സസ് പോലെയുള്ള സര്‍ക്കാര്‍ നടപടികളുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെടും. ദേശീയ പൗരത്വ രജിസ്റ്ററിന് മുന്നോടിയായുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് പോപ്പുലര്‍ ഫ്രണ്ട് ജനങ്ങള്‍ക്കിടയില്‍ പ്രചരണം നടത്തുന്നത്.
ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ മുസ്ലീം സംഘടനകള്‍ ഇതുവരെ 2300ലധികം സമരങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണക്ക്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ നടന്നിട്ടുള്ളത്, 487 പ്രതിഷേധ പരിപാടികള്‍. പശ്ചിമ ബംഗാളില്‍ 221, യു.പി 202, തമിഴ്നാട് 221, മഹാരാഷ്ട്ര 201, ആന്ധ്രാപ്രദേശ് 118, തെലങ്കാന 105, കര്‍ണാടക 100, രാജസ്ഥാന് 87, ഡല്‍ഹി 77, മധ്യപ്രദേശ് 71, ഗുജറാത്ത് 48, ബീഹാര്‍ 45 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പ്രതിഷേധ പരിപാടികള്‍ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണക്ക്.






