
തിരുവനന്തപുരം : എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനത്തില്‍ ഇടപെടാനും അന്യായമായി സൃഷ്ടിച്ച അധ്യാപക തസ്തികകള്‍ റദ്ദാക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എയ്ഡഡ് സ്കൂള്‍ മാനേജുമെന്റുകള്‍ രംഗത്ത്. അധ്യാപക നിയമന രീതിയില്‍ മാറ്റം വരുത്തി ഉത്തരവിറക്കിയാല്‍ കോടതിയെ സമീപിക്കുമെന്നും മാനേജുമെന്റ് പ്രതിനിധികള്‍ പ്രതികരിച്ചു.
എയ്ഡഡ് സ്കൂളുകളില്‍ അന്യായമായി സൃഷ്ടിച്ച അധ്യാപക തസ്തികകള്‍ റദ്ദാക്കുമെന്ന് പിറണായി സര്‍ക്കാരിന്റെ അവസാന ബജറ്റിലാണ് നിര്‍ദ്ദേശമുണ്ടായത്. പരിശോധയോ സര്‍ക്കാരിന്റെ അറിവോ ഇല്ലാതെ 18,119 തസ്തികകള്‍ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും 13,255 പേര് പ്രൊട്ടക്ടഡ് അധ്യാപകരായി തുടരുന്നുണ്ടെന്നും ബജറ്റില്‍ വ്യക്തമാക്കിയിരുന്നു.
ഇതുവരെയും നടത്തിയ നിയമനങ്ങള്‍ പുനഃപരിശോധിക്കില്ലെങ്കിലും ഇനിയുള്ള നിയമനങ്ങള്‍ സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിര്‍ദ്ദേശത്തിന് പിന്നാലെയാണ് വിവിധ എയ്ഡഡ് മാനേജ്മെന്റുകള്‍ രംഗത്തെത്തിയത്.
സ്കൂളുകള്‍ വാടകയ്ക്ക് എടുക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപക്വമാണെന്ന് കുറ്റപ്പെടുത്തിയ മാനേജുമെന്റ് പ്രതിനിധികള്‍ വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.






