
പൃഥ്വിരാജ് ഇന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാളാവുമെന്ന് മോഹന്‍ലാല്‍. ലൂസിഫര്‍ രണ്ടാം ഭാഗം എമ്പുരാന് ഈ വര്‍ഷം അവസാനം ആരംഭിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. മികച്ച നടനുള്ള വനിത ഫിലിം അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ അഭിനയത്തിനായിരുന്നു മോഹന്‍ലാലിന് പുരസ്കാരം ലഭിച്ചത്.
ഒരുപാട് പ്രത്യേകതകളുള്ള ചിത്രമായിരുന്നു പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കേരളത്തില്‍ മാത്രമല്ല, കേരളത്തിന് പുറത്തും ഇന്ത്യയ്ക്കു പുറത്തുമെല്ലാം ശ്രദ്ധിക്കപ്പെടുന്ന ചിത്രമായി ലൂസിഫര്‍ മാറി. വളരെ അപൂര്‍വമായി സംഭവിക്കുന്ന കാര്യമാണ് അത്. അത്തരത്തിലുള്ള സിനിമകള്‍ എടുക്കാനാണ് എല്ലാവരും പ്രയത്നിക്കുന്നത്. അതില്‍ ചിലത് മാത്രം വിജയിക്കും. അതിന്റെ രഹസ്യം പലര്‍ക്കും അറിയില്ല. ആ രഹസ്യമറിയാവുന്ന ചിലര്‍ ഒത്തുചേര്‍ന്നപ്പോള്‍ ലൂസിഫര്‍ വലിയ വിജയമായി മാറിയെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ആന്റണി പെരുമ്പാവൂര്‍, മുരളി ഗോപി, പൃഥ്വിരാജ് എന്നിവര്‍ക്കൊപ്പം ഞങ്ങളും സിനിമയുടെ ഭാഗമായി, വിവേക്, മഞ്ജു, ഷാജോണ്‍ ഇവരൊന്നും ഇല്ലാതിരുന്നെങ്കില്‍ ഈ സിനിമ ഇത്രയും വിജയമായി മാറുമെന്ന് എനിക്ക് തോന്നുന്നില്ല. കഥാപാത്രങ്ങള്‍ക്ക് അത്രത്തോളം പ്രാധാനം കൊടുക്കുന്ന ആളുകളെയാണ് പൃഥ്വി തെരഞ്ഞെടുത്തത്. വൈകാതെ തന്നെ പൃഥ്വിരാജ് ഇന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറുമെന്നും അത് തന്റെ ഹൃദയത്തില്‍ നിന്ന് പറയുകയാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.






