പുതുച്ചേരി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനുള്ള പുതുച്ചേരി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി. സര്‍ക്കാര്‍ തീരുമാനത്തിരെതിരെ മുഖ്യമന്ത്രി വി. നാരായണ സ്വാമിക്ക് കിരണ്‍ ബേദി കത്തെഴുതി. പൗരത്വ നിയമം സംസ്ഥാന നിയമസഭയില്‍ ചോദ്യം ചെയ്യാനോ ചര്‍ച്ച ചെയ്യാനോ കഴിയില്ലെന്ന് കിരണ്‍ ബേദിയുടെ കത്തില്‍ പറയുന്നു.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്നാലെ ഒരു സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്ത് വരുന്ന ഗവര്‍ണറാണ് കിരണ്‍ ബേദി. ഫെബ്രുവരി 12ന് നിയമസഭ സമ്മേളിക്കുമ്പോള്‍ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാനാണ് പുതുച്ചേരി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പൗരത്വ നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരാനോ അതിനെ ചോദ്യം ചെയ്യാനോ ചര്‍ച്ച ചെയ്യാനോ നിയമസഭകള്‍ക്ക് അധികാരമില്ലെന്ന് കിരണ്‍ ബേദി തന്റെ കത്തില്‍ പറയുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ ചര്‍ച്ച ഭരണഘടനാ ലംഘനമാണെന്നും പാര്‍ലമെന്റിന്റെ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും ഈ നീക്കത്തിനെതിരെ നടപടി എടുക്കാന്‍ മൂന്ന് എം.എല്‍.എമാര്‍ തനിക്ക് കത്തെഴുതിയിട്ടുണ്ടെന്നും കിരണ്‍ ബേദി വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതി ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ട് പ്രമേയം പാസാക്കുന്നത് നിയമപരമല്ലെന്നും കിരണ്‍ ബേദി പറഞ്ഞു.






